കറാച്ചി: സൂപ്പര്‍ താരങ്ങളായ എംഎസ് ധോണിയുടെയും യുവരാജ് സിങിന്റെയും വരവ് ഇന്ത്യന്‍ ക്രിക്കറ്റിനെ അടിമുടി മാറ്റിയതായി പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ ഷുഐബ് അക്തര്‍. ഇരുവരും മാച്ച് വിന്നര്‍മാരായിരുന്നുവെന്നും വിരാട് കോലി നയിക്കുന്ന ഇപ്പോഴത്തെ ടീമിന് ഐസിസി ടൂര്‍ണമെന്റുകള്‍ ജയിക്കാന്‍ ആവശ്യം ഇവരെപ്പോലെ രണ്ടു പേരെയാണെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് അഭിപ്രായപ്പെട്ടു.

റാങ്കിങില്‍ തലപ്പത്ത് നില്‍ക്കുന്നതും ടൂര്‍ണമെന്റുകള്‍ ജയിക്കുന്നതും രണ്ടാണ്. ഇന്ത്യ നിലവില്‍ ടെസ്റ്റിലെ നമ്പര്‍ വണ്‍ ടീമാണ്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലും അവര്‍ ഏറെക്കുറെ മുന്നില്‍ തന്നെയുണ്ട്. പക്ഷെ ഇതു കൊണ്ടു ഐസിസി ടൂര്‍ണമെന്റുകള്‍ ജയിക്കുമെന്ന് ഇന്ത്യക്കു കരുതാനാവില്ലെന്നു അക്തര്‍ പറയുന്നു.
ബാറ്റിങില്‍ ആദ്യത്തെ നാലു പേരും സ്‌കോര്‍ ചെയ്താല്‍ മിക്ക മല്‍സരങ്ങളിലും ഇന്ത്യ ജയിക്കാറുണ്ട്. എന്നാല്‍ ടോപ്പ് ഫോര്‍ ക്ലിക്കായില്ലെങ്കില്‍ ടീം തോല്‍ക്കുന്നുവെന്നത് ഇന്ത്യക്കു പ്രശ്‌നങ്ങളുണ്ടെന്നത് തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. യുവരാജ് സിങ്, എംഎസ് ധോണി എന്നിവരെപ്പോലുള്ള മാച്ച് വിന്നര്‍മാരെ മധ്യനിരയില്‍ ഇന്ത്യക്കു ആവശ്യമുണ്ടെന്നും അക്തര്‍ വിശദമാക്കി.
1998ല്‍ ഇന്ത്യയില്‍ പര്യടനം നടത്താനെത്തിയപ്പോള്‍ മുന്‍നിരയെ തകര്‍ത്താല്‍ അവരുടെ കഥ കഴിക്കാമെന്നായിരുന്നു ഞങ്ങളുടെ കണക്കുകൂട്ടല്‍. യുവരാജും ധോണിയും വരുന്നതിനു മുമ്പ് ഇന്ത്യക്കു അത്രയും മികച്ച മാച്ച് വിന്നര്‍മാര്‍ ഇല്ലായിരുന്നു. എന്നാല്‍ ഇരുവരും ടീമിലെത്തിയതോടെ അതിന്റെ ഫലങ്ങള്‍ കാണാന്‍ തുടങ്ങുകയും ചെയ്തു. ഇപ്പോള്‍ ഇന്ത്യയുടെ പോരായ്മ ഫിനിഷര്‍മാര്‍ ഇല്ലെന്നതാണെന്നും പാക് എക്‌സ്പ്രസ് വിലയിരുത്തി.

ഇന്ത്യ 2007ലെ ടി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും സ്വന്തമാക്കിയപ്പോള്‍ യുവരാജിന്റെയും ധോണിയുടെയം പ്രകടനം നിര്‍ണായകമായിരുന്നു. ഗൗതം ഗംഭീര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സഹീര്‍ ഖാന്‍, വീരേന്ദര്‍ സെവാഗ് എന്നിവരും ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായക റോള്‍ വഹിച്ചവരാണ്. 2011ലെ ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കൂടിയായിരുന്നു യുവരാജ്. കഴിഞ്ഞ വര്‍ഷം യുവി ക്രിക്കറ്റില്‍ നിന്നും വിരമിച്ചപ്പോള്‍ ധോണി ഇപ്പോള്‍ ദേശീയ ടീമിനു പുറത്താണ്.