ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് സുവര്‍ണ ലിപികളാല്‍ കുറിക്കപ്പെട്ട വര്‍ഷങ്ങളിലൊന്നായിരുന്നു 2011. കപില്‍ ദേവിന്റെ 'ചെകുത്താന്‍മാര്‍' 1983ല്‍ ലോക കിരീടത്തില്‍ മുത്തമിട്ട ശേഷം വീണ്ടുമൊരു ട്രോഫിക്കായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിച്ചത് 2011ലായിരുന്നു. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായിട്ടായിരുന്നു അന്നു ടൂര്‍ണമെന്റിനു ആതിഥേയത്വം വഹിച്ചത്. ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരുന്നു കലാശപ്പോര്. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ലങ്കയെ തകര്‍ത്ത് വിശ്വകിരീടത്തിനായുള്ള കാത്തിരിപ്പ് ഇന്ത്യ അവസാനിപ്പിക്കുകയായിരുന്നു.
പരിചയസമ്പത്തും യുവത്വവും ഒത്തുചേര്‍ന്ന വളരെ സന്തുലിതമായ ടീമായിരുന്നു 2011ലെ ലോകകപ്പില്‍ ഇന്ത്യയുടേത്. ടീമിനെ ചാംപ്യന്‍മാരാക്കിയതും ഇതു തന്നെയായിരുന്നു. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ് എന്നിവരുള്‍പ്പെടുന്ന ഇതിഹാസങ്ങള്‍ക്കൊപ്പം യുവതാരങ്ങളായ വിരാട് കോലി, സുരേഷ് റെയ്‌ന, ആര്‍ അശ്വിന്‍ എന്നിവരും ഇന്ത്യക്കൊപ്പം ലോകകപ്പ് നേട്ടത്തില്‍ പങ്കാളികളായി.

പക്ഷെ അന്നു ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിട്ടും കരിയറില്‍ വേണ്ടത്ര ഉയരങ്ങളിലെത്താതെ പോയ ചില ഇന്ത്യന്‍ താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം. ഫാസ്റ്റ് ബൗളര്‍ മുനാഫ് പട്ടേലാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താവുന്ന ആദ്യത്തെ ഇന്ത്യന്‍ താരം.
2011ല്‍ ഇന്ത്യയെ ജേതാക്കളാക്കുന്നതില്‍ ഗുജറാത്തില്‍ നിന്നുള്ള പേസര്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. അന്നു എട്ടു മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകളാണ് മുനാഫ് വീഴ്ത്തിയത്. ചിരവൈരികളായ പാകിസ്താനെതിരായ സെമി ഫൈനലിലെ രണ്ടു വിക്കറ്റുകളും ഇതിലുള്‍പ്പെടും.
അന്നു ടൂര്‍ണമെന്റില്‍ കളിക്കുമ്പോള്‍ 28 വയസ്സായിരുന്നു മുനാഫിന്റെ പ്രായം. കരിയറിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ അദ്ദേഹം കളിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. പക്ഷെ ലോകകപ്പിനു പിന്നാലെ പരിക്കുകള്‍ മുനാഫിനെ തളര്‍ത്തി. പരിക്കിനൊപ്പം മോശം ഫോമും പിടികൂടിയതോടെ അദ്ദേഹത്തിന്റെ കരിയര്‍ പ്രതിസന്ധിയിലാവുകയും ചെയ്തു.
ലോകകപ്പ് വിജയത്തിനു ശേഷം 2011ല്‍ പിന്നീട് രണ്ടു ഏകദിന പരമ്പരകളില്‍ മാത്രമേ മുനാഫിനു കളിക്കാനായുള്ളൂ. അധികം വൈകാതെ ടീമിനു പുറത്തായ അദ്ദേഹത്തിനു പിന്നീടൊരു തിരിച്ചുവരവ് നടത്താനുമായില്ല.
വമ്പനടിക്കാരനായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ യൂസുഫ് പഠാനാണ് 2011ലെ ലോകകപ്പ് നേടിയിട്ടും കരിയര്‍ എങ്ങുമെത്താതെ പോയ മറ്റൊരു താരം. സുരേഷ് റെയ്‌നയെ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റിനിര്‍ത്തിയായിരുന്നു അന്നു യൂസുഫിനെ ഇന്ത്യ കളിപ്പിച്ചത്. പക്ഷെ ടീം മാനേജ്‌മെന്റ് തന്നിലര്‍പ്പിച്ച വിശ്വാസം കാക്കാന്‍ അദ്ദേഹത്തിനായില്ല.
ആറു ഇന്നിങ്‌സുകളില്‍ നിന്നും വെറും 74 റണ്‍സ് മാത്രമേ യൂസുഫിനു സ്‌കോര്‍ ചെയ്യാനായുള്ളൂ. തുടര്‍ന്നു ഇലവനില്‍ നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്തി റെയ്‌നയെ ഇന്ത്യ കളിപ്പിക്കുകയും ചെയ്തു. ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍ എന്നിവയില്‍ മികച്ച പ്രകടനം നടത്താനും റെയ്‌നയ്ക്കു സാധിച്ചു.
2011ല്‍ വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പര, 2012ലെ ഏഷ്യാ കപ്പ് എന്നിവയില്‍ യൂസുഫ് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ഇവയിലൊന്നും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ അദ്ദേഹത്തിനായില്ല. 2012ലെ ഏഷ്യാ കപ്പിനു ശേഷം പിന്നീടൊരു പരമ്പരയിലേക്കും യൂസുഫ് പരിഗണിക്കപ്പെട്ടില്ല. ഐപിഎല്ലില്‍ മിന്നുന്ന പ്രകടനങ്ങള്‍ നടത്തിയെങ്കിലും അദ്ദേഹം ഇന്ത്യന്‍ ടീമിലേക്കു പിന്നീടൊരിക്കലും അദ്ദേഹം തിരിച്ചുവിളിക്കപ്പെട്ടില്ല.

സ്പിന്നര്‍ പിയൂഷ് ചൗളയാണ് 2011ലെ ലോകകപ്പ് വിജയത്തില്‍ പങ്കാളിയായിട്ടും കരിയറില്‍ പരാജയപ്പെട്ട മൂന്നാമത്തെ ഇന്ത്യന്‍ താരം. ചൗളയുടെ കരിയറെടുക്കുകയാണെങ്കില്‍ അതു അല്‍പ്പം ദുരൂഹമായി നമുക്കു തോന്നിയേക്കാം. കാര്യമായ അനുഭവസമ്പത്തിലാതെയാണ് അദ്ദേഹം 2011ലെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കു വിളിക്കപ്പെട്ടത്.
ലോകകപ്പില്‍ മൂന്നു മല്‍സരങ്ങളിലാണ് ചൗളയ്ക്കു പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചത്. ഇവയില്‍ നിന്നും നാലു വിക്കറ്റുകളെടുക്കുകയും ചെയ്തു. ഇംഗ്ലണ്ടുമായുള്ള മല്‍സരത്തിലെ രണ്ടു വിക്കറ്റുകളും ഇതിലുള്‍പ്പെടും. പക്ഷെ ലോകകപ്പിനു ശേഷമുള്ള തൊട്ടടുത്ത പരമ്പരയില്‍ ചൗള ഇന്ത്യന്‍ ടീമില്‍ നിന്നും തഴയപ്പെട്ടു.
ഐപിഎല്ലില്‍ നന്നായി പെര്‍ഫോം ചെയ്തിട്ടും, ആ സമയത്തു അധികം ലെഗ് സ്പിന്നര്‍മാര്‍ ഇല്ലാതിരുന്നിട്ടും ചൗളയ്ക്കു ഇന്ത്യന്‍ ടീമില്‍ കാര്യമായി അവസരങ്ങള്‍ പിന്നീട് ലഭിച്ചില്ല. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമെല്ലാം പിന്നീട് ടീമില്‍ സ്ഥാനമുറപ്പിച്ചതോടെ ചൗളയുടെ വഴി പൂര്‍ണമായി അടയുകയും ചെയ്തു.