
റണ്ണറപ്പ് കൊണ്ടും അപാരമായ വേഗത കൊണ്ടും ബാറ്റര്‍മാരെ അക്തര്‍ ഭയപ്പെടുത്തിരുന്നുവെന്നു തന്നെ പറയാം. പലര്‍ക്കും അദ്ദേഹത്തിനെതിരേ കളിക്കവെ ദേഹത്തു ബോള്‍ തട്ടി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സാക്ഷാല്‍ സച്ചിനും ഇത്തരത്തില്‍ ഒരിക്കല്‍ പരിക്കേറ്റിരുന്നു. ഈ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് അക്തര്‍. സച്ചിന്‍ തന്നെയാണ് ഒരിക്കല്‍ ഇതേക്കുറിച്ചു തന്നോടു പറഞ്ഞതെന്നും പാക് ഇതിഹാസം വ്യക്തമാക്കി.

2007ലെ പാകിസ്താന്റെ ഇന്ത്യന്‍ പര്യടനത്തിനിടെയുണ്ടായ സംഭവത്തെക്കുറിച്ചാണ് ഷുഐബ് അക്തര്‍ തുറന്നു പറഞ്ഞിരിക്കുന്നത്. അന്നു ഏഴു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തിരുന്നു. ഈ പരമ്പരയ്ക്കിടെ അക്തറിന്റെ ഒരു ബോള്‍ തട്ടി സച്ചിന്റെ വാരിയെല്ലിനു പരിക്കു പറ്റിയിരുന്നു. അന്നു ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടിയതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുതപത്രിയില്‍ പ്രവേശിപ്പിക്കുക പോലും ചെയ്തിരുന്നു. ഒരിക്കല്‍ സച്ചിനാണ് അതുവരെ രഹസ്യമാക്കി വച്ച സംഭവത്തെക്കുറിച്ച് തന്നോടു നേരിട്ടു പറഞ്ഞതെന്നും അക്തര്‍ വ്യക്തമാക്കി.

പഴയ കഥകള്‍ പങ്കുവയ്ക്കുന്നത് എല്ലായ്‌പ്പോഴും നല്ല അനുഭവമാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കൊപ്പമുള്ള ഒരു സംഭവം ഞാന്‍ ഓര്‍ക്കുകയാണ്. സച്ചിന്‍ വളരെ നല്ലൊരു കുക്കാണ്. നിങ്ങള്‍ക്കു ഭക്ഷണമുണ്ടാക്കി നല്‍കാന്‍ ആഗ്രഹമുണ്ടെന്നും വീട്ടിലേക്കു വരണമെന്നും സച്ചിന്‍ ഒരിക്കല്‍ എന്നോടു പറഞ്ഞു. അങ്ങനെ ഞാന്‍ സച്ചിന്റെ ക്ഷണം സ്വീകരിച്ചു വീട്ടില്‍ പോവുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തു. പല കാര്യങ്ങളും ഞങ്ങള്‍ പരസ്പരം സംസാരിച്ചു. ഇതിനിടെയാണ് പഴയൊരു സംഭവത്തെക്കുറിച്ച് അദ്ദേഹം തന്നോടു വെളിപ്പെടുത്തിയതെന്നു അക്തര്‍ പറയുന്നു.

ഗുവാഹത്തിയില്‍ നടന്ന ഇന്ത്യ- പാകിസ്താന്‍ മല്‍സരത്തിനിടെ നിങ്ങളുടെ ഒരു ബോള്‍ തട്ടി എന്റെ വാരിയെല്ലു തന്നെ തകര്‍ന്നുപോയി. പക്ഷെ ഞാന്‍ ഇതേക്കുറിച്ച് ആരോടും പറഞ്ഞില്ല. നിങ്ങള്‍ ഇളകരുതെന്നും ഇങ്ങനെ തുടരൂയെന്നും സൗരവ് (ഗാംഗുലി) പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ എനിക്കു ആരോടും ഒന്നും പറയാനായില്ല, കാരണം എനിക്കു ശ്വാസം പോലും കിട്ടിയിരുന്നില്ല. ഇതു നടന്ന ദിവസം രാത്രിയില്‍ താന്‍ ആശുപത്രിയിലായിരുന്നുവെന്നും സച്ചിന്‍ തന്നോടു വെളിപ്പെടുത്തിയതായി ഷുഐബ് അക്തര്‍ പറഞ്ഞു.

നിങ്ങള്‍ എന്തുകൊണ്ടായിരുന്നു ഇതേക്കുറിച്ച് തന്നോടു പറയാതിരുന്നതെന്നു ഞാന്‍ സച്ചിനോടു ചോദിച്ചു. ഞാന്‍ ഇക്കാര്യം നിങ്ങളോടു അന്നു പറഞ്ഞിരുന്നെങ്കില്‍ പിന്നീട് അതുപോലെയുള്ള മാരകമായ ബോള്‍ നിങ്ങളില്‍ നിന്നു നേരിടാന്‍ സാധിക്കില്ലായിരുന്നുവെന്നായിരുന്നു സച്ചിന്റെ മറുപടിയെന്നു അക്കതര്‍ ചിരിയോടെ പറഞ്ഞു.
കരിയറില്‍ പല തവണ പരിക്ക് തിരിച്ചടിയായിട്ടുള്ള താരമാണ് സച്ചിന്‍. ദൈര്‍ഘ്യമേറിയ സ്വപ്‌നതുല്യമായ കരിയറില്‍ ഇടയ്ക്കു പരിക്ക് വില്ലനായപ്പോഴെല്ലാം അദ്ദേഹം അതിനെയെല്ലാം അതിജീവിച്ച് കൂടുതല്‍ കരുത്തോടെ മല്‍സരരംഗത്തേക്കു തിരിച്ചെത്തുകയായിരുന്നു.

ഷുഐബ് അക്തറുടെ ബോള്‍ തട്ടി വാരിയെല്ലിനു പരിക്കേറ്റതിനെ കുറിച്ച് കഴിഞ്ഞ വര്‍ഷം അണ്‍അക്കാദമിയുടെ ഒരു സെഷനിടെ സച്ചിന്‍ ടെണ്ടുല്‍ക്കല്‍ തുറന്നു പറഞ്ഞിരുന്നു. 2007ലായിരുന്നു അക്തറിനെതിരേ കളിക്കവെ ബോള്‍ വാരിയെല്ലില്‍ ശക്തായി പതിച്ചത്. മല്‍സരത്തിലെ ആദ്യത്തെ ഓവറില്‍ തന്നെയായിരുന്നു ഇത്. കടുത്ത വേദനയായിരുന്നു അപ്പോള്‍ അനുഭവപ്പെട്ടത്. ഈ വേദന രണ്ടു മാസത്തോളം നീണ്ടുനില്‍ക്കുകയും ചെയ്തു. ഇതു കാരണം എനിക്കു ചുമയ്ക്കാനോ കമഴ്ന്നു കിടന്ന് ഉറങ്ങാനോ പോലും സാധിച്ചില്ല. പക്ഷെ ഞാന്‍ കളി തുടര്‍ന്നു. ഇത്തരം പരിക്കുകള്‍ തടയാന്‍ സ്വന്തമായൊരു ചെസ്റ്റ് ഗാര്‍ഡും ഞാന്‍ രൂപകല്‍പ്പന ചെയ്തു. പാകിസ്താനെതിരായ ഈ പരമ്പരയിലെ ശേഷിച്ച ഏകദിനങ്ങളിലും ടെസ്റ്റ് പരമ്പരയിലുമെല്ലാം കളിക്കുകയും ചെയ്തിരുന്നുവെന്നും സച്ചിന്‍ വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications











