പൃഥ്വി വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്... ന്യൂസിലാന്‍ഡിലേക്കു പറക്കും, ആരുടെ സ്ഥാനം തെറിക്കും?
ദില്ലി: എട്ടു മാസത്തെ വിലക്കിനു ശേഷംക്രിക്കറ്റിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ പൃഥ്വി ഷാ. നിരോധിത മരുന്നിന്റെ അംശം ശരീരത്തില്‍ നിന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു താരത്തിനു എട്ടു മാസം കളിക്കളത്തില്‍ നിന്നു വിട്ടുനില്‍ക്കേണ്ടി വന്നത്. സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്ക്കു വേണ്ടി കളിച്ച് പൃഥ്വി ക്രിക്കറ്റിലേക്കു മടങ്ങിവരികയായിരുന്നു. മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ താരം തിങ്കളാഴ്ച ആരംഭിച്ച രഞ്ജി ട്രോഫിയിലും ഫിഫ്റ്റിയുമായി തുടങ്ങിയിരുന്നു.
ഇതോടെ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുകയാണ് മുന്‍ അണ്ടര്‍ 19 ക്യാപ്റ്റന്‍ കൂടിയായ പൃഥ്വി. അടുത്ത വര്‍ഷത്തെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ താരം കളിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

മൂന്നാം ഓപ്പണറായേക്കും
2020ല്‍ ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡില്‍ ടി20, ഏകദിനം, ടെസ്റ്റ് പരമ്പരകള്‍ കളിക്കുന്നുണ്ട്. ടെസ്റ്റ് പരമ്പരയില്‍ മൂന്നാം ഓപ്പണറായി പൃഥ്വി പരിഗണിക്കുന്നതായാണ് വിവരം. നിലവില്‍ രോഹിത് ശര്‍മയും മായങ്ക് അഗര്‍വാളുമാണ് ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ടെസ്റ്റ് ഓപ്പണര്‍മാര്‍. പരിക്കേറ്റ പൃഥ്വിയുടെ പകരക്കാരനായി ടീമിലെത്തിയ മായങ്ക് മിന്നുന്ന പ്രകടനത്തിലൂടെ ഈ സ്ഥാനം ഭദ്രമാക്കുകയായിരുന്നു.
ന്യൂസിലാന്‍ഡില്‍ അഞ്ച് ടി20കളും മൂന്ന് ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുക. രണ്ടു ടെസ്റ്റുകളും ഫെബ്രുവരിയിലാണ്.

ഇന്ത്യ എയ്ക്കു വേണ്ടി കളിക്കും
ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ എ ടീമിനൊപ്പം പൃഥ്വിയുണ്ടാവുമെന്നാണ് സൂചനകള്‍. സീനിയര്‍ ടീമിന്റെ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പായിരിക്കും എ ടീം ന്യൂസിലാന്‍ഡ് എയ്‌ക്കെതിരേ രണ്ടു ചതുര്‍ദിന മല്‍സരങ്ങള്‍ കളിക്കുക. ഇവയില്‍ ഓപ്പണ്‍ ചെയ്യാന്‍ പൃഥ്വിയ്ക്കു അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ഈ ചതുര്‍ദിന മല്‍സരങ്ങളില്‍ തിളങ്ങിയാന്‍ സീനിയര്‍ ടീമിനു വേണ്ടിയും തനിക്കു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് താരം.
നിലവില്‍ സീനിയര്‍ ടീമിന്റെ ഭാഗമായ ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ, മായങ്ക് എന്നിവരും ഇന്ത്യ എയ്ക്കു വേണ്ടി രണ്ടാം ചതുര്‍ദിന മല്‍സരത്തില്‍ കളിച്ചേക്കുമെന്നാണ് വിവരം. ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിനു വേണ്ടിയാണിത്.

ഭാവി സൂപ്പര്‍ താരം, ക്യാപ്റ്റന്‍
ഇന്ത്യയുടെ ഭാവി സൂപ്പര്‍ താരമെന്നും ക്യാപ്റ്റനെന്നും വിശേഷിപ്പിക്കപ്പെടുന്ന താരമാണ് പൃഥ്വി. 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലൂടെ താരം സീനിയര്‍ ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു. സെഞ്ച്വറിയുമായാണ് കന്നി ടെസ്റ്റില്‍ പൃഥ്വി വരവറിയിച്ചത്. തുടര്‍ന്നു ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിലും പൃഥ്വി ഉള്‍പ്പെട്ടിരുന്നെങ്കിലും പരിക്കു കാരണം നാട്ടിലേക്കു മടങ്ങേണ്ടി വരികയായിരുന്നു. അതിനു ശേഷം താരം ഇന്ത്യക്കായി കളിച്ചിട്ടില്ല.
ടെസ്റ്റില്‍ തന്റെ ലോക റെക്കോര്‍ഡായ 400 റണ്‍സ് തിരുത്താന്‍ ശേഷിയുള്ള രണ്ടു ഇന്ത്യന്‍ താരങ്ങളിലൊരാളായി വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ പൃഥ്വിയുടെ പേരും ചൂണ്ടിക്കാട്ടിയിരുന്നു. രോഹിത് ശര്‍മയായിരുന്നു മറ്റൊരാള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications