ഏകദിനത്തില്‍ അഞ്ചാം ബൗളറായി ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യയെ ഇന്ത്യ കളിപ്പിക്കുന്നതിനെതിരേ മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഇംഗ്ലണ്ടിനെതിരേ ഇന്ത്യ പരാജയപ്പെട്ട രണ്ടാം ഏകദിനത്തില്‍ ക്രുനാലിനെ ഇന്ത്യ അഞ്ചാം ബൗളറായി പരീക്ഷിച്ചിരുന്നെങ്കിലും ഈ നീക്കം ദുരന്തമായി മാറിയിരുന്നു. ആറോവറില്‍ താരം വിട്ടുകൊടുത്തത് 72 റണ്‍സായിരുന്നു. ആറു സിക്‌സറുകളടക്കമായിരുന്നു ഇത്. 337 റണ്‍സിന്റെ വന്‍ വിജയലക്ഷ്യം ഇംഗ്ലണ്ട് അാനായാസം മറികടക്കുകയും ചെയ്തിരുന്നു. മല്‍സരശേഷമാണ് അഞ്ചാം ബൗളറായി ക്രുനാലിനെ ഉപയോഗിക്കുന്നത് ഇന്ത്യ അവസാനിപ്പിക്കണമെന്ന് ഗവാസ്‌കര്‍ ആവശ്യപ്പെട്ടത്.

ഇന്ത്യന്‍ ബൗളിങ് അല്‍പ്പം ദുര്‍ബലമായിരുന്നുവെന്ന് ഞാന്‍ പറയും. കാരണം ക്രുനാല്‍ പാണ്ഡ്യ നിങ്ങളുടെ അഞ്ചാം ബൗളറാവാന്‍ പാടില്ല. 10 ഓവറുകള്‍ ബൗള്‍ ചെയ്യുന്ന ബൗളറായി ക്രുനാലിനെ ഉപയോഗിക്കരുത്. ഇത്തരം പിച്ചുകളില്‍ 10 ഓവറുകള്‍ ബൗള്‍ ചെയ്യാന്‍ യുസ്വേന്ദ്ര ചഹലിനെപ്പോലൊരാളെയാണ് ഇന്ത്യക്കു വേണ്ടതെന്നും ഗവാസ്‌കര്‍ പറഞ്ഞു.
ക്രുനാലിനും സഹോദരന്‍ ഹാര്‍ദിക് പാണ്ഡ്യക്കും കൂടി വേണമെങ്കില്‍ 10 ഓവറുകള്‍ ബൗള്‍ ചെയ്യാം. പക്ഷെ ക്രുനാലിനെക്കൊണ്ട് തനിച്ച് 10 ഓവറുകള്‍ ബൗള്‍ ചെയ്യിക്കുന്നത് മണ്ടത്തരമാണ്. ഞായറാഴ്ച നടക്കാനിരിക്കുന്ന അവസാന മല്‍സരത്തില്‍ നന്നായി പെര്‍ഫോം ചെയ്യണമെങ്കില്‍ ഇന്ത്യക്കു നാല്, അഞ്ച്, ആറ് ബൗളര്‍മാരുടെ കാര്യത്തില്‍ ഒരുപാട് ചിന്തിക്കേണ്ടതുണ്ടെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

രണ്ടാം ഏകദിനത്തില്‍ റണ്‍ചേസിനിടെ ഇംഗ്ലീഷ് താരങ്ങളായ ജോണി ബെയര്‍സ്‌റ്റോ, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ക്കുമേല്‍ ഒരു സമ്മര്‍ദ്ദവുമുണ്ടാക്കാന്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു കഴിഞ്ഞില്ലെന്നു ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി. ഒട്ടും തന്നെ സമ്മര്‍ദ്ദമില്ലാതെയാണ് മധ്യ ഓവറുകളില്‍ സ്‌റ്റോക്‌സ്- ബെയര്‍സ്‌റ്റോ ജോടി സ്പിന്നര്‍മാര്‍ക്കെതിരേ കളിച്ചത്. യുസ്വേന്ദ്ര ചഹലിനെയോ, രവീന്ദ്ര ജഡേജയെയോ പോലുള്ള സ്പിന്നര്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാവുമായിരുന്നുവെന്നും ഗവാസ്‌കര്‍ വിലയിരുത്തി.
ക്രുനാലിനെ നിങ്ങള്‍ നിങ്ങള്‍ ഏഴാം നമ്പറിലാണ് ഇറക്കുന്നതെങ്കില്‍ ബാറ്റ് ചെയ്യാന്‍ കഴിയുന്ന ബൗളറായി അദ്ദേഹത്തെ കാണണം. അദ്ദേഹത്തിന് യോജിച്ച ബാറ്റിങ് പൊസിഷന്‍ ഇതു തന്നെയാണോ? ക്രുനാലിനെ അഞ്ച്, ആറ് ബാറ്റിങ് പൊസിഷനുകളില്‍ കളിപ്പിക്കുകയും നാല്- അഞ്ച് ഓവറുകള്‍ ബൗള്‍ ചെയ്യുകയുമാണെങ്കില്‍ കുഴപ്പമില്ല. പക്ഷെ ഇന്ത്യന്‍ ടീമിന് അഞ്ചു ബൗളര്‍മാരെ ആവശ്യമാണ്, മൂന്നോ, നാലോ ഓവറുകള്‍ ചെയ്യിക്കാന്‍ ആറാം ബൗളറായി ഹാര്‍ദിക് പാണ്ഡ്യയെ ഉപയോഗിക്കാം. ക്രുനാലിനെയും കുല്‍ദീപിനെയും ഇംഗ്ലീഷ് ബാറ്റിങ് നിര കൈകാര്യം ചെയ്തപ്പോള്‍ രണ്ടാം ഏകദിനത്തില്‍ 2-3 ഓവറുകളെങ്കിലും ഹാര്‍ദിക്കിനെക്കൊണ്ട് ഇന്ത്യക്കു ബൗള്‍ ചെയ്യിപ്പിക്കാവുന്നതായിരുന്നുവെന്നാണ് തനിക്കു തോന്നുന്നതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.