കടുത്ത വേദന സഹിച്ച് സച്ചിന്‍ അന്നു കളിച്ചു! ആരോടും ഒന്നും പറഞ്ഞില്ല- ഉത്തപ്പയുടെ വെളിപ്പെടുത്തല്‍
ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ആത്മസമര്‍പ്പണത്തെക്കുറിച്ചും ക്രിക്കറ്റിനോടും രാജ്യത്തിനോടുമുള്ള പാഷനെക്കുറിച്ചും വാചാലനാവുകയാണ് മുന്‍ വെടിക്കെട്ട് ഓപ്പണര്‍ റോബിന്‍ ഉത്തപ്പ. ശാരീരികമായ ബുദ്ധിമുട്ടുകള്‍ പോലും വകവയ്ക്കാതെ അദ്ദേഹം ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ടെന്നു ഉത്തപ്പ പറയുന്നു. 2008ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന സിബി സീരീസ് എകദിന പരമ്പരയാണ് ഇതിനു ഉദാഹരണമായി ഉത്തപ്പ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യ ചരിത്ര വിജയം കൊയ്ത പരമ്പരയില്‍ കടുത്ത വേദന സഹിച്ചായിരുന്നു സച്ചിന്‍ കളിച്ചതെന്നു അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യ ചരിത്ര വിജയം കൊയ്ത പരമ്പരയില്‍ ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിക്കാനും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ക്കായിരുന്നു. 10 മല്‍സരങ്ങളില്‍ നിന്നും 399 റണ്‍സ് സച്ചിന്‍ അടിച്ചെടുത്തിരുന്നു. പരമ്പരയില്‍ സച്ചിനൊപ്പം ഓപ്പണ്‍ ചെയ്തത് ഉത്തപ്പയായിരുന്നു.

സച്ചിന്‍ ഒന്നും പറഞ്ഞില്ല
നിങ്ങള്‍ക്കു ഇതു വിശ്വസിക്കാന്‍ സാധിക്കില്ല. കോമണ്‍വെല്‍ത്ത് ബാങ്ക് സീരീസില്‍ കടുത്ത വേദന സഹിച്ചായിരുന്നു പാജി (സച്ചിന്‍) ബാറ്റ് ചെയ്തത്. ശാരീരികമായി അദ്ദേഹം ഓക്കെയായിരുന്നില്ല. മാത്രമല്ല ഒരുപാട് വേദന സഹിച്ചായിരുന്നു സച്ചിന്‍ ബാറ്റ് വീശിയത്.
വേദനയെ തുടര്‍ന്നു ചിലപ്പോള്‍ അദ്ദേഹം പുളയുന്നതു പോലും ഞാന്‍ കണ്ടിരുന്നു. ഞങ്ങള്‍ ഓക്കെ ആണോയെന്നു ചോദിച്ചാല്‍ ഒരു കുഴപ്പവുമില്ലെന്നായിരിക്കും സച്ചിന്റെ മറുപടി. സ്വന്തം താല്‍പര്യങ്ങളേക്കാള്‍ ടീമിന്റെ താല്‍പ്പര്യങ്ങള്‍ക്കാണ് അദ്ദേഹം പ്രാധാന്യം നല്‍കിയിരുന്നതെന്നും ഉത്തപ്പ വിശദമാക്കി.

സച്ചിന്‍ പറഞ്ഞത് സത്യമായി
ഈ പരമ്പരയ്ക്കിടെ സച്ചിനുമായി ഒരുപാട് കാര്യങ്ങള്‍ ഞാന്‍ സംസാരിച്ചിരുന്നു. 32-34 പ്രായമെത്തുമ്പോള്‍ നിനക്ക് ഫിറ്റ്‌നസ് നിലനിര്‍ത്തുകയെന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കാരണം വെല്ലുവിളികള്‍ കൂടിക്കൊണ്ടിരിക്കുകയാണെന്നും പരിക്കുകളേല്‍ക്കാന്‍ സാധ്യത കൂടുതലാണെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി. എനിക്ക് അന്നു 21-22 മാത്രമായിരുന്നു പ്രായം.
ഇല്ല പാജി, അങ്ങനെയൊന്നും സംഭവിക്കില്ലെന്നായിരുന്നു സച്ചിന്റെ ഈ മുന്നറിയിപ്പിന് ഞാന്‍ നല്‍കിയ മറുപടി. അപ്പോള്‍ അദ്ദേഹം പറഞ്ഞത് റോബിന്‍, നിനക്ക് 35 വയസ്സായാല്‍ നമുക്ക് ഇക്കാര്യം വീണ്ടും സംസാരിക്കാമെന്നായിരുന്നു. അന്നു നീ എന്നോട് യോജിക്കുമോ, ഇല്ലയോ എന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ എനിക്കു 35 വയസ്സായിരിക്കുന്നു. സച്ചിന്‍ അന്നു പറഞ്ഞത് സത്യമായി വന്നിരിക്കുകയാണെന്നും ഉത്തപ്പ വ്യക്തമാക്കി.

2008ലെ സിബി സീരീസ്
ഇന്ത്യ, ഓസീസ്, ശ്രീലങ്ക എന്നിവരായിരുന്നു 2008ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന കോമണ്‍വെല്‍ത്ത് ബാങ്ക് ഏകദിന പരമ്പരയില്‍ കളിച്ചത്. കൂടുതല്‍ പോയിന്റ് നേടിയ ഇന്ത്യയും ഓസീസും ഫൈനലിലേക്കു മുന്നേറുകയായിരുന്നു. മൂന്നു ഫൈനലുകളാണുണ്ടായിരുന്നത്. ആദ്യത്തെ രണ്ടു ഫൈനലുകള്‍ ഒരു ടീം ജയിച്ചാല്‍ മൂന്നാമത്തേത് ഉപേക്ഷിക്കും. മൂന്നാമത്തെ ഫൈനലിലേക്കു നീട്ടാതെ ആദ്യത്തെ രണ്ടെണ്ണവും ജയിച്ച് എംഎസസ് ധോണി നയിച്ച ഇന്ത്യ കിരീടം കൈക്കലാക്കുകയായിരുന്നു.
രണ്ടു ഫൈനലുകളിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു സച്ചിന്‍ കാഴ്ചവച്ചത്. ആദ്യ ഫൈനലില്‍ 117 റണ്‍സുമായി ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ച അദ്ദേഹം രണ്ടാമത്തെ ഫൈനലില്‍ 91 റണ്‍സോടെയും തിളങ്ങി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications