ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ അച്ഛനും മുന്‍ ക്രിക്കറ്ററുമായ യോഗ്‌രാജ് സിങിനു കീഴില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ പരിശീലനം നടത്തിയത് ഒരു സമയത്തു വലിയ വാര്‍ത്തയായിരുന്നു. വിദഗ്ധ പരിശീലനത്തിനായി മുന്‍ ഉതിഹാസ ബാറ്ററായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെയാണ് മകനെ അദ്ദേഹത്തിനു അരികിലേക്കു അയച്ചത്.
പക്ഷെ അധികനാള്‍ യോഗ്‌രാജിന്റെ ശിക്ഷണത്തില്‍ അര്‍ജുന്‍ പരിശീലനം നടത്തിയില്ല. രണ്ടാഴ്‌യ്ക്കുള്ളില്‍ തന്നെ ഓള്‍റൗണ്ടര്‍ പരിശീലനം നിര്‍ത്തുകയായിരുന്നു. ഇപ്പോഴിതാ അര്‍ജുന്‍ എന്തുകൊണ്ട് പെട്ടെന്നു പരിശീലനം മതിയാക്കിയെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് യോഗ്‌രാജ്.

12 ദിവസം മാത്രം
2022ലായിരുന്നു യോഗ്‌രാജ് സിങിനു കീഴില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ പരിശീലനം നടത്തിയത്. പക്ഷെ ഇതു വെറും 12 ദിവസം കൊണ്ടു തന്നെ ഇതു അവസാനിപ്പിക്കുകയും ചെയ്തു. ചണ്ഡീഗഡില്‍ യോഗ്‌രാജ് ഒരു ക്രിക്കറ്റ് അക്കാദമി നടത്തുന്നുണ്ട്. ഇവിടെ എത്തിയായിരുന്നു അര്‍ജുന്റെ കഠിന പരിശീലനം.
വളരെ കര്‍ക്കശക്കാരന്‍ കൂടിയായ യോഗ്‌രാജിനു കീഴിലുള്ള പരിശീലനം താരത്തിന്റെ കരിയറിനും ഗുണം ചെയ്തിരുന്നു. രഞ്ജി ട്രോഫിയില്‍ ഗോവന്‍ ടീമിന്റെ കുപ്പായത്തില്‍ ആദ്യ മല്‍സരത്തില്‍ തന്നെ അര്‍ജുന്‍ സെഞ്ച്വറിയുമായി റെക്കോഡിട്ടത് അതിനു ശേഷമാണ്. കൂടാതെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ നിന്നും താരത്തിനു കരാര്‍ ലഭിക്കുകയും ചെയ്തു.
തന്റെ പേരുമായി ബന്ധപ്പെടുത്തി അര്‍ജുന്റെ പേര് പ്രത്യക്ഷപ്പെടാന്‍ പല ആളുകള്‍ക്കും താല്‍പ്പര്യമില്ലായിരുന്നുവെന്നും ഈ കാരണത്താലാണ് താരം പെട്ടെന്നു തന്നെ പരിശീലനം മതിയാക്കിയതെന്നും യോഗ്‌രാജ് വ്യക്തമാക്കി.
സച്ചിന്റെ മകന്‍, അവന്‍ ഇവിടെ വരികയും 12 ദിവസം എനിക്കു കീഴില്‍ പരിശീലനം നടത്തുകയും ചെയ്തു. അതിനു ശേഷം അവന്‍ രഞ്ജിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറി നേടുകയും ഐപിഎല്ലിലേക്കു മടങ്ങിയെത്തുകയും ചെയ്തതോടെ ആളുകള്‍ ഭയന്നു. എന്റെ പേരുമായി അര്‍ജുന്റെ പേര് ചേര്‍ത്തു വയ്ക്കപ്പെടുമോയെന്നതായിരുന്നു ഇതിന്റെ കാരണം. ഞാന്‍ പറയുന്ന പോയിന്റ് നിങ്ങള്‍ക്കു മനസ്സിലാവുന്നുണ്ടോ? യോഗ്‌രാജ് വ്യക്തമാക്കി.

അര്‍ജുനെ തനിക്കു കീഴില്‍ പരിശീലനത്തിനു അയക്കണമെന്നു സച്ചിനോടു അഭ്യര്‍ഥിച്ചത് യുവരാജാണെന്നും ഇതിനു പിന്നില്‍ തന്റെ നിര്‍ദേശമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
ചിലരുടെ പേരിനൊപ്പം പേര് ചേര്‍ക്കുന്നതിനോടു ആളുകള്‍ക്കു വലിയ ഭയമാണ്. അര്‍ജുനെ എനിക്കു കീഴില്‍ ഒരു വര്‍ഷം വിട്ടു നല്‍കണമെന്നു സച്ചിനെ വിളിച്ചു പറയാന്‍ യുവിയോടു ആവശ്യപ്പെട്ടത് ഞാനാണ്. അതിനു ശേഷം എന്താണ് സംഭവിച്ചതെന്നു നോക്കൂയെന്നും യോഗ്‌രാജ് കൂട്ടിച്ചേര്‍ത്തു.
വിവാദങ്ങളുടെ തോഴന്‍
വിവാദങ്ങളുടെ തോഴനെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നയാളാണ് വളരെ പരുക്കനും ചൂടനുമായ യോഗ്‌രാജ് സിങ്. ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളുന്നയിക്കുകയെന്നത് അദ്ദേഹത്തിന്റെ സ്ഥിരം ശീലങ്ങളിലൊന്നാണ്.
യുവരാജ് സിങിന്റെ കരിയര്‍ തകര്‍ത്തത് ധോണിയാണെന്നും 2019ലെ ലോകകപ്പ് സെമി ഫൈനലില്‍ അദ്ദേഹം മനപ്പൂര്‍വ്വം മോശമായി കളിച്ചുവെന്നുമൊക്കെ യോഗ്‌രാജ് പല അഭിമുഖങ്ങളിലും ആരോപിക്കുകയും ചെയ്തിട്ടുണ്ട്. ധോണി വളരെ സ്വാര്‍ഥനായ ക്യാപ്റ്റനായിരുന്നെന്നും മറ്റാര്‍ക്കും കീഴില്‍ ഇന്ത്യന്‍ ടീം ലോകകപ്പ് നേടരുതെന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നും യോഗ്‌രാജ് നേരത്തേ തുറന്നടിച്ചിരുന്നു.