Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Year Ender 2024: ക്രിക്കറ്റിന് നഷ്ടങ്ങളുടെ വര്‍ഷം!! ഈ വര്‍ഷം ഇവര്‍ കളി നിര്‍ത്തി, ആരെല്ലാം?

ഐസിസി ട്രോഫിക്കു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ് ഇന്ത്യ അവസാനിപ്പിച്ച വര്‍ഷമാണ് കടന്നുപോവുന്നത്. ടി20 ലോകകപ്പിലാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യന്‍ ടീം വെന്നിക്കൊടി നാട്ടിയത്. 2017ലെ ചാംപ്യന്‍സ് ട്രോഫി നേട്ടത്തിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ കിരീട വിജയം കൂടിയായിരുന്നു ഇത്. എന്നാല്‍ സന്തോഷത്തോടൊപ്പം ചില നിരാശയും ഇന്ത്യന്‍ ആരാധകരെ ഈ വര്‍ഷം തേടിയെത്തി.

ചില സൂപ്പര്‍ താരങ്ങളുടെ അപ്രതീക്ഷിത വിരമിക്കലുകളാണ് ആരാധകര്‍ക്കു വലിയ ഷോക്കായി മാറിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടീമിനായി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിച്ചവര്‍ ഇക്കൂട്ടത്തിലുണ്ട്. ക്രിക്കറ്റ് ആരാധകരെ നിരാശരാക്കിക്കൊണ്ട് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

R ASHWIN

വിരമിച്ചവര്‍ ആരെല്ലാം

ഏറ്റവും അവസാനമായി ക്രിക്കറ്റിനോടു ഗുഡ്‌ബൈ പറഞ്ഞത് ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനാണ്. റെഡ് ബോള്‍ സ്‌പെഷ്യലിസ്റ്റ് കൂടിയായ അദ്ദേഹം ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം ടെസ്റ്റിനു പിന്നാലെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ആദ്യ ടെസ്റ്റില്‍ തഴയപ്പെട്ട അശ്വിന്‍ രണ്ടാമങ്കത്തില്‍ ടീമിലേക്കു തിരികെ വിളിക്കപ്പെട്ടു. എന്നാല്‍ മൂന്നാമങ്കത്തില്‍ അദ്ദേഹം വീണ്ടും ടീമിനു പുറത്തായി. ഇതിനു പിന്നാലെയായിരുന്നു 38 കാരനായ അശ്വിന്റെ ഞെട്ടിക്കുന്ന വിരമിക്കല്‍ പ്രഖ്യാപനം. വിവിധ ഫോര്‍മാറ്റുകളിലായി 765 വിക്കറ്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇതില്‍ 537 വിക്കറ്റുകളും ടെസ്റ്റില്‍ നിന്നായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനെന്ന റെക്കോര്‍ഡ് കുറിച്ചാണ് അശ്വിന്റെ പടിയിറക്കം. മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ മാത്രമേ അദ്ദേഹത്തിനു മുന്നിലുള്ളൂ. ഇന്ത്യന്‍ കുപ്പായത്തില്‍ ഇനി കാണാനാവില്ലെങ്കിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം അശ്വിന്‍ ഇനിയും കളി തുടരും.

മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് എന്നിവരാണ് ക്രിക്കറ്റില്‍ നിന്നും ഈ വര്‍ഷം വിരമിച്ച് മറ്റു ഇന്ത്യക്കാര്‍. ഇരുവരും ദീര്‍ഘകാലമായി ദേശീയ ടീമിനു പുറത്തായിരുന്നു. എങ്കിലും ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി രണ്ടു പേരും മിന്നിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ധവാനും ഡിക്കെയും ഗെയിമിനോടു പൂര്‍ണമായി ഗുഡ്‌ബൈ പറഞ്ഞിരിക്കുകയാണ്.

ROHIT SHARMA- VIRAT KOHLI

ടി20 മതിയാക്കിയവര്‍

ഇന്ത്യയുടെ മൂന്നു സൂപ്പര്‍ താരങ്ങളാണ് ഈ വര്‍ഷം ടി20 മതിയാക്കുന്നതായി പ്രഖ്യാപിച്ചത്. സൗത്താഫ്രിക്കയെ വീഴ്ത്തി ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം ചൂടിയതിനു പിന്നാലെയായിരുന്നു ഇത്. ഇന്ത്യന്‍ ബാറ്റിങിലെ നെടുംതൂണുകളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരാണ് ടി20യില്‍ നിന്നും വിരമിക്കുന്നതായി ലോകത്തെ അറിയിച്ചത്.

ടി20യില്‍ 125 മല്‍സരങ്ങളില്‍ നിന്നും 4188 റണ്‍സ് അടിച്ചുകൂട്ടിയ താരമാണ് 36 കാരനായ കോലി. 48.69 എന്ന മികച്ച ശരാശരിയോടെയാണിത്‌. 2014, 16 ടി20 ലോകകപ്പുകളിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കൂടിയായിരുന്നു അദ്ദേഹം. രോഹിത്താവട്ടെ 159 ടി20കളില്‍ നിന്നും നേടിയത് 4231 റണ്‍സാണ്. ജഡേജ 74 ടി20കളില്‍ നിന്നും 515 റണ്‍സ് നേടുന്നതിനൊപ്പം 54 വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്.

ഇന്ത്യക്കാരല്ലാത്ത താരങ്ങള്‍

ഇന്ത്യക്കാര്‍ മാത്രമല്ല, മറ്റു ടീമുകളിലെയും ചില സൂപ്പര്‍ താരങ്ങള്‍ ഈ വര്‍ഷം കളി മതിയാക്കിയിരുന്നു. ഇംഗ്ലണ്ടിന്റെ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍, ഇംഗ്ലണ്ടിന്റെ തന്നെ മധ്യനിര ബാറ്റര്‍ ഡേവിഡ് മലാന്‍, ന്യൂസിലാന്‍ഡ് പേസര്‍ നീല്‍ വാഗ്നര്‍, പാകിസ്താന്‍ താരങ്ങളായ ഇമാദ് വസീം, മുഹമ്മദ് ആമിര്‍, ന്യൂസിലാന്‍ഡ് പേസര്‍ ടിം സൗത്തി (ടെസ്റ്റില്‍ മാത്രം), വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷാനോണ്‍ ഗബ്രിയേല്‍, ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി, ബംഗ്ലാദേശ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസന്‍ (ടി20), ബംഗ്ലാദേശിന്റെ മറ്റൊരു ഓള്‍റൗണ്ടര്‍ മഹമ്മുദുള്ള (ടി20) എന്നിവരും ഈ വര്‍ഷം കളി നിര്‍ത്തിയവരാണ്.

Story first published: Saturday, December 28, 2024, 22:39 [IST]
Other articles published on Dec 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+