
തിബൗട്ട് കോര്‍ട്ടോയിസ് (റയല്‍ മാഡ്രിഡ്)
റയല്‍ മാഡ്രിഡിന്റെ ബെല്‍ജിയന്‍ ഗോള്‍കീപ്പര്‍ തിബൗട്ട് കോര്‍ട്ടോയിസ് ഈ വര്‍ഷം മികവ് കാട്ടിയ ഗോള്‍കീപ്പര്‍മാരില്‍ ഒരാളാണ്. റയല്‍ മാഡ്രിഡിനെ ലാലിഗ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണ്ണായക പങ്കാണ് കോര്‍ട്ടോയിസിനുള്ളത്.2018ലാണ് ചെല്‍സി വിട്ട് കോര്‍ട്ടോയിസ് റയലിലെത്തിയത്. 2011-2014വരെ വായ്പയില്‍ അത്‌ലറ്റികോ മാഡ്രിഡിന്റെ ഗോള്‍വലയും കാത്തിട്ടുണ്ട്. 2011മുതല്‍ ബെല്‍ജിയം ടീമിന്റെ ഗോളിയാണ് അദ്ദേഹം. 34 മത്സരത്തില്‍ നിന്ന് 18 ക്ലീന്‍ ഷീറ്റാണ് ഈ വര്‍ഷം കോര്‍ട്ടോയിസിന് ലഭിച്ചത്.

ജാന്‍ ഒബ്ലാക്ക് (അത്‌ലറ്റികോ മാഡ്രിഡ്)
അത്‌ലറ്റികോ മാഡ്രിഡിന്റെ സ്ലൊവേനിയക്കാരനായ ഗോളി ജാന്‍ ഒബ്ലാക്കും ഈ വര്‍ഷം മികവ് കാട്ടിയ ഗോളിയാണ്. ലാലിഗയുടെ ചരിത്രത്തില്‍ വേഗത്തില്‍ 100 ക്ലീന്‍ ഷീറ്റ് ലഭിക്കുന്ന ഗോളിയെന്ന റെക്കോഡ് സ്വന്തമാക്കാന്‍ ജാന്‍ ഒബ്ലാക്കിന് സാധിച്ചു. നീണ്ട നാളുകളായി മിഗ്യൂയല്‍ റീയ്‌നയുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് ഒബ്ലാക്ക് സ്വന്തം പേരിലാക്കിയത്. 2019-2020 സീസണില്‍ 49 മത്സരത്തില്‍ നിന്ന് 22 ക്ലീന്‍ ഷീറ്റാണ് ഒബ്ലാക്കിന് ലഭിച്ചത്. 2014ലാണ് ഒബ്ലാക്ക് അത്‌ലറ്റികോ മാഡ്രിഡിലെത്തിയത്.

കെയ്‌ലര്‍ നവാസ് (പിഎസ്ജി)
മുന്‍ റയല്‍ മാഡ്രിഡ് ഗോള്‍കീപ്പര്‍ കെയ്‌ലര്‍ നവാസ് ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലേക്ക് കൂടുമാറിയിട്ടും മികവിന് യാതൊരു കോട്ടവും വന്നിട്ടില്ല. 2019ലാണ് കോസ്റ്റാറിക്ക താരമായ നവാസ് പിഎസ്ജിയിലെത്തിയത്. ക്ലബ്ബിനൊപ്പം ലീഗ് 1,കോപ്പാ ഡി ഫ്രാന്‍സ്,കോപ്പാ ജി ലാ ലിഗ എന്നീ കിരീടങ്ങള്‍ നേടിയ അദ്ദേഹം ഈ വര്‍ഷം പിഎസ്ജിയെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്കെത്തിക്കുന്നതിലും നിര്‍ണ്ണായക പങ്കുവഹിച്ചു. കോണ്‍കാകാഫ് താരങ്ങളില്‍ യൂറോപ്പില്‍ കൂടുതല്‍ കിരീടം നേടിയവരില്‍ മുന്‍ ബാഴ്‌സലോണ താരം റാഫേല്‍ മാര്‍ക്യൂസിന്റെ റെക്കോഡൊപ്പമെത്താന്‍ നവാസിന് സാധിച്ചിരുന്നു.

അലിസന്‍ ബെക്കര്‍ (ലിവര്‍പൂള്‍)
നിലവിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന താരമാണ് അലിസന്‍ ബെക്കര്‍. സമീപകാലത്തായി ലിവര്‍പൂളിന്റെ വളര്‍ച്ചക്ക് നിര്‍ണ്ണായക പങ്കാണ് അലിസന്‍ ബെക്കറിനുള്ളത്. ലിവര്‍പൂളിനെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കിയതിലും ചാമ്പ്യന്‍സ് ലീഗില്‍ കിരീടത്തിലേക്കെത്തിച്ചതിലും ഫിഫി ക്ലബ്ബ് ലോകകപ്പില്‍ ചാമ്പ്യന്മാരാക്കിയതിലും അലിസന്റെ പങ്ക് വലുതാണ്. ബ്രസീലിനൊപ്പം 2019ല്‍ കോപ്പാ അമേരിക്കയും നേടിയിട്ടുണ്ട്.

മാനുവല്‍ ന്യൂയര്‍ (ബയേണ്‍ മ്യൂണിക്ക്)
ജര്‍മന്‍ സൂപ്പര്‍ ഗോളിന് മാനുവല്‍ ന്യൂയര്‍ ബയേണ്‍ മ്യൂണിക്കിനൊപ്പം തകര്‍പ്പന്‍ പ്രകടനം നടത്തിയ വര്‍ഷമാണ് 2020. 34കാരനായ താരം ബയേണിനെ ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗില്‍ കിരീടം ചൂടിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. കൂടാതെ ബയേണിനെ ലീഗ് ചാമ്പ്യന്മാരാക്കാനും ന്യൂയറിനായി. പ്രായം തളര്‍ത്താത്ത പോരാളിയായ ന്യൂയര്‍ ഇനിയും തുടരും. ബയേണിനൊപ്പം എട്ട് ലീഗ് കിരീടവും രണ്ട് ചാമ്പ്യന്‍സ് ലീഗും നേടിയ ന്യൂയര്‍ 2014ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ ജര്‍മനി ചാമ്പ്യന്മാരായപ്പോള്‍ ഗോള്‍വലയ്ക്ക് മുന്നിലുണ്ടായിരുന്നു.


Click it and Unblock the Notifications