വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള വരവറിയിച്ചിരിക്കുകയാണ് യശ്വസി ജയ്‌സ്വാള്‍. അരങ്ങേറ്റ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 171 റണ്‍സ് നേടിയാണ് ജയ്‌സ്വാള്‍ കൈയടി നേടിയത്. 387 പന്തുകള്‍ നേരിട്ട് 16 ഫോറും 1 സിക്‌സും ഉള്‍പ്പെടെ ക്ലാസിക് ഇന്നിങ്‌സാണ് ജയ്‌സ്വാള്‍ കാഴ്ചവെച്ചതെന്ന് പറയാം. അരങ്ങേറ്റക്കാരന്റെ സമ്മര്‍ദ്ദമില്ലാതെ ബാറ്റുവീശിയ ജയ്‌സ്വാള്‍ വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
അരങ്ങേറ്റ മത്സരത്തില്‍ നിരവധി റെക്കോഡുകളും ജയ്‌സ്വാള്‍ നേടിയിട്ടുണ്ട്. ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഓപ്പണറും 17ാമത്തെ താരവുമാണ് ജയ്‌സ്വാള്‍. ഇന്ത്യക്ക് പുറത്ത് ടെസ്റ്റ് അരങ്ങേറ്റം നടത്തി സെഞ്ച്വറി നേടുന്ന ആദ്യത്തെ ബാറ്റ്‌സ്മാനായി മാറാനും ജയ്‌സ്വാളിനായി. അധികം വൈകാതെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഓപ്പണറായി ജയ്‌സ്വാള്‍ മാറിയേക്കും. ഇന്ത്യയുടെ മറ്റ് ഓപ്പണര്‍മാരില്‍ നിന്ന് തികച്ചും വ്യത്യസ്തനായ ഓപ്പണറാണ് ജയ്‌സ്വാള്‍.
മറ്റ് ഓപ്പണര്‍മാര്‍ക്കില്ലാത്ത സവിശേഷമായ ചില ഗുണങ്ങള്‍ ജയ്‌സ്വാളിനുണ്ട്. അതാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. ഇത്തരത്തില്‍ ജയ്‌സ്വാളിന്റെ പ്രധാനപ്പെട്ട മൂന്ന് സവിശേഷതകള്‍ എന്തൊക്കെയാണെന്ന് നോക്കാം. ഒന്നാമത്തെ കാര്യം മികച്ച തുടക്കത്തെ മുതലാക്കാനുള്ള കഴിവാണ്. നിലയുറപ്പിച്ച് കഴിഞ്ഞാല്‍ പുറത്താക്കാന്‍ വളരെ പ്രയാസമുള്ള ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍. തന്റെ മികച്ച തുടക്കത്തെ വലിയ സ്‌കോറാക്കി മാറ്റാന്‍ ജയ്‌സ്വാളിന് സാധിക്കാറുണ്ട്.
ഡോണ്‍ ബ്രാഡ്മാന്റെ കണ്‍വര്‍സേഷന്‍ റേറ്റ് 69 ആണ്. ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമായ വിരാട് കോലിയുടെ കണ്‍വര്‍സേഷന്‍ റേറ്റ് 50ന് മുകളിലാണ്. ജയ്‌സ്വാളിന്റെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലെ കണ്‍വര്‍സേഷന്‍ റേറ്റ് 81 ആണ്. നിലയുറപ്പിച്ചാല്‍ അര്‍ധ സെഞ്ച്വറിയോ സെഞ്ച്വറിയോ നേടാന്‍ പലപ്പോഴും ജയ്‌സ്വാളിന് സാധിക്കാറുണ്ട്. 75 ശതമാനത്തിന് മുകളിലാണ് താരത്തിന്റെ കണ്‍വര്‍സേഷന്‍ റേറ്റ്. വളരെ അപൂര്‍വ്വം ഓപ്പണര്‍മാര്‍ക്ക് മാത്രമെ ഇത്തരമൊരു മികവ് അവകാശപ്പെടാന്‍ സാധിക്കൂ.

രണ്ടാമത്തെ സവിശേഷത ഏത് ശൈലിയിലും കളിക്കാനുള്ള കഴിവാണ്. ഇന്ത്യയുടെ മറ്റ് പ്രധാന ഓപ്പണര്‍മാരെ പരിശോധിച്ചാല്‍ അവരെല്ലാം ഒരു ശൈലിയെ പ്രധാനമായും ആശ്രയിക്കുന്നവരാണ്. ഉദാഹരണമായി വീരേന്ദര്‍ സെവാഗിനെയെടുത്താല്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി ആക്രമിച്ചു കളിക്കുന്നതാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ജയ്‌സ്വാള്‍ അങ്ങനെയല്ല. ആക്രമിച്ച് കളിക്കാനും നിലയുറപ്പിച്ച് കളിക്കാനും കഴിവുണ്ട്. വിന്‍ഡീസിനെതിരേ 215 നേരിട്ടാണ് താരം സെഞ്ച്വറി നേടിയത്.
സ്‌ട്രൈക്കറേറ്റ് 40.86 ആയിരുന്നു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ 80ന് മുകളിലാണ് ജയ്‌സ്വാളിന്റെ സ്‌ട്രൈക്കറേറ്റ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറാണ് ജയ്‌സ്വാള്‍. താരത്തിന്റെ ബാറ്റിങ് വെടിക്കെട്ട് എല്ലാവരും കണ്ടിട്ടുള്ളതുമാണ്. കടന്നാക്രമിച്ച് കളിക്കാനും പ്രതിരോധിച്ച് ആംഗര്‍ റോളില്‍ ഇന്നിങ്‌സ് കൊണ്ടുപോകാനും സാധിക്കുന്ന ബഹുമുഖ പ്രതിഭയാണ് ജയ്‌സ്വാളെന്ന് പറയാം. പിച്ചിനനുസരിച്ച് കളിക്കാനുള്ള കഴിവുണ്ട്.
മൂന്നാമത്തെ കാര്യം വലിയ മത്സരങ്ങളില്‍ തിളങ്ങാനുള്ള കഴിവാണ്. സ്ഥിരതയോടെ കളിക്കുന്ന ജയ്‌സ്വാള്‍ സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ മികവുകാട്ടുന്ന ബാറ്റ്‌സ്മാനാണ്. 2021-22ലെ രഞ്ജി ട്രോഫി സെമിയില്‍ സെഞ്ച്വറി നേടിയ താരം ഫൈനലില്‍ ഫിഫ്റ്റിയും സ്വന്തമാക്കി. ദുലീപ് ട്രോഫിയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള താരം അണ്ടര്‍ 19 ലോകകപ്പില്‍ സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.
ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി, ലിസ്റ്റ് എ ക്രിക്കറ്റില്‍ സെഞ്ച്വറി, ഇറാനി കപ്പില്‍ സെഞ്ച്വറി, വിജയ് ഹസാരെ ട്രോഫിയില്‍ സെഞ്ച്വറി, ഇന്ത്യ എ ടീമിനായി സെഞ്ച്വറി, ഐപിഎല്ലില്‍ സെഞ്ച്വറി എന്നിവയെല്ലാം ജയ്‌സ്വാളിന്റെ എടുത്തു പറയാവുന്ന നേട്ടങ്ങളാണ്. നിര്‍ണ്ണായക മത്സരങ്ങളില്‍ തിളങ്ങാന്‍ കഴിവുള്ള ജയ്‌സ്വാളിനെപ്പോലൊരു ഓപ്പണറെ സമീപകാലത്തൊന്നും ഇന്ത്യക്ക് ലഭിച്ചിട്ടില്ല.