മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം എക്കാലത്തും താരസമ്പന്നമാണ്. ഐപിഎല്ലിന്റെ വരവോട് ഓരോ വര്‍ഷവും പ്രതിഭ കാട്ടി ഇന്ത്യന്‍ ടീമിലേക്ക് വളരുന്നവര്‍ ഏറെയാണ്. ഇന്ത്യ ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന താരങ്ങള്‍ക്ക് ദേശീയ ടീമിലേക്ക് അവസരം നല്‍കുന്നതും കൂടിയിട്ടുണ്ട്. ഏറ്റവും ഒടുവിലായി ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ദുലീപ് ട്രോഫിയില്‍ തിളങ്ങിയ ആകാശ് ദീപിനും യഷ് ദയാലിനുമെല്ലാം ഇന്ത്യ വിളി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ഇന്ത്യക്കായി ഇതിനോടകം മറ്റ് ഫോര്‍മാറ്റുകളില്‍ അരങ്ങേറുകയും എന്നാല്‍ ഏകദിനത്തിലേക്ക് വിളി ലഭിക്കാത്തതുമായ ചില താരങ്ങളുണ്ട്. ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര ഇംഗ്ലണ്ടിനെതിരേയാണ് നടക്കാനുള്ളത്. അടുത്ത വര്‍ഷം ജനുവരിയിലാണ് ഈ പരമ്പര ആരംഭിക്കുക. ഇതിലൂടെ വരവറിയിക്കാന്‍ ചിലര്‍ കാത്തിരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഇന്ത്യക്കായി ഇതിനോടകം അരങ്ങേറ്റം നടത്തുകയും എന്നാല്‍ ഏകദിനം കളിക്കാന്‍ അവസരം ലഭിക്കാത്തതുമായ താരങ്ങളില്‍ നിന്ന് വൈകാതെ ഏകദിനത്തിലേക്ക് വിളിയെത്താന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.
യശ്വസി ജയ്‌സ്വാള്‍
ഇന്ത്യയുടെ യുവ ഇടം കൈയന്‍ ഓപ്പണറായ യശ്വസി ജയ്‌സ്വാള്‍ ടെസ്റ്റിലും ടി20യിലും ഇതിനോടകം ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ജയ്‌സ്വാള്‍ ഇതിനോടകം ഇന്ത്യയുടെ പ്രധാന ഓപ്പണര്‍മാരിലൊരാളായി വളര്‍ന്നിട്ടുമുണ്ട്. എന്നാല്‍ ഇതുവരെ ഇന്ത്യ ഏകദിനത്തിലേക്ക് പരിഗണിച്ചിട്ടില്ല. കടന്നാക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള ജയ്‌സ്വാളിന് അധികം വൈകാതെ ഇന്ത്യ ഏകദിനത്തിലേക്ക് വിളി നല്‍കുമെന്ന കാര്യം ഉറപ്പാണ്. ഏകദിനത്തില്‍ വലിയ കരിയര്‍ നേടിയെടുക്കാന്‍ ശേഷിയുള്ള താരമാണ് ജയ്‌സ്വാള്‍.
ഇതിനോടകം ടെസ്റ്റിലും ടി20യിലും മിന്നിയ ജയ്‌സ്വാളിനെ ഏകദിനത്തില്‍ ഓപ്പണര്‍ റോളിലേക്ക് വളര്‍ത്തേണ്ടതും അത്യാവശ്യമാണ്. ശുബ്മാന്‍ ഗില്ലും രോഹിത് ശര്‍മയും നിലവില്‍ ഏകദിന ഓപ്പണര്‍മാരായി കസറുന്നുണ്ട്. അതുകൊണ്ടാണ് ജയ്‌സ്വാളിന് വിളിയെത്താന്‍ വൈകുന്നത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലൂടെ ജയ്‌സ്വാളിന് ഇന്ത്യ ഏകദിനത്തിലേക്കുള്ള വഴി തുറക്കുമെന്ന കാര്യം ഉറപ്പാണ്.

സര്‍ഫറാസ് ഖാന്‍
ആഭ്യന്തര ക്രിക്കറ്റില്‍ കസറുന്ന താരങ്ങളിലൊരാളാണ് സര്‍ഫറാസ് ഖാന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സര്‍ഫറാസ് ഇതിനോടകം ഇന്ത്യക്കായി ടെസ്റ്റ് കളിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലും സര്‍ഫറാസ് ഖാന്‍ ഇടം നേടിയിട്ടുണ്ട്. ഇന്ത്യക്കായി ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറി പ്രകടനമടക്കം നടത്തിയ സര്‍ഫറാസ് അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരങ്ങളിലൊരാളാണ്. എന്നാല്‍ ഇന്ത്യ ടി20യിലേക്ക് സര്‍ഫറാസിനെ പരിഗണിക്കാന്‍ സാധ്യത കുറവാണ്.
പക്ഷെ ഏകദിന ടീമിലേക്ക് വിളി ലഭിക്കാനുള്ള സാധ്യതയുണ്ട്. മധ്യനിരയില്‍ പെട്ടെന്ന് ഇംപാക്ട് സൃഷ്ടിക്കാന്‍ സര്‍ഫറാസ് ഖാന് ശേഷിയുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ സര്‍ഫറാസ് ഖാനെ ഏകദിന ടീമിലേക്ക് വൈകാതെ വിളിച്ചേക്കും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ സര്‍ഫറാസ് ഖാനെ ഉള്‍പ്പെടുത്തുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.
ആകാശ് ദീപ്
ഇന്ത്യക്കായി ഇതിനോടകം ടെസ്റ്റ് അരങ്ങേറ്റം നടത്തിയ പേസറാണ് ആകാശ് ദീപ്. മികച്ച പേസിലും ലൈനിലും ലെങ്തിലും പന്തെറിയാന്‍ ശേഷിയുള്ള ആകാശ് ദീപ് പന്ത് നന്നായി സ്വിങ് ചെയ്യിക്കാനും കഴിവുള്ള ബൗളറാണ്. പേസിന് അനുകൂലമായ പിച്ചില്‍ മികവ് കാട്ടാന്‍ ആകാശ് ദീപിന് സാധിച്ചേക്കും. അതുകൊണ്ടുതന്നെ ഇന്ത്യ ആകാശ് ദീപിന് വൈകാതെ ഏകദിന ടീമിലേക്കും വിളി നല്‍കാനാണ് സാധ്യത.
മുഹമ്മദ് സിറാജിനെക്കാളും ഏകദിനത്തില്‍ ശോഭിക്കാന്‍ ശേഷി ആകാശ് ദീപിനുണ്ട്. ഇക്കോണമിയും ഭേദപ്പെട്ടതാണ്. ഐപിഎല്ലില്‍ ഇതിനോടകം ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുള്ള ആകാശ് ദീപിന് ഇന്ത്യ വൈകാതെ ഏകദിനത്തിലേക്ക് വിളി നല്‍കാനാണ് സാധ്യത.