Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ഹാട്രിക് ഫൈനല്‍ കളിക്കുമോ ഇന്ത്യ? എതിരാളി രണ്ടിലൊരു ടീം! കപ്പടിക്കുക കടുപ്പം, അറിയാം

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാമത്തെ സീസണാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അടുത്ത വര്‍ഷം കലാശപ്പോരാട്ടം നടക്കാനിരിക്കെ തുടര്‍ച്ചയായി മൂന്നാമതും ഇന്ത്യയെ ഫൈനലില്‍ കാണാന്‍ സാധിക്കുമോയെന്നതാണ് ചോദ്യം. കഴിഞ്ഞ രണ്ടു എഡിഷനുകളിലും ഇന്ത്യ ഫൈനല്‍ കളിച്ചെങ്കിലും പടിക്കല്‍ കലമുടച്ചു. പ്രഥമ എഡിഷനില്‍ ന്യൂസിലാന്‍ഡാണ് ഇന്ത്യയുടെ കഥ കഴിച്ചതെങ്കില്‍ കഴിഞ്ഞ തവണ ഓസ്‌ട്രേലിയക്കു മുന്നിലും ഇന്ത്യ ട്രോഫി കൈവിടുകയായിരുന്നു.

ഒരു ഫൈനലില്‍ വിരാട് കോലി ടീമിനെ നയിച്ചപ്പോള്‍ രണ്ടാമത്തേതില്‍ രോഹിത് ശര്‍മയുടെ ഊഴമായിരുന്നു. യോഗ്യത സ്വന്തമാക്കിയാല്‍ വരാനിരിക്കുന്ന ഫൈനലിലും രോഹിത് തന്നെയാവും ഇന്ത്യയെ നയിക്കുകയെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷെ ഇന്ത്യ വീണ്ടുമൊരു ഫൈനലില്‍ കളിക്കുമോ? അങ്ങനെയെങ്കില്‍ ആരാവും എതിരാളി? ഇതേക്കുറിച്ചു പരിശോധിക്കാം.

INDIAN TEST TEAM

നിലവില്‍ ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളത് ഇന്ത്യയാണ്. ഒമ്പതു ടെസ്റ്റുകളില്‍ ആറിലും ജയിച്ച ഇന്ത്യ രണ്ടെണ്ണത്തിലാണ് പരാജയപ്പെട്ടത്. ഒന്നില്‍ സമനിലയും വഴങ്ങുകയായിരുന്നു. 68.51 വിജയശതമാനമാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. ഇനി മൂന്നു പരമ്പരകളാണ് ഫൈനലിനു മുമ്പ് ഇന്ത്യക്കു ബാക്കിയുള്ളത്. ബംഗ്ലാദേശുമായി നാട്ടില്‍ രണ്ടു ടെസ്റ്റുകളാണ് ഇന്ത്യന്‍ ടീം ആദ്യം കളിക്കുന്നത്. സപ്തംബര്‍ 19, 27 തിയ്യതികളിലാണ് ഈ മല്‍സരങ്ങള്‍.

അതിനു പിന്നാലെ ഒക്ടോബറില്‍ ന്യൂസിലാന്‍ഡ് ടീം ഇന്ത്യയിലെത്തും. മൂന്നു ടെസ്റ്റുകളാണ് കിവികളുടെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്. ഒക്ടോബര്‍ 16ന് തുടങ്ങുന്ന പരമ്പര നവംബര്‍ ഒന്നിനു ആരംഭിക്കുന്ന ടെസ്റ്റോടെയാണ് സമാപിക്കുക. നാട്ടില്‍ മികച്ച റെക്കോര്‍ഡാണ് ടെസ്റ്റില്‍ ഇന്ത്യക്കുള്ളത്. അതുകൊണ്ടു തന്നെ ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് എന്നിവരുമായുള്ള പരമ്പരകളില്‍ വിജയം തന്നെയാണ് ഇന്ത്യന്‍ ടീം പ്രതീക്ഷിക്കുന്നത്.

തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പര്യടനം കൂടി ഡബ്ല്യുടിസിയുടെ ഈ സൈക്കിളില്‍ ഇന്ത്യക്കു ശേഷിക്കുന്നുണ്ട്. നവംബര്‍ മുതല്‍ ജനുവരി നീളുന്ന പര്യടനത്തില്‍ അഞ്ചു ടെസ്റ്റുകളാണ് ഇന്ത്യക്കുള്ളത്. ബംഗ്ലാദേശിനെതിരായ പരമ്പര ഇന്ത്യ തൂത്തുവാരാന്‍ തന്നെയാണ് സാധ്യത. എന്നാല്‍ കിവികള്‍ക്കെതിരേ വിജയം അത്ര എളുപ്പമാവില്ല. എങ്കിലും പരമ്പര നഷ്ടമാവാതിരിക്കാന്‍ തന്നെ ഇന്ത്യ ശ്രമിക്കുമെന്നുറപ്പാണ്.

ഓസീസുമായുള്ള പരമ്പരയായിരിക്കും ഇന്ത്യക്കു മുന്നിലുള്ള ഏറ്റവും വലിയ ചാലഞ്ച്. സമീപകാലത്തു ഓസീസിനെ തകര്‍ത്ത് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താന്‍ ഇന്ത്യക്കു സാധിച്ചിട്ടുണ്ടെങ്കിലും അതു വരാനിരിക്കുന്ന പരമ്പരയില്‍ മുന്‍തൂക്കം നല്‍കില്ല. ഓസീസിനെ പരമ്പരയില്‍ സമനിലയില്‍ തളച്ചാലും ട്രോഫി ഇന്ത്യക്കു നിലനിര്‍ത്താന്‍ കഴിയും. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇന്ത്യയെ ഉറപ്പായും ഈ ഫൈനലിലും കാണാന്‍ സാധിക്കും.

ROHIT SHARMA

ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളായി വന്നേക്കുക ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരിലൊരു ടീമായിരിക്കും. ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്നത് ഈ ടീമുകളാണ്. 62.50 വിജയ ശതമാനമാണ് ഓസീസിനുള്ളത്. കിവീസിന്റേത് 50 ശതമാനവുമാണ്. ഇതേ വിജയശതമാനവുമായി ശ്രീലങ്കയാണ് നാലാമത്.

ഓസീസിനു ഇന്ത്യയുമായി നാട്ടില്‍ ഒരേയൊരു ടെസ്റ്റ് പരമ്പര മാത്രമാണ് ഇനി ശേഷിക്കുന്നത്. എന്നാല്‍ ന്യൂസിലാന്‍ഡിനു രണ്ടു പരമ്പരകള്‍ ബാക്കിയുണ്ട്. ഇന്ത്യയുമായുള്ള മൂന്നു ടെസ്റ്റുകള്‍ക്കു ശേഷം ഇംഗ്ലണ്ടുമായി നാട്ടില്‍ മൂന്നു ടെസ്റ്റുകളില്‍ കൂടി അവര്‍ കളിക്കും.

ഫൈനലില്‍ ഓസീസ്, കിവീസ് ഇവരില്‍ ആരു വന്നാലും ഇന്ത്യക്കു കടുപ്പം തന്നെയായിരിക്കും. കാരണം ഐസിസി ടൂര്‍ണമെന്റുകളില്‍ എല്ലായ്‌പ്പോഴും ഇന്ത്യക്കു പ്രശ്‌നം സൃഷ്ടിച്ചിട്ടുള്ളവരാണ് ഇരുടീമുകളും. കഴിഞ്ഞ രണ്ടു ഫൈനലുകളിലും ഇന്ത്യയെ കരയിച്ചത് ഈ ടീമുകളാണ്. അതുകൊണ്ടു തന്നെ ഫൈനലിലേക്കു യോഗ്യത നേടിയാലും കപ്പടിക്കാന്‍ ഇന്ത്യക്കു ഏറ്റവും മികച്ച കളി തന്നെ പുറത്തെടുക്കേണ്ടതായി വരും.

Story first published: Sunday, July 7, 2024, 16:28 [IST]
Other articles published on Jul 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+