ഐസിസിയുടെ ഇത്തവണത്തെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ത്യയുടെ പല താരങ്ങളുടെയും അവസാനത്തേത് കൂടിയായിരിക്കും. ടീമിലെ ചില വമ്പന്‍ കളിക്കാര്‍ കരിയറിന്റെ അവസാനത്തിലെത്തി നില്‍ക്കുകയാണ്. രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 2025ല്‍ നടക്കാനിരിക്കുന്ന അടുത്ത ഫൈനലില്‍ പലരെയും കണ്ടേക്കില്ല. രോഹിത് ശര്‍മയ്ക്കു പകരം പുതിയ ക്യാപ്റ്റനു കീഴിലായിരിക്കും അടുത്ത എഡിഷനിലെ ഫൈനലില്‍ ടീം ഇന്ത്യയെ നമുക്കു കാണാന്‍ സാധിക്കുക.
മാത്രമല്ല നിലവില്‍ റെഡ് ബോള്‍ ടീമിന്റെ ഭാഗമല്ലാത്ത ചില യുവതാരങ്ങളും അടുത്ത ഫൈനലില്‍ ടീമിനു വേണ്ടി കളിക്കുകയും ചെയ്യും. 2025ലെ ഡബ്ല്യുടിസി ഫൈനലിലേക്കു ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍ ആരൊക്കെയായിരിക്കും പ്ലെയിങ് ഇലവനിലുണ്ടാവുകയെന്നു നമുക്കു നോക്കാം.

ഇത്തവണത്തെ ഫൈനലില്‍ ഇന്ത്യന്‍ സംഘത്തിലുള്ള യുവ ഓപ്പണറും അടുത്ത സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലായിരിക്കും 2025ലെ ഡബ്ല്യുടിസി ഫൈനലില്‍ ടീമിനെ നയിച്ചേക്കുക. വിരാട് കോലിക്കു ശേഷമാര് എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് പലരും ഗില്ലിന്റെ പേര് ചൂണ്ടിക്കാണിക്കുന്നത്. അസാധാരണ പ്രതിഭയുള്ള അദ്ദേഹത്തിനു ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കുമെന്നു ക്രിക്കറ്റ് പണ്ഡിതര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു.
നിലവിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ അടുത്ത എഡിഷനിലെ ഫൈനലില്‍ കാണാന്‍ സാധ്യത തീരെ കുറവാണ്. അദ്ദേഹത്തിനു പകരം ശുഭ്മന്‍ ഗില്ലിന്റെ ഓപ്പണിങ് പങ്കാളിയായി എത്തുക യുവ താരം യശസ്വി ജയ്‌സ്വാളായിരിക്കും. കഴിഞ്ഞ ഐപിഎല്ലില്‍ 600നു മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ അദ്ദേഹം എമേര്‍ജിങ് താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവവണ ഫൈനലിലെ റിസര്‍വ് താരങ്ങളുടെ ലിസ്റ്റിലും ജയ്‌സ്വാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഗില്‍- ജയ്‌സ്വാള്‍ കോംബോ ഇന്ത്യയുടെ അടുത്ത സൂപ്പര്‍ ഓപ്പണിങ് കോമ്പിനേഷനായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മൂന്നാം നമ്പറില്‍ വെറ്ററന്‍ താരം ചേതേശ്വര്‍ പുജാരയെ അടുത്ത ഫൈനലില്‍ കാണാന്‍ സാധ്യതയില്ല. 36കാരനായ അദ്ദേഹം വൈകാതെ വിരമിച്ചേക്കും. പുജാരയ്ക്കു പകരം മൂന്നാം നമ്പറില്‍ ദേശീയ ടീമിനായി ഇനിയും അരങ്ങേറിയിട്ടില്ലാത്ത യുവ താരം സര്‍ഫറാസ് ഖാന്‍ വന്നേക്കും. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ടീമിനായി റണ്‍സ് വാരിക്കൂട്ടുന്ന സര്‍ഫറാസ് റെഡ് ബോള്‍ ക്രിക്കറ്റിലെ സ്‌പെഷ്യലിസ്റ്റ് കൂടിയാണ്. അതുകൊണ്ടു തന്നെ മറ്റേതൊരു താരത്തേക്കാളും അദ്ദേഹം ഇന്ത്യന്‍ ടീമില്‍ സ്ഥാനവുമര്‍ഹിക്കുന്നു.
നാലാം നമ്പറില്‍ മുന്‍ ക്യാപ്റ്റനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലി കളിച്ചേക്കും. നിലവില്‍ മറ്റേതൊരു യുവതാരത്തോടും കിടപിടിക്കാവുന്ന ഫിറ്റ്‌നസാണ് 34കാരനായ കോലിക്കുള്ളത്. മാത്രമല്ല ബാറ്റിങില്‍ തകര്‍പ്പന്‍ ഫോമിലുമാണ് അതുകൊണ്ടു തന്നെ ഒരു ഡബ്ല്യുടിസി ഫൈനലില്‍ കൂടി കോലിക്കു കളിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് കരുതുന്നത്.
കോലിക്കു ശേഷം അഞ്ചാം നമ്പറില്‍ ഇറങ്ങുക ശ്രേയസ് അയ്യരായിരിക്കും. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ടെസ്റ്റില്‍ ഈ പൊസിഷനില്‍ കളിക്കുന്നത് ശ്രേയസാണ്. പക്ഷെ പരിക്കു കാരണം ഇത്തവണത്തെ ഫൈനല്‍ അദ്ദേഹത്തിനു നഷ്ടമായിരുന്നു. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ അടുത്ത ഫൈനലില്‍ തീര്‍ച്ചയായും ശ്രേയസിനെ ഇന്ത്യന്‍ ഇലവനില്‍ കാണാന്‍ സാധിക്കും.
2025ലെ ഫൈനലില്‍ ഇന്ത്യക്കായി വിക്കറ്റ് കാക്കുക റിഷഭ് പന്തായിരിക്കും. കാറപകടത്തില്‍ പരിക്കേറ്റ ശേഷം വിശ്രമിക്കുകയാണ് താരം. അതുകൊണ്ടു തന്നെ ഇത്തവണത്തെ ഫൈനല്‍ റിഷഭിനു നഷ്ടമാവുകയും ചെയ്തു. റിഷഭിനു ശേഷം ടീമിലെ രണ്ടു സ്പിന്നര്‍മാര്‍ ഓള്‍റൗണ്ടര്‍മാര്‍ കൂടിയായ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമായിരിക്കും. വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ അടുത്ത ഫൈനലില്‍ കളിക്കാനിടയില്ല.

34കാരനായ ജഡ്ഡു രണ്ടു വര്‍ഷം കൂടി ടെസ്റ്റില്‍ കളി തുടരാനാണ് സാധ്യത. വൈറ്റ് ബോള്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ജഡേജ വിരമിക്കുകയാണെങ്കില്‍ പകരക്കാരനായി ടീമിലേക്കു വന്നേക്കാവുന്ന താരമാണ് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍. അക്ഷറിനാവട്ടെ 29 വയസ്സായിട്ടേയുള്ളൂ. നാല്- അഞ്ചു വര്‍ഷം കൂടി തീര്‍ച്ചയായും അദ്ദേഹത്തിനു റെഡ് ബോള്‍ ഫോര്‍മാറ്റില്‍ തുടരാന്‍ സാധിക്കും.
അടുത്ത ഫൈനലില്‍ ഇന്ത്യന്‍ സംഘത്തിലെ ഫാസ്റ്റ് ബൗളര്‍മാര്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരാവും. 32 കാരനായ മുഹമ്മദ് ഷമിക്കു ഫിറ്റ്‌നസ് നിലനിര്‍ത്താനായാല്‍ ഇനിയുമൊരു ഫൈനലിലുള്ള ബാല്യമുണ്ട്. എന്നാല്‍ അതിനു മുമ്പ് അദ്ദേഹം വിരമിച്ചാല്‍ പകരക്കാരനായി ശര്‍ദ്ദുലോ സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കോ കളിച്ചേക്കും.
പരിക്കിനെ തുടര്‍ന്നു ഇത്തവണ ഫൈനല്‍ നഷ്ടമായ 29കാരനായ ബുംറയ്ക്കു പരിക്കുകള്‍ വില്ലനായില്ലെങ്കില്‍ അടുത്ത തവണ ഉറപ്പായും കളിക്കാന്‍ സാധിക്കും. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന 29 കാരനായ സിറാജും ടീമിലെ നിര്‍ണായക താരമായി മാറും.
2025ലെ ഫൈനലിലെ ഇന്ത്യന്‍ സാധ്യതാ 11
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, സര്‍ഫറാസ് ഖാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ/ വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ശര്‍ദ്ദുല്‍ ടാക്കൂര്‍/ ഉമ്രാന്‍ മാലിക്ക്.