Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: ഫൈനല്‍ കഴിഞ്ഞാല്‍ ടെസ്റ്റില്‍ ഇന്ത്യക്ക് പുതിയ ലുക്ക്!! 3 പേര്‍ തെറിക്കും? ഇതാ ലൈനപ്പ്

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ വീണ്ടുമൊരിക്കല്‍ക്കൂടി ഫൈനല്‍ സ്വപ്‌നം കാണുകയാണ് ടീം ഇന്ത്യ. കഴിഞ്ഞ രണ്ടു എഡിഷനുകളിലും ഫൈനലില്‍ കളിച്ച ഏക ടീമായ ഇന്ത്യ ഹാട്രിക്ക് ടിക്കറ്റാണ് ഇത്തവണ ലക്ഷ്യമിടുന്നത്. പക്ഷെ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ ഇപ്പോഴും തുലാസില്‍ തന്നെയാണെന്നു പറയേണ്ടി വരും. ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 4-0നെങ്കിലും ജയിക്കാനായാല്‍ മാത്രമേ ടീമിനു ഫൈനലില്‍ സ്ഥാനമുറപ്പുള്ളൂ.

അടുത്ത വര്‍ഷം ജൂണിലാണ് ഡബ്ല്യുടിസി കലാശപ്പോരാട്ടം നടക്കാനിരിക്കുന്നത്. കിരീടപ്പോരിന് യോഗ്യത നേടിയാലും ഇല്ലെങ്കിലും ഫൈനലിനു ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അഴിച്ചുപണികള്‍ ഉറപ്പായും പ്രതീക്ഷിക്കാം. റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്നും ചില സീനിയര്‍ കളിക്കാരുടെ വിരമിക്കലും കാണാന്‍ സാധിച്ചേക്കും. ഡബ്ല്യുടിസി ഫൈനലിനു ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീം ലൈനപ്പ് എങ്ങനെയായിരിക്കുമെന്നു നമുക്കു നോക്കാം.

KL RAHUL

ഓപ്പണിങ് മാറും

ഡബ്ല്യുടിസി ഫൈനല്‍ കഴിഞ്ഞാല്‍ പുതിയ ജോടികളായിരിരിക്കും ടെസ്റ്റില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്‌തേക്കുക. നിലവിലെ ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മയെ ഫൈനലിനു ശേഷം ടീമില്‍ കണ്ടേക്കില്ല. ഈ ഫോര്‍മാറ്റില്‍ നിന്നും അദ്ദേഹം വിരമിക്കാനുള്ള സാധ്യത കൂടുതലാണ്. ഹിറ്റ്മാന് പകരം ഓപ്പണിങ് റോള്‍ ഏറ്റെടുക്കുക സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലായിരിക്കും. ഓപ്പണിങ് മുതല്‍ മധ്യനിര വരെ എവിടെയും ബാറ്റ് ചെയ്യാന്‍ സാധിക്കുന്നയാളാണ് അദ്ദേഹം.

രാഹുലും യശസ്വി ജയ്‌സ്വാളും ചേര്‍ന്നായിരിക്കും ഇന്ത്യക്കായി ടെസ്റ്റില്‍ ഓപ്പണ്‍ ചെയ്യുക. പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റില്‍ ഈ ജോടിയാണ് ഓപ്പണിങില്‍ ഇറങ്ങിയത്. രണ്ടാമിന്നിങ്‌സില്‍ വമ്പന്‍ കൂട്ടുകെട്ടുമായി സഖ്യം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തിരുന്നു.

മധ്യനിരയില്‍ ആരെല്ലാം?

ഇന്ത്യന്‍ മധ്യനിരയിലേക്കു വന്നാല്‍ മൂന്നാം നമ്പറില്‍ ശുഭ്മന്‍ ഗില്‍ തന്നെയായിരിക്കും തുടരുക. പക്ഷെ നാലാം നമ്പറില്‍ ഇതിഹാസതാരവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോലിയെ കണ്ടേക്കില്ല. രോഹിത് ശര്‍മയ്ക്കു പിന്നാലെ അദ്ദേഹവും ടെസ്റ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. അപ്പോള്‍ നാലാമനായി ആരെന്നതാണ് ഇന്ത്യക്കു മുന്നിലുള്ള ചോദ്യം.

ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, സര്‍ഫറാസ് ഖാന്‍ എന്നിവരാണ് ഈ റോളിലേക്കു മല്‍സരിക്കുന്നത്. ഇവരില്‍ ശ്രേയസും സര്‍ഫറാസും ഇതിനകം ടെസ്റ്റില്‍ കളിച്ചു കഴിഞ്ഞു. പക്ഷെ രണ്ടു പേര്‍ക്കും സ്ഥാനമുറപ്പിക്കാനായിട്ടില്ല. അതുകൊണ്ടു തന്നെ സഞ്ജുവിനു നറുക്കുവീണേക്കും.

സഞ്ജുവിന്റെ അഗ്രസീവ് ശൈലി ഇഷ്ടപ്പെടുന്നയാള്‍ കൂടിയാണ് കോച്ച് ഗൗതം ഗംഭീര്‍. ടെസ്റ്റിനായി തയ്യാറായി ഇരിക്കാന്‍ അദ്ദേഹത്തോടു ഗംഭീര്‍ അടുത്തിടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇവയെല്ലാം ചേര്‍ത്തു വായിക്കുമ്പോള്‍ ടെസ്റ്റില്‍ സഞ്ജുവിനു വിളിയെത്തുമെന്നുറപ്പിക്കാം.

SANJU SAMSON

അഞ്ചാമനായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ഊഴമായിരിക്കും. റെഡ് ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹമുണ്ടാക്കുന്ന ഇംപാക്ട് വളരെ വലുതാണ്. അതുകൊണ്ടു തന്നെ ടെസ്റ്റിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് തന്നെയായിരിക്കും. ആറാമനായി സീം ബൗളിങ് ഓള്‍റൗണ്ടല്‍ നിതീഷ് റെഡ്ഡിയാണ് കളിക്കുക. ഓസ്‌ട്രേലിയക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെ അരങ്ങേറിയ അദ്ദേഹം മിന്നുന്ന പ്രകടനമാണ് നടത്തുന്നത്.

ബൗളിങ് നിര

ബൗളിങ് ലൈനപ്പിലേക്കു വന്നാല്‍ വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍ ഡബ്ല്യുടിസി ഫൈനലിനു ശേഷം വിരമിച്ചേക്കും. പകരം മുംബൈയില്‍ നിന്നുള്ള യുവ ഓള്‍റൗണ്ടര്‍ തനുഷ് കോട്ടിയാനെ ഇന്ത്യ ഈ റോളില്‍ വളര്‍ത്തിയെടുത്തേക്കും. ബൗളിങിനൊപ്പം ബാറ്റിങിലും നിര്‍ണായക സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനാവും.

എട്ടാമനായി സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായ രവീന്ദ്ര ജഡേജയായിരിക്കും ഇന്ത്യക്കായി കളിച്ചേക്കുക. അദ്ദേഹം ഫോമിലല്ലെങ്കില്‍ അക്ഷര്‍ പട്ടേലിനു നറുക്കുവീഴുകയും ചെയ്യും. പേസ് നിരയില്‍ ജസ്പ്രീത് ബുംറയായിരിക്കും ടീമിന്റെ കുന്തമുന. രോഹിത്തിന്റെ അഭാവത്തില്‍ സ്ഥിരം ക്യാപ്റ്റനായും അദ്ദേഹം മാറും. ബുംറയുടെ പേസ് ബൗളിങിലെ പങ്കാളികള്‍ മുഹമ്മദ് സിറാജും യുവതാരം ഹര്‍ഷിത് റാണയുമായിരിക്കും.

ഡബ്ല്യുടിസി ഫൈനലിനു ശേഷമുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീം

കെഎല്‍ രാഹുല്‍, യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, സഞ്ജു സാംസണ്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് റെഡ്ഡി, തനുഷ് കോട്ടിയാന്‍, രവീന്ദ്ര ജഡേജ/ അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ (ക്യാപ്റ്റന്‍), മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ.

Story first published: Wednesday, December 4, 2024, 6:36 [IST]
Other articles published on Dec 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+