For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC: ലോകകപ്പിനു പിന്നാലെ കിവികളോട് ഇന്ത്യക്കു കണക്കുതീര്‍ക്കാം, ഷെഡ്യൂള്‍ പുറത്ത്

നവംബറിലാണ് ന്യൂസിലാന്‍ഡ് ഇന്ത്യയിലേക്കു വരുന്നത്

1

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണിലെ ഇന്ത്യയുടെ മല്‍സരങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. 2021-23 സീസണിലെ ലോക ചാംപ്യന്‍ഷിപ്പില്‍ ആറു ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യക്കുള്ളത്. ഇതില്‍ മൂന്നെണ്ണം നാട്ടിലാണെങ്കില്‍ ശേഷിച്ച മൂന്നെണ്ണം വിദേശത്തുമാണ്. പ്രഥമ സീസണിലെ റണ്ണറപ്പായിരുന്ന വിരാട് കോലിയും സംഘവും ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്.

ലോക ചാംപ്യന്‍ഷിപ്പിന്റെ കഴിഞ്ഞ സീസണില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായിട്ടായിരുന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. പക്ഷെ കിരീടപ്പോരാട്ടത്തില്‍ കരുത്തരായ ന്യൂസിലാന്‍ഡിനു മുന്നില്‍ ഇന്ത്യ നിഷ്പ്രഭരായി. എട്ടു വിക്കറ്റിന്റെ വന്‍ പരാജയമായിരുന്നു ഇന്ത്യക്കു നേരിട്ടത്. രണ്ടു ദിവസത്തോളം മഴ കാരണം കളി മുടങ്ങിയിട്ടും അതു ഇന്ത്യയെ തോല്‍വിയില്‍ നിന്നു രക്ഷിച്ചില്ല.

പുതിയ സീസണില്‍ ഈ പരാജയത്തിന് നേരത്തേ തന്നെ കണക്കുതീര്‍ക്കാനുള്ളള അവസരം കോലിപ്പടയ്ക്കു ലഭിച്ചിരിക്കുകയാണ്. കാരണം ഇംഗ്ലണ്ടിനെതിരേ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കു ശേഷം കിവികള്‍ ഇന്ത്യയിലേക്കു വരികയാണ്. നവംബറിലാണ് കെയ്ന്‍ വില്ല്യംസണും സംഘവും ഇന്ത്യയിലെത്തുന്നത്. രണ്ടു ടെസ്റ്റുകളടങ്ങിയതാണ് പരമ്പര. യുഎഅ, ഒമാന്‍ എന്നീവിടങ്ങളിലായി നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷമായിരിക്കും ഇതെന്നാണ് സൂചനകള്‍.

ഇന്ത്യയുടെ അടുത്ത ടെസ്റ്റ് പരമ്പര മറ്റൊരു ശക്തരായ എതിരാളികളായ സൗത്താഫ്രിക്കയ്‌ക്കെതിരേയാണ്. ഈ വര്‍ഷം ഡിസംബര്‍ മുതല്‍ 2022 ജനുവരി വരെ സൗത്താഫ്രിക്കയിലാണ് ഈ പരമ്പര നടക്കുക. മൂന്നു ടെസ്റ്റുകളില്‍ ഇരുടീമുകളും ഏറ്റുമുട്ടും. ഈ പരമ്പരയ്ക്കു പിന്നാലെ ശ്രീലങ്കന്‍ ടീം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിക്കും. മൂന്നു ടെസ്റ്റുകളിലാണ് അയല്‍ക്കാരുമായി ഇന്ത്യ പോരടിക്കുന്നത്.

2

പിന്നീട് 2022ത്തിന്റെ മധ്യത്തോടെ ഓസ്‌ട്രേലിയ ഇന്ത്യയിലേക്കു വരും. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കു വേണ്ടിയാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. നേരത്തേ ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ രണ്ടു പരമ്പരകളിലും ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നു. ഇനി നാട്ടിലും ഓസീസിനുമേല്‍ ആധിപത്യം തുടരാനായിരിക്കും ഇന്ത്യയുടെ ശ്രമം. ബംഗ്ലാദേശിനെതിരേയാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അവസാനത്തെ പരമ്പര. ബംഗ്ലാദേശില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്.

അതേസമയം, ലോക ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷനിലെ ആദ്യത്തെ പരമ്പരയാണ് ഇംഗ്ലണ്ടിനെതിരേ ഇന്ത്യ കളിച്ചുകൊണ്ടിരിക്കുന്നത്. നോട്ടിങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജില്‍ നടന്ന ഒന്നാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. ഇന്ത്യക്കു വിജയസാധ്യതയുണ്ടായിരുന്ന ഈ ടെസ്റ്റില്‍ അഞ്ചാമത്തെയും അവസാത്തെയും ദിനത്തിലെ കളി മഴ കാരണം പൂര്‍ണമായ മുടങ്ങിയതോടെയാണ് ഇന്ത്യക്കു സമനില കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നത്. സമനിലയോടൊപ്പം മറ്റൊരു തിരിച്ചടി കൂടി ഇന്ത്യക്കു ഈ ടെസ്റ്റില്‍ നേരിട്ടിരുന്നു. കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ഇരുടീമുകളുടെയും രണ്ടു പോയിന്റ് വീതം വെട്ടിക്കുറയ്ക്കുകയായിരുന്നു.

ആദ്യ സീസണിലെ ഫൈനല്‍
ഈ വര്‍ഷം ജൂണിലായിരുന്നു പ്രഥമ സീസണിലെ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ അരങ്ങേറിയത്. ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ വച്ചായിരുന്നു ഇന്ത്യയും കിവീസും ടെസ്റ്റിലെ വിശ്വകിരീടത്തിനായി കൊമ്പുകോര്‍ത്തത്. മഴ പല തവണ രസംകെടുത്തിയ മല്‍സരത്തില്‍ ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് ഇന്ത്യന്‍ പരാജയത്തിനു കാരണം.

ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യയായിരുന്നു. ഒന്നാമിന്നിങ്‌സില്‍ 217 റണ്‍സിന് ഇന്ത്യ പുറത്തായി. അജിങ്ക്യ രഹാനെ (49), ക്യാപ്റ്റന്‍ കോലി (44) എന്നിവരായിരുന്നു പ്രധാന സ്‌കോറര്‍മാര്‍. മറുപടിയില്‍ കിവീസ് ആദ്യ ഇന്നിങ്‌സിലെടുത്തത് 249 റണ്‍സായിരുന്നു. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നു. വെറും 170 റണ്‍സിന് ഇന്ത്യ കൂടാരംകയറി. 139 റണ്‍സായിരുന്നു ന്യൂസിലാന്‍ഡിന്റെ ലക്ഷ്യം. രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അവര്‍ ലക്ഷ്യത്തിലെത്തുകയും ചെയ്തു.

Story first published: Sunday, August 15, 2021, 16:03 [IST]
Other articles published on Aug 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+