WTC: കലാശപ്പോരില്‍ ആരാവും കളിയിലെ കേമന്‍? സാധ്യത മൂന്നുപേര്‍ക്ക്
ടെസ്റ്റിലെ ലോകകിരീടം മോഹിച്ച് ഇന്ത്യയും ന്യൂസിലാന്‍ഡും വെള്ളിയാഴ്ച മുതല്‍ അങ്കത്തട്ടില്‍ ഇറങ്ങുകയാണ്. സതാംപ്റ്റണിലാണ് കലാശപ്പോരാട്ടം. മികച്ച ഫോമിലുള്ള ഇരുടീമുകളും കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. ശക്തമായ ടീമിനെയാണ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും അണിനിരത്തുക.
15 അംഗ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം ഇരുടീമുകളും പ്രഖ്യാപിച്ചിരുന്നു. ഫൈനലില്‍ മിന്നുന്ന പ്രകടനത്തിലൂടെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടാന്‍ സാധ്യതയുള്ള ചില താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

നീല്‍ വാഗ്നര്‍
ന്യൂസിലാന്‍ഡ് ടീമിലെ നിശബ്ധായ കൊലയാളിയെന്നു പേസര്‍ നീല്‍ വാഗ്നറിനെ വിശേഷിപ്പിക്കാം. കൈയടി മുഴുവന്‍ ടിം സോത്തിയും ട്രെന്റ് ബോള്‍ട്ടും പങ്കിടുമ്പോള്‍ വാഗ്നര്‍ തന്റെ റോള്‍ ഭംഗിയായി നിറവേറ്റി ഇവര്‍ക്കൊപ്പം തന്നെയുണ്ടാവും. ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ടീമിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. ലോക ചാംപ്യന്‍ഷിപ്പിന്റെ ലീഗ് ഘട്ടത്തില്‍ 32 വിക്കറ്റുകള്‍ വാഗ്നര്‍ വീഴ്ത്തിയിരുന്നു.
ലൈനിലും ലെങ്ത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത അദ്ദേഹം എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കാറുണ്ട്. യോര്‍ക്കറുകളെറിയാനുള്ള മിടുക്കും വാഗ്നറെ കൂടുതല്‍ അപകടകാരിയാക്കി മാറ്റുന്നു.

വിരാട് കോലി
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെടാന്‍ സാധ്യതയുള്ള മറ്റൊരാള്‍. 2019നു ശേഷം ഒരു വലിയ ഇന്നിങ്‌സ് പോലും അദ്ദേഹത്തിനു കളിക്കാനായിട്ടില്ല. ഈ കുറവ് ഫൈനലില്‍ നികത്താനായിരിക്കും കോലിയുടെ ശ്രമം. ലോക ചാംപ്യന്‍ഷിപ്പില്‍ 14 ഇന്നിങ്‌സുകളില്‍ നിന്നും 43.85 ശരാശിയില്‍ 877 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇന്ത്യന്‍ റണ്‍വേട്ടക്കാരില്‍ മൂന്നാമതാണ് കോലി. വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (1095 റണ്‍സ്), രോഹിത് ശര്‍മ (1030) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.
ന്യൂസിലാന്‍ഡിനെതിരേ ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 773 റണ്‍സാണ് കോലി ഇതുവരെ നേടിയത്. 51.63 എന്ന മികച്ച ശരാശരിയിലാണിത്. ഒരു ഡബിള്‍ സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. ടെസ്റ്റില്‍ ന്യൂസിലാന്‍ഡിനെതിരേ 1000 റണ്‍സെന്ന നാഴികക്കല്ലിന് അരികിലാണ് ഇന്ത്യന്‍ നായകന്‍. ഫൈനലില്‍ 227 റണ്‍സെടുത്താല്‍ കോലി ഈ നേട്ടത്തിലെത്തും.

രവീന്ദ്ര ജഡേജ
ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഒറ്റയ്ക്കു മല്‍സരഗതി മാറ്റിമറിക്കാന്‍ ശേഷിയുള്ള താരമായി മാറിക്കഴിഞ്ഞു. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് തുടങ്ങി മൂന്നിലും ജഡ്ഡു ഒരുപോലെ കേമനാണ്. അതുകൊണ്ടു തന്നെ ഫൈനലില്‍ വലിയ പ്രതീക്ഷയാണ് ടീമിനു അദ്ദേഹത്തിലുള്ളത്.
ടെസ്റ്റില്‍ നേരത്തേ പല തവണ ഇന്ത്യക്കു വേണ്ടി ബാറ്റിങില്‍ മികച്ച സംഭാവന നല്‍കാന്‍ ജഡ്ഡുവിനായിട്ടുണ്ട്. ഈ ഫൈനലിലും അതുപോലെയൊരു പ്രകടനമാണ് ടീം അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഒപ്പം ബൗളിങിലും തിളങ്ങിയാല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും ജഡ്ഡുവിനെ തേടിയെത്തുമെന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications