WTC: ഫൈനലിലെ ഫേവറിറ്റുകള്‍ ഇന്ത്യ! മൂന്നില്‍ രണ്ടിലും മുന്‍തൂക്കം കോലിപ്പടയ്ക്ക്
ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിലെ ഫേവറിറ്റുകള്‍ ആരാണ്? ഇരുടീമുകളും ഒരുപോലെ ശക്തരായതിനാല്‍ മേല്‍ക്കൈ ആര്‍ക്കെന്നു ചൂണ്ടിക്കാട്ടുക പ്രയാസമാണ്. ജൂണ്‍ 18 മുതല്‍ സതാംപ്റ്റണിലാണ് കലാശപ്പോരാട്ടം അരങ്ങേറുക.
മൂന്നു ഘടകങ്ങളായിരിക്കും യഥാര്‍ഥത്തില്‍ ഫൈനലിലെ ഫേവറിറ്റുകളെ തീരുമാനിക്കുകയെന്നു പറയേണ്ടി വരും. ഇവ ഏതൊക്കെയാണെന്നും ഓരോന്നിലും ആര്‍ക്കാണ് മുന്‍തൂക്കമെന്നും നമുക്കു വിശദമായി പരിശോധിക്കാം.

ഫൈനലിലേക്കുള്ള വരവ്
നാട്ടിലെ ടെസ്റ്റുകളില്‍ കൂടുതല്‍ ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യയും ന്യൂസിലാന്‍ഡും ഫൈനലിലേക്കു മുന്നേറിയത്. ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നിവരെ നാട്ടില്‍ ഇന്ത്യ കെട്ടുകെട്ടിച്ചപ്പോള്‍ കിവീസ് നാട്ടില്‍ പാകിസ്താനെയും വെസ്റ്റ് ഇന്‍ഡീസിനെയും തുരത്തുകയായിരുന്നു.
എവേ മല്‍സരങങളിലായിരുന്നു ഇരുടീമുകള്‍ക്കും വെല്ലുവിളി നേരിട്ടത്. വിന്‍ഡീസിനെ 2-0ന് തൂത്തുവാരിയ ഇന്ത്യ ന്യൂസിലാന്‍ഡിനോടു ഇതേ മാര്‍ജിനില്‍ നാണംകെട്ടു. എന്നാല്‍ ഓസ്‌ട്രേലിയയെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-1ന് കീഴടക്കി ഇന്ത്യ ഈ ക്ഷീണം തീര്‍ത്തു. ആദ്യ ടെസ്റ്റില്‍ നാണംകെട്ട തോല്‍വിയും പരിക്കു കാരണം പല പ്രമുഖ താരങ്ങളെയും നഷ്ടമായിട്ടും ഇന്ത്യ നേടിയ വിജയം ക്രെഡിറ്റ് അര്‍ഹിക്കുന്നു. ന്യൂസിലാന്‍ഡ് ശ്രീലങ്കയെ അവരുടെ നാട്ടില്‍ 1-1നു സമനിലയില്‍ തളച്ചെങ്കിലും ഓസീസിനോട് 0-3ന് തകര്‍ന്നടിഞ്ഞു.
കളിക്കാരുടെ പോരാട്ടവീര്യവും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ മറികടന്ന് താരങ്ങള്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നതുമെല്ലാം പരിഗണിക്കുമ്പോള്‍ ഫൈനലിലേക്കുള്ള പ്രയാണത്തില്‍ ന്യൂസിലാന്‍ഡിനേക്കാള്‍ കേമന്‍മാര്‍ ഇന്ത്യയാണെന്നു കാണാം.

ഫൈനലിനുള്ള തയ്യാറെടുപ്പ്
ജൂണ്‍ രണ്ടിനാണ് ഇന്ത്യന്‍ ടീം ഫൈനലിനു വേണ്ടി ഇംഗ്ലണ്ടിലേക്കു യാത്ര തിരിക്കുന്നത്. അവിടെ മൂന്നു നാള്‍ ക്വാറന്റീനില്‍ കഴിഞ്ഞ ശേഷം ഇന്ത്യ പരിശീലനം ആരംഭിക്കും. എന്നാല്‍ ന്യൂസിലാന്‍ഡാവട്ടെ ഇതിനകം ഇംഗ്ലണ്ടിലെത്തിക്കഴിഞ്ഞു. ഫൈനലിനു മുമ്പ് ഇംഗ്ലണ്ടിനെതിരേ രണ്ടു ടെസ്റ്റുകളുടെ പരമ്പരയിലും അവര്‍ കളിക്കുന്നുണ്ട്. ഇതു തീര്‍ച്ചയായും ഫൈനലിനു മുമ്പ് കാലാവസ്ഥയും പിച്ചുമായെല്ലാം പൊരുത്തപ്പെടാന്‍ കിവികളെ സഹായിക്കും.
എന്നാല്‍ ഇന്ത്യന്‍ ടീമിന് ഇത്ര മികച്ച തയ്യാറെടുപ്പിന് അവസരമില്ല. പരിശീലനസെഷനുകളും ഇന്ത്യന്‍ ടീം തന്നെ രണ്ടായി തിരിഞ്ഞുള്ള പരിശീലന മല്‍സരങ്ങളും മാത്രമേ അവര്‍ക്കു മുന്നിലുള്ളൂ. ഇതു തീര്‍ച്ചയായും തിരിച്ചടിയാണ്. നേരിട്ട് ഫൈനലില്‍ കളിക്കുന്നതിന്റെ വെല്ലുവിളി ഇന്ത്യക്കു മുന്നിലുണ്ട്. അതുകൊണ്ടു തന്നെ ഫൈനലിനുള്ള തയ്യാറെടുപ്പ് വിലയിരുത്തുമ്പോള്‍ മുന്‍തൂക്കം ന്യൂസിലാന്‍ഡിനാണ്.

ഗ്രൗണ്ടും സാഹചര്യങ്ങളും
ഗ്രൗണ്ടും സാഹചര്യങ്ങളും പരിശോധിക്കുമ്പോള്‍ ന്യൂസിലാന്‍ഡിനേക്കാള്‍ സന്തോഷമുണ്ടാവുക ഇന്ത്യക്കായിരിക്കും. കാരണം നേരത്തേ ഫൈനലിന്റെ വേദിയായി നിശ്ചയിച്ചിരുന്നത് ലോര്‍ഡ്‌സായിരുന്നു. ഇത് പിന്നീട് സതാംപ്റ്റണിലേക്കു മാറ്റുകയായിരുന്നു. ലോര്‍ഡ്‌സുമായി താരതമ്യം ചെയ്യുമ്പോള്‍ സ്പിന്‍ ബൗളിങിന് കൂടുതല്‍ യോജിക്കുന്നതാണ് സതാംപ്റ്റണിലെ പിച്ച്. ഇതു ഇന്ത്യയുടെ സ്പിന്‍ ജോടികളായ ആര്‍ അശ്വിന്‍- രവീന്ദ്ര ജഡേജ എന്നിവരെ കൂടുതല്‍ അപകടകാരികളാക്കി മാറ്റുകയും ചെയ്യും.
സ്പിന്‍ ബൗളിങിനെ അത്ര നന്നായി നേരിടാന്‍ കിവീസ് ബാറ്റ്‌സ്മാന്‍മാര്‍ക്കു അറിയില്ലെന്നതും ഇന്ത്യക്കു പ്ലസ് പോയിന്റാണ്. സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന പിച്ചുകളില്‍ ഇന്ത്യക്കു വേണ്ടി റിഷഭ് പന്ത് അടുത്തിടെ നടത്തിയിട്ടുള്ള പ്രകടനങ്ങളും ടീമിനു പ്രതീക്ഷിക്കാന്‍ വക നല്‍കുന്നുണ്ട്.
ഫൈനലിനു മുമ്പ് പ്രധാനപ്പെട്ട മൂന്നു ഘടകങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ടിലും ഇന്ത്യക്കാണ് മുന്‍തൂക്കമെന്നു കാണാം. അതുകൊണ്ടു തന്നെ ഫൈനലിലെ ഫേവറിറ്റുകളും കോലിപ്പടയാണ്. തയ്യാറെടുപ്പിന്റെ കാര്യത്തില്‍ മാത്രമാണ് അവര്‍ ഇന്ത്യക്കു മുകളില്‍ നില്‍ക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications