ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ (2023-25) അടുത്ത എഡിഷനിലെ മല്‍സരക്രമങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ആറു പരമ്പരകളാണ് ഇന്ത്യന്‍ ടീം അടുത്ത സൈക്കിളില്‍ കളിക്കുന്നത്. ഇതില്‍ മൂന്നെണ്ണം നാട്ടിലാണെങ്കില്‍ ശേഷിച്ച മൂന്നെണ്ണം വിദേശത്തുമാണ്. ആകെയുള്ള ആറു പരമ്പരകളില്‍ ഇന്ത്യക്കു എളുപ്പമെന്നു പറയാവുന്നത് രണ്ടെണ്ണം മാത്രമാണ്. ശേഷിച്ച നാലു പരമ്പരകളും കടുപ്പമായിരിക്കും. അതുകൊണ്ടു തന്നെ തുടര്‍ച്ചയായി മൂന്നാമതും ഫൈനലില്‍ കളിക്കുക ഇന്ത്യക്കു ദുഷ്‌കരം തന്നെയായിരിക്കും.
നാട്ടില്‍ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരകള്‍ ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവരുമായിട്ടാണ്. വിദേശത്തു ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരുമായും ഇന്ത്യ കൊമ്പുകോര്‍ക്കും. പുതിയ സീസണില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര വെസ്റ്റ് ഇന്‍ഡീസുമായിട്ടാണ്. അടുത്ത മാസവും ആഗസ്റ്റിലുമായിട്ടാണ് വിന്‍ഡീസില്‍ ഇന്ത്യ രണ്ടു ടെസ്റ്റുകളില്‍ കളിക്കുന്നത്. ഡിസംബര്‍-ജനുവരിയിലായി സൗത്താഫ്രിക്കയില്‍ രണ്ടു ടെസ്റ്റുകളില്‍ ഇന്ത്യ മാറ്റുരയ്ക്കും.

2024 ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളില്‍ ഇന്ത്യ ഏറ്റുമുട്ടും. സപ്തംബര്‍ - ഒക്ടോബറിലായി ബംഗ്ലാദേശ് രണ്ടു ടെസ്റ്റുകള്‍ക്കായി ഇന്ത്യയിലേക്കു വരും. ഒക്ടോബര്‍- നവംബറില്‍ ന്യൂസിലാന്‍ഡും മൂന്നു ടെസ്റ്റുകള്‍ കളിക്കാന്‍ ഇന്ത്യയിലെത്തും. അവസാന പരമ്പര ഡിസംബര്‍-ജനുവരി (2025) മാസങ്ങളിലായി ഓസ്‌ട്രേലിയയുമായിട്ടാണ്. ഓസ്‌ട്രേലിയ വേദിയാവുന്ന ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി പരമ്പരയില്‍ അഞ്ചു ടെസ്റ്റുകളുണ്ടാവും.
അടുത്ത ഡബ്ല്യുടിസി സൈക്കിളില്‍ വിദേശത്തെ മൂന്നു പരമ്പരകളില്‍ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേ ഇന്ത്യക്കു വിജയിക്കാന്‍ കഴിയും. പക്ഷെ സൗത്താഫ്രിക്കയിലെ പരമ്പര കടുപ്പം തന്നെയായിരിക്കും. തുടരെ മൂന്നാം തവണയും ഇന്ത്യ ഫൈനലിലെത്തുമെന്നാണ് കരുതുന്നത്. ന്യൂസിലാന്‍ഡ്- ഓസ്‌ട്രേലിയ എന്നിവരിലൊരു ടീമായിരിക്കും ഫൈനലിലെ എതിരാളികളെന്നും ഒരു ആരാധകന്‍ അടുത്ത സീസണിനെക്കുറിച്ച് പ്രവചിച്ചു.
ഡബ്ല്യുടിസിയില്‍ നമ്മള്‍ വീണ്ടുമൊരു ഫൈനലില്‍ പരാജയത്തിലേക്കു നീങ്ങുകയാണ്. രോഹിത് ശര്‍മയെ മാറ്റി വീണ്ടുമൊരിക്കല്‍ക്കൂടി വിരാട് കോലിയെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാന്‍ ഇനിയും സമയം വൈകിയിട്ടില്ല. തുടര്‍ച്ചയായി മൂന്നാം തവണയും ഇന്ത്യയിലെ ഫൈനിലേക്കു നയിക്കാന്‍ കോലിക്കു സാധിക്കും. ഇംഗ്ലണ്ടുമായുള്ള നാട്ടിലെ ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെ ആയിരിക്കും. വിദേശത്തു ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരുമായുള്ള പരമ്പരകളും ഇന്ത്യക്കു കടുപ്പമായിരിക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

നാട്ടില്‍ നടക്കാനിരിക്കുന്ന മൂന്നു പരമ്പരകളിലെയും മുഴുവന്‍ ടെസ്റ്റുകളിലും ഇന്ത്യ ജയിക്കണം. കൂടാതെ വരാനിരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ രണ്ടു ടെസ്റ്റുകളും തൂത്തുവാരണം. അതു കൂടാതെ ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരേ അവരുടെ നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്പര സമനിലയാക്കുകയും വേണം. ഇതിനു സാധിക്കുകയാണെങ്കില്‍ ഇന്ത്യക്കു ഒരിക്കല്‍ക്കൂടി ഫൈനലിലേക്കു യോഗ്യത നേടാമെന്നും ആരാധകര്‍ കുറിച്ചു.
അതേസമയം 2021ലെ പ്രഥമ ഡബ്ല്യുടിസി ഫൈനലില്‍ ന്യൂസിലാന്‍ഡിനു മുന്നിലായിരുന്നു ഇന്ത്യ കിരീടം അടിയറ വച്ചത്. ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നടന്ന കലാശക്കളിയില്‍ വിരാട് കോലിയെയും സംഘത്തെയും എട്ടു വിക്കറ്റിനു കിവികള്‍ തുരത്തുകയായിരുന്നു. ഇത്തവണയും ഫൈനലിലെത്തിയെങ്കിലും ഒരിക്കല്‍ക്കൂടി കിരീടം കൈവിട്ടു പോവുമോയെന്ന ഭീതിയിലാണ് ടീം ഇന്ത്യ.
ഓസ്‌ട്രേലിയയുമായി ഇംഗ്ലണ്ടിലെ ഓവലില്‍ പുരോഗമിക്കുന്ന കലാശക്കളിയില്‍ ഇന്ത്യക്കു ജയിക്കാന്‍ 444 റണ്‍സാണ് വേണ്ടത്. നാലാംദിനം മൂന്നു വിക്കറ്റിനു 164 റണ്‍സെന്ന നിലയിലാണ് ഇന്ത്യ കളി അവസാനിപ്പിച്ചത്. അവസാനദിനം ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യക്കു ജയിക്കാന്‍ 280 റണ്‍സ് കൂടി വേണം.