ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാമത്തെ ഫൈനല്‍ സ്വപ്‌നം കാണുകയാണ് ടീം ഇന്ത്യ. അടുത്ത വര്‍ഷം ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സിലാണ് റെഡ് ബോള്‍ ക്രിക്കറ്റിലെ രാജാക്കന്‍മാരെ കണ്ടെത്താനുള്ള കലാശപ്പോര് നടക്കാനിരിക്കുന്നത്. കഴിഞ്ഞ രണ്ടു എഡിഷനിലും ഫൈനലിലുണ്ടായിരുന്ന ടീമാണ് ഇന്ത്യ. പക്ഷെ ന്യസിലാന്‍ഡ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കു മുന്നില്‍ കിരീടം അടിയറവയ്ക്കുകയായിരുന്നു. നിലവില്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ തുലാസില്‍ നില്‍ക്കുകയാണ്.
ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡല്‍ ഗവാസ്കര്‍ ട്രോഫിയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് ടീം ഇന്ത്യ. ഫൈനലിനു മുമ്പ് ഇന്ത്യയുടെ അവസാനത്തെ റെഡ് ബോള്‍ പരമ്പര കൂടിയാണിത്. ആദ്യ ടെസ്റ്റില്‍ ജയിച്ച് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഗംഭീരമായി തന്നെയാണ് ഇന്ത്യ തുടങ്ങിയിരിക്കുന്നത്. തുടര്‍ന്നുള്ള ടെസ്റ്റുകളിലും ഇതാവര്‍ത്തിക്കാനായാല്‍ മാത്രമേ ഫൈനലിലേക്കു ടിക്കറ്റെടുക്കാന്‍ ഇന്ത്യക്കു സാധിക്കുകയുളളൂ.
അതേസമയം, സൗത്താഫ്രിക്കയും ശ്രീലങ്കയും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യയുടെ ഫൈനല്‍ യോഗ്യത തീരുമാനിക്കുന്നതില്‍ ഏറെ നിര്‍ണായകമായിമാറും. ഇതിനു പിന്നിലെ കാരണം എന്താണെന്നു നമുക്കു പരിശോധിക്കാം.

ഫൈനല്‍ സാധ്യത
ന്യൂസിലാന്‍ഡുമായി നാട്ടില്‍ അവസാനം കളിച്ച മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ തൂത്തുവാരപ്പെട്ടതാണ് ഇന്ത്യയുടെ ഫൈനല്‍ മോഹങ്ങള്‍ക്കു മങ്ങലേല്‍പ്പിച്ചിരിക്കുന്നത്. ഈ പരമ്പര ജയിച്ചിരുന്നെങ്കില്‍ ഫൈനലിനു കൈയെത്തുംദൂരത്ത് എത്താന്‍ ഇന്ത്യക്കു സാധിക്കുമായിരുന്നു. ഇനി ഓസ്‌ട്രേലിയയുമായുള്ള ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ജയിക്കുകയല്ലാതെ ഇന്ത്യക്കു മുന്നില്‍ വേറെ വഴികളില്ല.
നിലവിലെ ഡബ്ല്യുടിസി പോയിന്റ് പട്ടിക പരിശോധിച്ചാല്‍ ഇന്ത്യയാണ് തലപ്പത്ത്. പെര്‍ത്ത് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ നേടിയ ഗംഭീര ജയത്തോടെ ഇന്ത്യയുടെ വിജയശതമാനം 61.11 ആയി ഉയര്‍ന്നിരിക്കുകയാണ്. നേരത്തേ തലപ്പത്തുണ്ടായിരുന്ന ഓസീസ് രണ്ടാംസ്ഥാനത്തേക്കും വീണു. 57.769 ആണ് അവരുടെ വിജയശതമാനം.
ഇന നാലു ടെസ്റ്റുകളാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ശേഷിക്കുന്നത്. ഇതില്‍ മൂന്നെണ്ണത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനായാല്‍ ഇന്ത്യക്കു ഫൈനലിലേക്കു യോഗ്യത ലഭിക്കും. പക്ഷെ ഇത്രയും ടെസ്റ്റുകളില്‍ ജയിക്കുകയെന്നത് രോഹിത് ശര്‍മയ്ക്കും സംഘത്തിനും കടുപ്പം തന്നെയായിരിക്കും. അടുത്ത മൂന്നു ടെസ്റ്റിലും ജയിച്ചാല്‍ മറ്റു ടീമുകളുടെ മല്‍സരഫലത്തെ ആശ്രയിക്കാതെ തന്നെ ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്ത് ഇന്ത്യക്കു ഫൈനല്‍ ടിക്കറ്റ് വാങ്ങാം.
പക്ഷെ ഇന്ത്യക്കു ഇനിയുള്ള നാലു ടെസ്റ്റില്‍ മൂന്നെണ്ണം ജയിക്കാനായില്ലെങ്കില്‍ ഫൈനല്‍ യോഗ്യതയ്ക്കായി സൗത്താഫ്രിക്കയും ശ്രീലങ്കയും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പര ഫലത്തെ ആശ്രയിക്കേണ്ടതായി വരും.
എങ്ങനെ ബാധിക്കും
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ നിലവില്‍ ഇന്ത്യ, ഓസ്‌ട്രേലിയ എന്നിവര്‍ക്കു പിന്നിലായി മൂന്നാംസ്ഥാനത്താണ് ശ്രീലങ്കയുള്ളത്. 55.56 ആണ് അവരുടെ വിജയശതമാനം. എന്നാല്‍ സൗത്താഫ്രിക്കയുമായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര അവര്‍ക്കു 2-0നു ജയിക്കാനായാല്‍ വിജയശതമാനം 63.6ലേക്കു ഉയരും. അങ്ങനെ വരികയാണെങ്കില്‍ ഓസ്‌ട്രേലിയയുമായുള്ള ശേഷിച്ച നാലു ടെസ്റ്റുകളില്‍ രണ്ടോ, അതില്‍ കൂടുതലോ മല്‍സരങ്ങളില്‍ ഇന്ത്യക്കു ജയിക്കേണ്ടതായി വരികയും ചെയ്യും.
ഇനി സൗത്താഫ്രിക്കയാണ് രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരുന്നതെങ്കില്‍ അവരുടെ വിജയശതമാനം 63.33 ലെത്തും. ശ്രീലങ്കയുടേത് 45.45ലേക്കു കുറയും. അങ്ങനെ വന്നാല്‍ ഫൈനലിലെത്താനുള്ള സുവര്‍ണാസരമാവും സൗത്താഫ്രിക്കയെ തേടിയെത്തിയേക്കുക.
കാരണം പാകിസ്താനെതിരേ സ്വന്തം നാട്ടിലാണ് അവര്‍ അടുത്ത പരമ്പര കളിക്കാനിരിക്കുന്നത്. ഇനി ശ്രീലങ്കയും സൗത്താഫ്രിക്കയും തമ്മിലുള്ള പരമ്പര 1-1നു അവസാനിച്ചാല്‍ ഇരുടീമുകളുടെയും വിജയ ശതമാനം യഥാക്രമം 54.55, 53.33 എന്നിങ്ങനെ ആയി മാറുകയും ചെയ്യും.