ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിനു ഐസിസി തുടക്കമിട്ട ശേഷം ഇതുവരെ നടന്ന രണ്ടു എഡിഷനുകളിലും ഫൈനലില്‍ കളിക്കാന്‍ ഭാഗ്യമുണ്ടായ ടീമാണ് ഇന്ത്യ. രണ്ടു തവണയും ലോക കിരീടം കൈയെത്തുംദൂരത്തു വഴുതിപ്പോയെങ്കിലും ഫൈനല്‍ വരെയെത്തിയത് തീര്‍ച്ചയായും അഭിമാനാര്‍ഹമായ നേട്ടം തന്നെയാണ്. 2021ലെ കന്നി ഫൈനലില്‍ ന്യൂസിലാന്‍ഡിനോടും കഴിഞ്ഞ വര്‍ഷത്തെ കലാശക്കളിയില്‍ ഓസ്‌ട്രേലിയയോടും ഇന്ത്യ കീഴടങ്ങുകയായിരുന്നു.
ഡബ്ല്യുടിസിയുടെ മൂന്നാം സീസണാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അടുത്ത വര്‍ഷമാണ് ഫൈനല്‍ നടക്കാനിരിക്കുന്നത്. ഇത്തവണയും മിന്നുന്ന പ്രകടനമാണ് ടീം ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തും ഇന്ത്യ തന്നെയാണ്. ഹാട്രിക്ക് ഫൈനലാണ് ഡബ്ല്യുടിസിയില്‍ ഇന്ത്യ സ്വപ്‌നം കാണുന്നത്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 68.51 വിജയ ശതമാനവുമായാണ് ഇന്ത്യ ഒന്നാമതുള്ളത്. ഓസ്‌ട്രേലിയ (62.50), ന്യൂസിലാന്‍ഡ് (50) എന്നിവരാണ് രണ്ടും മൂന്നു സ്ഥാനങ്ങളില്‍.

ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് നിലവില്‍ ഫൈനല്‍ യോഗ്യതയ്ക്കു അരികെ നില്‍ക്കുന്നത്. ഫൈനലില്‍ കടക്കാന്‍ ഇന്ത്യയുടെയും ഓസീസിന്റെയും കട്ട് ഓഫ് പോയിന്റ് ശതമാനം 58 ലേക്കു കുറഞ്ഞിരിക്കുകയാണ്. മറ്റു ടീമുകള്‍ക്കു ഇന്ത്യയെയും ഓസീസിനെയും മറികടക്കണമെങ്കില്‍ 60 ശതമാനം പോയിന്റ് വേണ്ടിവരും. ഓരോ ടീമിന്റെയും ഫൈനല്‍ സാധ്യതകളെക്കുറിച്ച് നമുക്കു വിശദമായി പരിശോധിക്കാം.
ഫൈനല്‍ സാധ്യതകള്‍ നോക്കുകയാണെങ്കില്‍ കാര്യങ്ങള്‍ ഏറ്റവും എളുപ്പം ഇന്ത്യക്കാണ്. ഇനി 10 ടെസ്റ്റുകളാണ് ഡബ്ല്യുടിസിയുടെ ഈ സൈക്കിളില്‍ ഇന്ത്യക്കു ബാക്കിയുള്ളത്. ഇതില്‍ അഞ്ചെണ്ണത്തില്‍ ജയിക്കാനായാല്‍ ഇന്ത്യക്കു ഫൈനല്‍ ഉറപ്പിക്കാം. ബംഗ്ലാദേശിനെതിരേ നാട്ടില്‍ രണ്ടു ടെസ്റ്റുകളാണ് ഇന്ത്യ അടുത്തതായി കളിക്കുക. പിന്നാലെ ന്യൂസിലാന്‍ഡിനെതിരേ മൂന്നു ടെസ്റ്റുകളുടെ പരമ്പരയുണ്ട്. അതിനു ശേഷം ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടിലാണ് അവസാന പരമ്പര. അഞ്ചു ടെസ്റ്റുകളാണ് ഓസ്‌ട്രേലിയയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത്.
ഇന്ത്യ കഴിഞ്ഞാല്‍ ഫൈനല്‍ സാധ്യത കൂടുതലുള്ളത് നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയക്കാണ്. ഏഴു ടെസ്റ്റുകളാണ് ഡബ്ല്യുടിസില്‍ അവര്‍ക്കു ശേഷിക്കുന്നത്. ഇതില്‍ നാലെണ്ണത്തില്‍ ജയിച്ചാല്‍ ഓസീസ് ഫൈനിലെത്തും. ഇന്ത്യക്കെതിരേ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് ഓസീസ് അടുത്തതായി കളിക്കുക. അതിനു ശേഷം ശ്രീലങ്കയില്‍ രണ്ടു ടെസ്റ്റുകളിലും ഓസീസ് മാറ്റുരയ്ക്കും.
സൗത്താഫ്രിക്കയ്ക്കു ബാക്കിയുള്ളത് എട്ടു ടെസ്റ്റുകളാണ്. ഇതില്‍ ഏഴെണ്ണത്തിലെങ്കിലും വിജയിക്കാനായാല്‍ മാത്രമേ അവര്‍ക്കു ഫൈനല്‍ പ്രതീക്ഷയുള്ളൂ. രണ്ടു ടെസ്റ്റുകള്‍ വീതമുള്ള നാലു പരമ്പരകളാണ് സൗത്താഫ്രിക്ക ഇനി കളിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേ അവരുടെ നാട്ടിലാണ് അടുത്ത രണ്ടു പരമ്പരകള്‍. അതിനു ശേഷം നാട്ടില്‍ ശ്രീലങ്ക, പാകിസ്താന്‍ എന്നിവരുമായും രണ്ടു പരമ്പരകളില്‍ സൗത്താഫ്രിക്ക കൊമ്പുകോര്‍ക്കും.
പ്രഥമ സീസണിലെ ചാംപ്യന്‍മാരായ ന്യൂസിലാന്‍ഡിനും ഫൈനലിലെത്തുക കടുപ്പം തന്നെയാണ്. ഇനിയുള്ള എട്ടു ടെസ്റ്റുകളില്‍ ആറെണ്ണം ജയിച്ചാല്‍ മാത്രമേ ന്യൂസിലാന്‍ഡ് ഫൈനല്‍ കാണുകയുള്ളൂ. ശ്രീലങ്കയുമായി രണ്ടു ടെസ്റ്റുകളാണ് അവര്‍ അടുത്തതായി കളിക്കുക. ഇന്ത്യക്കെതിരേയും ഇംഗ്ലണ്ടിനെതിരേയും മൂന്നു വീതം ടെസ്റ്റുകളും കിവീസ് തുടര്‍ന്നു കളിക്കുകയും ചെയ്യും.

പാകിസ്‌കാന്‍ ടീമിനു ഇനി ഒമ്പതു ടെസ്റ്റുകളാണ് ശേഷിക്കുന്നത്. ഇതില്‍ ഏഴെണ്ണത്തില്‍ ജയിക്കാനായാല്‍ പാക് പടയ്ക്കു ഫൈനല്‍ സാധ്യതയുണ്ട്. ബംഗ്ലാദേശിനെ രണ്ടും (ഹോം) ഇംഗ്ലണ്ടിനെതിരേ മൂന്നും (ഹോം) സൗത്താഫ്രിക്കയ്‌ക്കെതിരേ രണ്ടും (എവേ) വെസ്റ്റ് ഇന്‍ഡീസിനെതിരേ രണ്ടും (ഹോം) ടെസ്റ്റുകളാണ് പാകിസ്താനു ശേഷിക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസിനും ഇനിയുള്ള ഒമ്പത് ടെസ്റ്റുകളില്‍ ഏഴെണ്ണം ജയിക്കാനായാല്‍ മാത്രമേ ഫൈനലിലേക്കു മുന്നേറാന്‍ സാധിക്കൂ. ഇംഗ്ലണ്ടിനെതിരേ മൂന്നും സൗത്താഫ്രിക്ക, ബംഗ്ലാദേശ്, പാകിസ്താന്‍ എന്നിവര്‍ക്കെതിരേ രണ്ടു വീതവും ടെസ്റ്റുകളാണ് വിന്‍ഡീസിനു ബാക്കിയുള്ളത്.
ഇംഗ്ലണ്ടിനു ബാക്കിയുള്ള 12 ടെസ്റ്റുകളില്‍ എല്ലാത്തിലും ജയിക്കാനായാല്‍ മാത്രമേ ഫൈനല്‍ ടിക്കറ്റ് ലഭിക്കുകയുള്ളൂ. ബംഗ്ലാദേശിനു 10 ടെസ്റ്റുകളില്‍ ഏഴും ശ്രീലങ്കയ്ക്കു 11 ടെസ്റ്റുകളില്‍ എട്ടും മല്‍സരങ്ങളില്‍ വിജയിക്കാനായാല്‍ ഫൈനല്‍ പ്രതീക്ഷ നിലനിര്‍ത്താം.