ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നാം തവണയും ഫൈനലില്‍ കളിക്കുകയെന്ന ഇന്ത്യയുടെ മോഹങ്ങള്‍ക്കു വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. മെല്‍ബണ്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ നേരിട്ട 184 റണ്‍സിന്റെ വന്‍ തോല്‍വിയാണ് ഇന്ത്യക്കു ഏറ്റുവാങ്ങേണ്ടി വന്നത്. ഡബ്ല്യുടിസി ഫൈനലിലേക്കു ഇനി ഒരു ടിക്കറ്റ് മാത്രമാണ് ബാക്കിയുള്ളത്. ഒരു ടിക്കറ്റ് സൗത്താഫ്രിക്ക ബുക്ക് ചെയ്തു കഴിഞ്ഞു.
ശേഷിച്ച ഒരു ടിക്കറ്റിനായി പോരടിക്കുന്നത് നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയും ഇന്ത്യയുമാണ്. നിലവില്‍ ഫൈനലിലേക്കു ഫേവറിറ്റ് ഓസീസുമാണ്. എന്നാല്‍ ഇന്ത്യക്കു ഇപ്പോഴും നേരിയ ഫൈനല്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഫൈനല്‍ യോഗ്യതയ്ക്കായി ഇന്ത്യക്കു ഇനി എന്താണ് വേണ്ടതെന്നു നമുക്കു നോക്കാം.

ഇന്ത്യ മൂന്നാമത്
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാമത്തെ എഡിഷന്‍ ക്ലൈമാക്‌സിലേക്കു അടുക്കവെ ഇന്ത്യന്‍ ടീം പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്താണുള്ളത്. 11 ടെസ്റ്റുകളില്‍ നിന്നും ഏഴു ജയമടക്കം 88 പോയിന്റുള്ള അവരുടെ പോയിന്റ് ശതമാനം 66.67 ആണ്.
മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യയെ തകര്‍ത്തുവിട്ടതോടെ രണ്ടാമതുള്ള ഓസ്‌ട്രേലിയ തങ്ങളുടെ സ്ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. 16 ടെസ്റ്റുകളില്‍ 10 എണ്ണത്തിലാണ് ഓസീസ് ജയിച്ചു കയറിയത്. 118 പോയിന്റുള്ള അവരുടെ പോയിന്റ് ശരാശരി 61.46ഉം ആണ്.
IND vs AUS: ഗില്‍ റിട്ടേണ്‍സ്, 2 വമ്പന്‍മാര്‍ പുറത്ത്!! ബുംറ നയിക്കും; സിഡ്‌നിയിലെ ഇന്ത്യന്‍ 11
മൂന്നാമതാണ് ഇന്ത്യയുള്ളത്. 18 ടെസ്റ്റകളില്‍ ഒമ്പതെണ്ണത്തില്‍ മാത്രമേ ഇന്ത്യക്കു ജയിക്കാനായിട്ടുള്ളൂ. 114 പോയിന്റുള്ള ടീമിന്റെ പോയിന്റ് ശരാശരി 52.68 മാത്രമാണ്.
ഫൈനല്‍ കളിക്കാന്‍ വേണ്ടതെന്ത്?
തുടര്‍ച്ചയായി മൂന്നാം തവണയും ഫൈനലില്‍ കളിക്കാന്‍ ഇന്ത്യക്കു രണ്ടു കാര്യങ്ങളാണ് വേണ്ടത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഓസ്‌ട്രേലിയക്കെതിരേ ഈയാഴ്ച മുതല്‍ സിഡ്‌നിയില്‍ ആരംഭിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ എന്തു വില കൊടുത്തും ജയിക്കുകയെന്നതാണ്. സമനിലയോ, തോല്‍വിയോ വഴങ്ങിയാല്‍ അതോടെ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ പൂര്‍ണമായി അസ്തമിക്കും.
സിഡ്‌നി ടെസ്റ്റില്‍ ജയിക്കാനായാല്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 55.26 ആയി വര്‍ധിക്കും. ഓസ്‌ട്രേലിയയുടെ പോയിന്റ് ശതമാനം 54.26ലേക്കു താഴുകയും ചെയ്യും. ഇന്ത്യയുമായുള്ള ഈ പരമ്പരയ്ക്കു ശേഷം ഓസീസ് ടീമിനു ഒരു ടെസ്റ്റ് പരമ്പര കൂടി ഈ ഡബ്ല്യുടിസി സൈക്കിളില്‍ ശേഷിക്കുന്നുണ്ട്.

ശ്രീലങ്കയുമായി രണ്ടു ടെസ്റ്റുകളിലാണ് അവര്‍ ഏറ്റുമുട്ടുക. ഈ പരമ്പരയില്‍ ലങ്കന്‍ ടീം 2-0ന് ജയിക്കേണ്ടത് ഇന്ത്യക്കു പ്രധാനമാണ്. ഓസീസിനെ ലങ്ക തൂത്തുവാരിയാല്‍ ഇന്ത്യക്കു ഫൈനലിലേക്കു മുന്നേറാം. ഓസ്‌ട്രേലിയ പുറത്താവുകയും ചെയ്യും.
എന്നാല്‍ ലങ്കയുമായുള്ള പരമ്പരയില്‍ ഏതെങ്കിലുമൊരു ടെസ്റ്റ് സമനിലയിലെങ്കിലും അവസാനിപ്പിക്കാനായാല്‍ ഓസ്‌ട്രേലിയയുടെ പോയിന്റ് ശതമാനം 56.48 ആയി മാറും. ഇതു അവരെ ഫൈനലിനു യോഗ്യത നേടാനും സഹായിക്കും. അങ്ങനെ സംഭവിച്ചാല്‍ രോഹിത് ശര്‍മയും സംഘവും പുറത്താവുകയും ചെയ്യും.
കനത്ത തോല്‍വി
മെല്‍ബണ്‍ ടെസ്റ്റില്‍ പൊരുതാന്‍ പോലും സാധിക്കാതെയാണ് വലിയ തോല്‍വിയിലേക്കു ഇന്ത്യന്‍ ടീം കൂപ്പുകുത്തിയത്. ഒന്നാമിന്നിങ്‌സില്‍ ഓസീസ് ടീം 474 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ ഇന്ത്യ ബാക്ക് ഫൂട്ടിലായിരുന്നു. മറുപടിയില്‍ നിതീഷ് റെഡ്ഡിയുടെ കന്നി സെഞ്ച്വറിയും യശസ്വി ജയ്‌സ്വാളിന്റെയും വാഷിങ്ടണ്‍ സുന്ദറിന്റെയും ഫിഫ്റ്റികളും ഇന്ത്യയെ 369 റണ്‍സിലെത്തിക്കുകയും ചെയ്തു. 105 റണ്‍സിന്റെം ലീഡാണ് ടീമിനു വഴങ്ങേണ്ടി വന്നത്.
രണ്ടാമിന്നിങ്‌സില്‍ ഓസീസ് ടീം ആറിന് 91ലേക്കു വീണപ്പോള്‍ ഇന്ത്യക്കു വിജയപ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ പൊരുതിക്കയറിയ അവര്‍ 234 റണ്‍സിലെത്തുകയും ഇന്ത്യക്കു 340 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കുകയും ചെയ്തു. പക്ഷെ വെറും 155 റണ്‍സിനു ഇന്ത്യ കൂടാരം കയറുകയായിരുന്നു.