ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ 444 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഇന്ത്യക്കു ഓസ്‌ട്രേലിയ നല്‍കിയിരിക്കുന്നത്. ഓവലിലെ പിച്ചില്‍ ശക്തമായ പേസ് ബൗളിങ് നിരയുള്ള ഓസീസിനെതിരേ ഇത്രയും വലിയൊരു ടോട്ടല്‍ പിന്തുടര്‍ന്നു ജയിക്കാന്‍ ഇന്ത്യക്കു സാധിക്കുമോയെന്നതാണ് ആരാധകരുടെ ചോദ്യം. ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പ് കടലാസില്‍ കരുത്തുറ്റതാണെങ്കിലും വെല്ലുവിളിയുയര്‍ത്തുന്ന സാഹചര്യങ്ങളില്‍ 400ന് മുകളില്‍ പിന്തുടര്‍ന്നു ജയിക്കുക ഏറെക്കുറെ അസാധ്യം തന്നെയാണ്.
റെഡ് ബോള്‍ ക്രിക്കറ്റിന്റെ ഇതുവരെയുള്ള ചരിത്രമെടുക്കുകയാണെങ്കില്‍ ഇത്രയും വലിയ സ്‌കോര്‍ ഇതിനുമുമ്പ് ഒരു ടീം പോലും വിജയകരമായി ചേസ് ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ചരിത്രം തിരുത്തിക്കുറിച്ചാല്‍ മാത്രമേ ടെസ്റ്റിലെ ലോക കിരീടവുമായി ഇന്ത്യക്കു നാട്ടിലേക്കു പറക്കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍ ടെസ്റ്റിലെ ഏറ്റവും വലിയ റണ്‍ ചേസ് നടത്തിയ ടീമെന്ന ലോക റെക്കോര്‍ഡ് വെസ്റ്റ് ഇന്‍ഡീസിനു അവകാശപ്പെട്ടതാണ്. 2003ല്‍ സ്വന്തം നാട്ടില്‍ നടന്ന ടെസ്റ്റിലായിരുന്നു 418 റണ്‍സ് ചേസ് ചെയ്തു ജയിച്ച് വിന്‍ഡീസ് ലോക റെക്കോര്‍ഡിട്ടത്.

രണ്ടാമത്തെ ഏറ്റവുമുയര്‍ന്ന റണ്‍ചേസ് സൗത്താഫ്രിക്കയുടെ പേരിലാണ്. 2008ല്‍ പെര്‍ത്തില്‍ നടന്ന ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു അവരുടെ അവിസ്മരണീയ വിജയം. അന്നു 414 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യം വെറും നാലു വിക്കറ്റ് നഷ്ടത്തിലായിരുന്നു സൗത്താഫ്രിക്ക മറികടന്നത്. ഈ ലിസ്റ്റില്‍ മൂന്നാംസ്ഥാനത്തു ഇന്ത്യയാണ്. 1976ല്‍ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടന്ന ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 404 റണ്‍സിന്റെ ലക്ഷ്യം നാലു വിക്കറ്റിനു ഇന്ത്യ മറികടക്കുകയായിരുന്നു.
ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് ഏറ്റവുമുയര്‍ന്ന റണ്‍ചേസ് നടത്തിയ മറ്റു ടീമുകള്‍. 1948ല്‍ ഇംഗ്ലണ്ടിനെതിര ലീഡ്‌സില്‍ ഓസീസ് 404 റണ്‍സും 2021ല്‍ ബംഗ്ലാദേശിനെതിരേ വെസ്റ്റ് ഇന്‍ഡീസ് 395 റണ്‍സും ചേസ് ചെയ്തു ജയിച്ചിട്ടുണ്ട്.

ഡബ്ല്യടിസി ഫൈനലില്‍ ഓസ്‌ട്രേലിയ രണ്ടാമിന്നിങ്‌സില്‍ എട്ടു വിക്കറ്റിനു 270 റണ്‍സെടുത്ത് നാലാംദിനം ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ലഞ്ച് ബ്രേക്കിനുശേഷമായിരുന്നു ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പുറത്തായതിനു പിന്നാലെ ഓസീസ് ഡിക്ലയര്‍ ചെയ്തത്. തുടര്‍ന്നു 444 റണ്‍സെന്ന എക്കാലത്തെയും വലിയ വിജയലക്ഷ്യം അവര്‍ ഇന്ത്യക്കു മുന്നില്‍ വയ്ക്കുകയും ചെയ്തു.
66 റണ്‍സോടെ പുറത്താവാതെ നിന്ന വിക്കറ്റ് കീപ്പര്‍ അലെക്‌സ് ക്യാരിയാണ് ഓസീസ് ഇന്നിങ്‌സിലെ ടോപ്‌സ്‌കോററായത്. 105 ബോളുകള്‍ നേരിട്ട അദ്ദേഹം എട്ടു ഫോറുകളടിച്ചു. 41 റണ്‍സ് വീതമെടുത്ത മാര്‍നസ് ലബ്യുഷെയ്‌നും മിച്ചെല്‍ സ്റ്റാര്‍ക്കുമാണ് ഓസീസിന്റെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. സ്റ്റീവ് സ്മിത്ത് 34 റണ്‍സും നേടി.
റണ്‍ ചേസില്‍ ആഗ്രഹിച്ചതു പോലെയൊരു തുടക്കമല്ല ഇന്ത്യ ലഭിച്ചിരിക്കുന്നത്. ടീബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിനു 41 റണ്‍സെനന്ന നിലയിലാണ്. 18 റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലാണ് പുറത്തായത്. 22 റണ്‍സോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ക്രീസില്‍. ഒമ്പതു വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യക്കു ജയിക്കാന്‍ 403 റണ്‍സ് വേണം.