മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിന്റെ ഷെഡ്യൂള്‍ പുറത്തുവന്നിരിക്കുകയാണ്. ആരാധകര്‍ കാത്തിരിക്കുന്ന സൂപ്പര്‍ ഫൈനല്‍ 2025 ജൂണ്‍ 11 മുതല്‍ 15വരെയാണ് നടക്കുന്നത്. 16നെ റിസര്‍വ് ദിനമായും പ്രഖ്യാപിച്ചിട്ടുണ്ട്. ലോര്‍ഡ്‌സിലാണ് ഫൈനല്‍ എന്നത് ഇന്ത്യ ഉള്‍പ്പെടെ ഫൈനല്‍ പ്രതീക്ഷിക്കുന്ന ഏഷ്യന്‍ രാജ്യങ്ങളുടെ ചങ്കിടിപ്പേറ്റുന്നതാണ്. ഇനിയുള്ള പോരാട്ടങ്ങളെല്ലാം അത്യന്തം വാശിയേറിയതാവുമെന്നുറപ്പാണ്.
നിലവിലെ പോയിന്റ് പട്ടികയില്‍ ഇന്ത്യയാണ് തലപ്പത്ത്. 9 മത്സരത്തില്‍ ആറിലും ഇന്ത്യ ജയിച്ചു. രണ്ട് മത്സരത്തില്‍ തോറ്റപ്പോള്‍ ഒരു മത്സരം സമനിലയായി. 68.52 പോയിന്റോടെയാണ് ഇന്ത്യ ഒന്നാമതുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ 12ല്‍ എട്ട് മത്സരമാണ് ജയിച്ചത്. മൂന്ന് മത്സരത്തില്‍ തോറ്റപ്പോള്‍ ഒരു മത്സരം സമനിലയായി. മൂന്നാം സ്ഥാനത്തുള്ള ന്യൂസീലന്‍ഡ് ആറ് മത്സരത്തില്‍ മൂന്ന് ജയവും മൂന്ന് തോല്‍വിയും വഴങ്ങി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.
15 മത്സരത്തില്‍ നിന്ന് എട്ട് ജയവും ആറ് തോല്‍വിയും ഒരു സമനിലയും വഴങ്ങി ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തുണ്ട്. ഇന്ത്യ ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ്. അവസാന രണ്ട് തവണയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്കായിരുന്നു. എന്നാല്‍ രണ്ട് തവണയും തോല്‍ക്കേണ്ടി വന്നു. ഇത്തവണയെങ്കിലും ഇന്ത്യ വെല്ലുവിളി മറികടന്ന് ഫൈനലില്‍ കപ്പ് നേടുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ ലോര്‍ഡ്‌സില്‍ ജയിക്കുക ഇന്ത്യക്ക് എളുപ്പമാവില്ല.
ഇടവേളക്ക് ശേഷം ഇന്ത്യയുടെ ടെസ്റ്റ് പരമ്പരക്ക് തുടക്കമാവാന്‍ പോവുകയാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയാണ് ആദ്യം. ഇന്ത്യയില്‍ നടക്കുന്ന പരമ്പര ജയിക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ പാകിസ്താനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് പരമ്പര നേടിയെത്തുന്ന ബംഗ്ലാദേശിനെ നിസാരക്കാരായി കാണാനാവില്ല. അതിന് ശേഷം ന്യൂസീലന്‍ഡിനെതിരേ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര വരാനുണ്ട്. ഈ പരമ്പരയിലെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

ന്യൂസീലന്‍ഡ് സന്ദര്‍ശകരാണെങ്കിലും അവരുടെ കരുത്തിനെ നിസാരമായി കാണാനാവില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്ക് എന്ത് വിലകൊടുത്തും ഈ പരമ്പര നേടിയെടുക്കേണ്ടതായുണ്ട്. ഇതിന് ശേഷമാണ് ഇന്ത്യയുടെ ശരിയായ പരീക്ഷണം വരാനിരിക്കുന്നത്. അത് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണ്. അവസാന രണ്ട് തവണയും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ ഓസ്‌ട്രേലിയയില്‍ നേടിയിരുന്നു. ഇത്തവണ അതിന് പകരം വീട്ടാനാണ് ഓസീസ് കാത്തിരിക്കുന്നത്.
അഞ്ച് മത്സര പരമ്പര നിലനിര്‍ത്തുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രയാസമാണ്. റിഷഭ് പന്താണ് അവസാന രണ്ട് തവണയും ഇന്ത്യയുടെ രക്ഷകനായത്. എന്നാല്‍ പരിക്കിന് ശേഷം മടങ്ങിയെത്തിയ റിഷഭ് പന്തിന് പഴയ മികവ് ആവര്‍ത്തിക്കാനാവുന്നില്ല. ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരുടെ അഭാവവും ഇന്ത്യക്ക് വലിയ വെല്ലുവിളിയാവുമെന്നുറപ്പാണ്. ഗൗതം ഗംഭീറെന്ന പരിശീലകനും ഡബ്ലുറ്റിസി ഫൈനല്‍ വളരെ പ്രധാനപ്പെട്ടതാണ്.
കപ്പിലേക്കെത്തിക്കാനായാല്‍ ഗംഭീറിന്് പരിശീലകനെന്ന നിലയില്‍ അത് വലിയ നേട്ടമുണ്ടാക്കുമെന്ന കാര്യം ഉറപ്പാണ്. അല്ലാത്ത പക്ഷം ഗംഭീറിന് കാര്യങ്ങള്‍ കടുപ്പമാവുകയും പരിശീലക സ്ഥാനം ഒഴിയേണ്ടതായും വരും. ഇന്ത്യ ഇടവേളക്ക് ശേഷം ടെസ്റ്റിനിറങ്ങുമ്പോള്‍ ടീമില്‍ ഗംഭീര്‍ പൊളിച്ചെഴുത്ത് നടത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്തായാലും ഇത്തവണ ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം പ്രതീക്ഷിക്കുന്നു. അതിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.
രോഹിത് ശര്‍മയുടെ നായകനെന്ന നിലയിലെ ഭാവി തീരുമാനിക്കുന്നതിലും ഡബ്ല്യുറ്റിസി ഫൈനല്‍ നിര്‍ണ്ണായകമായേക്കും. തോറ്റാല്‍ രോഹിത്തിന് പകരം നായകനെ കൊണ്ടുവന്നേക്കും. പല കാരണങ്ങള്‍ ഡബ്ല്യുറ്റിസി ഫൈനല്‍ ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണെന്ന് പറയാം.