ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി പ്ലേയിങ് 11ലെത്തിയത് കെ എസ് ഭരത്തായിരുന്നു. റിഷഭ് പന്തിന് പരിക്കേറ്റ സാഹചര്യത്തില്‍ ഇഷാന്‍ കിഷനും കെ എസ് ഭരത്തുമാണ് ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി ഇടം പിടിച്ചത്. ഇതില്‍ ഭരത്തിനാണ് ഇന്ത്യ ഫൈനലില്‍ അവസരം നല്‍കിയത്. ഇന്ത്യയുടെ ഓസ്‌ട്രേലിയക്കെതിരായ ഹോം മത്സരത്തിലൂടെയാണ് ഭരത് ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നത്.
ഇതില്‍ താരം ഫ്‌ളോപ്പായിരുന്നു. വിക്കറ്റിന് പിന്നിലും ബാറ്റ്‌സ്മാനെന്ന നിലയിലും പരാജയപ്പെട്ടെങ്കിലും യുവതാരമെന്ന നിലയില്‍ ഇന്ത്യ പിന്തുണച്ചു. അതുകൊണ്ടാണ് താരം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ പ്ലേയിങ് 11ലേക്കെത്തിയതും. എന്നാല്‍ ഫൈനലിലെ ആദ്യ ഇന്നിങ്‌സില്‍ ഭരത് വീണ്ടും നിരാശപ്പെടുത്തിയിരിക്കുകയാണ്. അഞ്ച് റണ്‍സ് മാത്രമാണ് ഭരത്തിന് നേടാനായത്. ബോളണ്ടിന്റെ പന്തില്‍ ക്ലീന്‍ബൗള്‍ഡായാണ് ഭരത്തിന്റെ മടക്കം.

രണ്ടാം ഇന്നിങ്‌സില്‍ ഭരത്തില്‍ നിന്ന് അത്ഭുത പ്രകടനം ഉണ്ടാവുമോയെന്നതാണ് കണ്ടറിയേണ്ടത്. അല്ലാത്ത പക്ഷം താരം തഴയപ്പെടാനാണ് സാധ്യത കൂടുതല്‍. ഇനിയൊരു അവസരം ഭരത്തിന് ലഭിക്കുക പ്രയാസമായിരിക്കും. റിഷഭ് പന്തിന്റെ പകരക്കാരനായി ഭരത്തിനെ പിന്തുണക്കുന്നതില്‍ കാര്യമില്ലെന്ന് പറയാം. മൂന്ന് പ്രധാന ദൗര്‍ബല്യങ്ങളാണ് ഭരത്തിനുള്ളത്. മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കാമെങ്കിലും അതൊട്ടും എളുപ്പമാവില്ലെന്നുറപ്പ്.
ഭരത്തിനെ തളര്‍ത്തുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഭരത് ശരാശരി മാത്രമാണ്. അത്ഭുതകരമായ ഡൈവിങ് ക്യാച്ചെടുക്കാനോ മിന്നല്‍ സ്റ്റംപിങ്, റണ്ണൗട്ടുകള്‍ നടത്താനോ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഭരത്തിനെ ടെസ്റ്റില്‍ വിക്കറ്റ് കീപ്പറാക്കുക പ്രയാസമാണ്. പ്രധാനമായും വിദേശ പിച്ചുകളില്‍ ഭരത്തിനെ വിശ്വസിക്കുകയെന്നത് വലിയ സാഹസമാണ്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഭരത് മെച്ചപ്പെട്ടാലും പ്രശ്‌നങ്ങള്‍ വേറെയുണ്ട്.
ഒരുകാലത്ത് ഇന്ത്യ പരിഗണിച്ചിരുന്നത് ശരാശരി ബാറ്റിങ് നടത്താന്‍ ശേഷിയുള്ള മികച്ച വിക്കറ്റ് കീപ്പറെയായിരുന്നു. വൃദ്ധിമാന്‍ സാഹയെ പരിഗണിച്ചത് പോലും ഈയൊരു പദ്ധതിയുടെ ഭാഗമായിരുന്നു. എന്നാല്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാരുടെ റോള്‍ മാറ്റിയത് റിഷഭ് പന്താണ്. ജയിക്കില്ലെന്നുറപ്പിച്ച മത്സരങ്ങള്‍ പോലും അത്ഭുതകരമായി തിരിച്ചുകൊണ്ടുവരാന്‍ റിഷഭിനായി. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലുമെല്ലാം താരം സെഞ്ച്വറി നേടി.

ഇതോടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പറില്‍ നിന്ന് തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം തന്നെ എല്ലാവരും പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇതിനൊത്തുയരാന്‍ ഭരത്തിന് സാധിക്കുന്നില്ല. ആഭ്യന്തര ക്രിക്കറ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ ഭരത്തിന് സാധിച്ചിട്ടുണ്ടെങ്കിലും മികച്ച ബൗളര്‍മാര്‍ക്ക് മുന്നില്‍ മുട്ടിടിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടര്‍ അവസരങ്ങള്‍ നല്‍കി ഭരത്തിന്റെ ബാറ്റിങ് മെച്ചപ്പെടുത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അത് ടീമിന്റെ പ്രകടനത്തെയാകെ ബാധിക്കും.
ഭരത് സ്വയം ബാറ്റിങ് മെച്ചപ്പെടുത്തേണ്ടതായുണ്ട്. നിലവിലെ താരത്തിന്റെ ഫുട് വര്‍ക്കുകളും ഷോട്ട് സെലക്ഷനുമൊന്നും വലിയ പ്രതീക്ഷ നല്‍കുന്നതല്ല. റിഷഭ് സൃഷ്ടിച്ച നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഭരത് ഏറെ താഴെയാണ്. അതുകൊണ്ട് തന്നെ ഇന്ത്യ അധികനാള്‍ പിന്തുണക്കേണ്ട കാര്യമില്ല. മൂന്നാമത്തെ കാര്യം തണുപ്പന്‍ സ്വഭാവമാണ്. പൊതുവേ ശാന്തനായ താരമാണ് ഭരത്. റിഷഭ് എപ്പോഴും എല്ലാ താരങ്ങളെയും ആവേശത്തിലാക്കുന്നവനാണ്.
വിക്കറ്റിന് പിന്നില്‍ നിന്ന് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനും റിഷഭിന് മികവുണ്ട്. എന്നാല്‍ ഇത് ഭരത്തില്‍ നിന്ന് ലഭിക്കുന്നില്ല. ഭരത് ശാന്തനായി തന്റെ ജോലി നോക്കുന്നവനായി മാറുന്നു. ഇത് ഇന്ത്യന്‍ ടീമിന് ഗുണം ചെയ്യുന്നതല്ല. ഇന്ത്യ റിഷഭിന്റെ പകരക്കാരനായി വേറെ വിക്കറ്റ് കീപ്പര്‍മാരെ പരിഗണിക്കേണ്ടതായുണ്ട്. ഇഷാന്‍ കിഷന്‍, ഷെല്‍ഡോന്‍ ജാക്‌സന്‍, അക്ഷയ് വാഡ്ക്കര്‍ എന്നിവര്‍ ഭരത്തിനെക്കാളും ബെസ്റ്റാണ്. സഞ്ജുവിനെയും വേണമെങ്കില്‍ പരിഗണിക്കാവുന്നതാണ്.