ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യക്കെതിരേ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് ട്രവിഡ് ഹെഡ്. അഞ്ചാമനായി ക്രീസിലെത്തിയ ഹെഡ് 174 പന്ത് നേരിട്ട് 163 റണ്‍സുമായാണ് മടങ്ങിയത്. 25 ഫോറും 1 സിക്‌സും ഉള്‍പ്പെടെ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഹെഡിനായി. ഏകദിന ശൈലിയിലാണ് താരം കളിച്ചതെന്ന് പറയാം. ഇന്ത്യന്‍ ബൗളര്‍മാരുടെ എല്ലാ കണക്കുകൂട്ടലുകളും ഹെഡ് തെറ്റിച്ചു.
ഓസ്‌ട്രേലിയയെ 469 എന്ന മികച്ച സ്‌കോറിലേക്കെത്തിച്ചതിന് പിന്നില്‍ ഹെഡിന്റെ പ്രകടനമാണ് ഏറ്റവും കൈയടി അര്‍ഹിക്കുന്നത്. എന്നാല്‍ ഹെഡിന്റെ സെഞ്ച്വറിക്ക് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്ത്യ-പാക് ആരാധകരുടെ തമ്മിലടിയാണ് കാണാനാവുന്നത്. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള മത്സരത്തിനിടെ എന്തിനാണ് പാക് ആരാധകര്‍ ഇടപെടുന്നതെന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍ ആരാധക പോരാട്ടത്തിലേക്ക് നയിച്ച ഒരു കാരണമുണ്ട്. അത് എന്താണെന്ന് അറിയാം.

ഓസീസ് താരം ട്രവിസ് ഹെഡ് സെഞ്ച്വറി നേടിയ ബാറ്റാണ് തര്‍ക്കങ്ങള്‍ക്ക് കാരണമായത്. ഹെഡ് സെഞ്ച്വറി നേടിയ ബാറ്റ് പാകിസ്താന്‍ നായകന്‍ ബാബര്‍ അസം ഹെഡിന് സമ്മാനമായി നല്‍കിയതാണെന്നും അതിന്റെ സ്റ്റിക്കര്‍ മാത്രം മാറ്റിയാണ് ഹെഡ് കളിച്ചതെന്നുമാണ് പാക് ആരാധകര്‍ പറയുന്നത്. ബാബറിന്റെ ഐശ്വര്യമാണ് ഹെഡിന്റെ സെഞ്ച്വറിക്ക് കാരണമെന്നാണ് പാക് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.
സെഞ്ച്വറി നേടിയ ഹെഡിനെക്കാളും ബാബര്‍ അസമിനെയും അദ്ദേഹത്തിന്റെ ബാറ്റിനെയും പാക് ആരാധകര്‍ പ്രശംസിച്ചതോടെയാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതികരണവുമായെത്തിയത്. പിന്നീടങ്ങോട്ട് ഇന്ത്യ-പാക് ആരാധകരുടെ പോരാട്ടമായി ഇത് മാറി. ഇന്ത്യന്‍ ആരാധകര്‍ ബാബറിനെ പരിഹസിച്ച് രംഗത്തെത്തുകയും ഇരു ടീമിന്റെയും ആരാധകര്‍ തമ്മിലുള്ള വലിയ പോരാട്ടമായി ഇത് മാറുകയും ചെയ്തു.
2021ല്‍ ബാബര്‍ അസം ഡ്രവിസ് ഹെഡിന് സമ്മാനമായി നല്‍കിയ ബാറ്റാണിതെന്നും അതിന് ശേഷമാണ് താരത്തിന്റെ പ്രകടനം മെച്ചപ്പെട്ടതെന്നും ബാബറിനെപ്പോലൊരു ഇതിഹാസത്തിന്റെ പിന്തുണ ലഭിച്ചാല്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നുമാണ് ഒരു പാക് ആരാധകന്റെ പ്രതികരണം. ആധുനിക ക്രിക്കറ്റിലെ ശരിയായ ഇതിഹാസം ബാബര്‍ അസമാണെന്നും ബാബറിന്റെ ബാറ്റ് നശിപ്പിക്കാതെ ഹെഡ് ഉപയോഗിക്കുന്നത് ബാബറിന്റെ മൂല്യം അറിയുന്നതുകൊണ്ടാണെന്നുമാണ് മറ്റൊരു ആരാധകന്റെ പ്രതികരണം.
മറ്റുള്ള താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കി മികവിലേക്കെത്തിക്കാന്‍ ബാബറിന് അസാധ്യ മികവുണ്ടെന്നും ആരാധകര്‍ പറയുന്നു. ഹെഡിന് ബാറ്റ് സമ്മാനമായി നല്‍കിയത് സൂപ്പര്‍ താരമായി വളരുമെന്ന ബാബറിന്റെ ദീര്‍ഘ വീക്ഷണം കൊണ്ടാണെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ബാബര്‍ അസം ഹെഡിന് ബാറ്റ് സമ്മാനിക്കുന്നതിന്റെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ഇന്ത്യന്‍ താരം വിരാട് കോലിയെക്കാള്‍ മികച്ചവനാണ് ബാബറെന്നും ഇതിഹാസമെന്ന പേര് ബാബറിനാണ് ചേരുന്നതെന്നുമാണ് പാക് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഇതെല്ലാം ഇന്ത്യന്‍ ആരാധകരെ പ്രകോപിപ്പിക്കുകയും ബാബര്‍ കുഞ്ഞന്‍ ടീമുകള്‍ക്കെതിരേ മാത്രം തിളങ്ങുന്നവനാണെന്ന തരത്തില്‍ പ്രതികരണം രേഖപ്പെടുത്തുകയും ചെയ്യുന്നു. എന്തായാലും ബാബര്‍ അസം നല്‍കിയ ബാറ്റ് തന്നെയാണോ ഹെഡ് ഉപയോഗിച്ചതെന്നതില്‍ വ്യക്തതയില്ല.
ബാബറും ഹെഡും ഒരേ സ്‌പോണ്‍സര്‍മാരുടെ ബാറ്റാണ് ഉപയോഗിക്കുന്നത്. 2021ല്‍ ബാബര്‍ സമ്മാനിച്ച ബാറ്റാണെങ്കില്‍ രണ്ട് വര്‍ഷത്തിലേറെയായ ബാറ്റുപയോഗിച്ച് ഹെഡ് കളിക്കാന്‍ സാധ്യത കുറവാണ്. പ്രത്യേകിച്ച് ടെസ്റ്റില്‍ മികച്ച ബാറ്റ് അത്യാവശ്യമാണ്. പുതിയ ബാറ്റുപയോഗിച്ചാണ് ഹെഡ് ഫൈനല്‍ കളിച്ചതെന്നാണ് ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. ഹെഡിന്റെ ബാറ്റ് ബാബറിന്റെ സമ്മാനമാണെന്നത് പാക് ആരാധകരുടെ ഊഹം മാത്രമാണെന്ന് വിലയിരുത്താം.
ഏത് ബാറ്റാണുപയോഗിച്ചതെങ്കിലും ഹെഡിന്റെ പ്രകടനം ഗംഭീരമായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരെ ശരിക്കും വെള്ളം കുടിപ്പിക്കാന്‍ ഹെഡിന് സാധിച്ചു. ഓവലില്‍ താരത്തിന്റെ ആദ്യ സെഞ്ച്വറി പ്രകടനമാണിതെങ്കിലും സമ്പൂര്‍ണ്ണ ആധിപത്യം കാട്ടാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.