വീണ്ടുമൊരു ഐസിസി ലോക കിരീടം കൈയെത്തുംദൂരത്താണ് ടീം ഇന്ത്യക്കു വഴുതിപ്പോയിരിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയയോടു 209 റണ്‍സിനാണ് രോഹിത് ശര്‍മയും സംഘവും തകര്‍ന്നടിഞ്ഞത്. 2021ലെ കഴിഞ്ഞ ഫൈനലില്‍ ന്യൂസിലാന്‍ഡിനോടേറ്റ പരാജയത്തിന്റെ ക്ഷീണം തീര്‍ക്കാനാണ് ഇന്ത്യ ഇറങ്ങിയത്. പക്ഷെ ആദ്യദിനം മുതലുള്ള ഓസ്‌ട്രേലിയന്‍ ടീമിന്റെ സമഗ്രാധിപത്യത്തിനു മുന്നില്‍ ഇന്ത്യക്കു മറുപടിയില്ലായിരുന്നു.
444 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമായിരുന്നു ഓസ്‌ട്രേലിയ ഇന്ത്യക്കു നല്‍കിയത്. എന്തെങ്കിലും അദ്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇന്ത്യക്കു നേരിയ സാധ്യത പോലുമുണ്ടായിരുന്നുള്ളൂ. പക്ഷെ അങ്ങനെയൊന്നുമുണ്ടായില്ല. അഞ്ചാം ദിനം ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ 234 റണ്‍സിനു കൂടാരത്തില്‍ തിരിച്ചെത്തിയ ഇന്ത്യ ലോക കിരീടം ഒരിക്കല്‍ക്കൂടി അടിയറവയ്ക്കുകയായിരുന്നു. ഇത്രയും ദയനീയമായൊരു പരാജയം ഇന്ത്യക്കു നേരിടാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ഇന്ത്യ വരുത്തിയ ആദ്യത്തെ പിഴവ് ടീം സെലക്ഷനിലായിരുന്നു. പരിചയ സമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ പുറത്തിരുത്താനുള്ള തീരുമാനത്തിനു വലിയ വിലയാണ് ഇന്ത്യക്കു നല്‍കേണ്ടി വന്നത്. അശ്വിനെ തഴഞ്ഞ ഇന്ത്യ പകരം നാലു പേസര്‍മാരെ ഉള്‍പ്പെടുത്തിയുള്ള ടീം കോമ്പിനേഷന്‍ പരീക്ഷിക്കുകയായിരുന്നു. രവീന്ദ്ര ജഡേജയായിരുന്നു ഏക സ്പിന്നര്‍. പക്ഷെ ഈ നീക്കം അമ്പെ പാളി.
നിരവധി ഇടംകൈയന്‍മാരുള്ള ഓസീസ് ബാറ്റിങ് നിരയ്‌ക്കെതിരേ വലിയ ഇംപാക്ടുണ്ടാക്കാന്‍ അശ്വിനാവുമായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ അശ്വിന്റെ അഭാവത്തില്‍ ഓസീസ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. 469 റണ്‍സെന്ന വലിയ ടോട്ടല്‍ ഓസീസ് ആദ്യ ഇന്നിങ്‌സില്‍ നേടിയപ്പോള്‍ തന്നെ ഇന്ത്യ ബാക്ക് ഫൂട്ടിലായിരുന്നു.
ഇന്ത്യന്‍ പരാജയത്തിനുള്ള രണ്ടാമത്തെ കാരണം ടോപ്പ് ഫോറിന്റെ മോശം ബാറ്റിങാണ്. രണ്ടിന്നിങ്‌സുകളിലും ഇന്ത്യന്‍ ടോപ് ഫോറില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി തികയ്ക്കാനായില്ല. ഒന്നാമിന്നിങ്‌സില്‍ ഓസീസിന്റെ ടോട്ടലായ 469ന് അടുത്തെങ്കിലും എത്തണമെങ്കില്‍ ടോപ്പ് ഫോറിലെ ഒന്നോ, രണ്ടോ പേരില്‍ നിന്നും ഇന്ത്യക്കു വലിയ ഇന്നിങ്‌സുകള്‍ ആവശ്യമായിരുന്നു.

പക്ഷെ ആദ്യ ഇന്നിങ്‌സില്‍ രോഹിത് ശര്‍മ (15), ശുഭ്മന്‍ ഗില്‍ (13), ചേതേശ്വര്‍ പുജാര (14), വിരാട് കോലി (14) എന്നിങ്ങനെയായിരുന്നു ടോപ് ഫോറിന്റെ സംഭാവന. ഇതോടെ 173 റണ്‍സിന്റെ വമ്പന്‍ ലീഡും ഓസ്‌ട്രേലയ കൈക്കലാക്കി.
ഇന്ത്യന്‍ തോല്‍വിയുടെ മറ്റൊരു കാരണം മോശം ഷോട്ട് സെലക്ഷനാണ്. 444 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയപ്പോള്‍ ഇന്ത്യ വളരെ പോസിറ്റീവായി തന്നെയായിരുന്നു തുടങ്ങിയത്. പക്ഷെ മികച്ച കൂട്ടുകെട്ടുകള്‍ക്കു ശേഷം ഇന്ത്യന്‍ താരങ്ങള്‍ അലക്ഷ്യമായി ഷോട്ടുകള്‍ കളിച്ച് വിക്കറ്റുകള്‍ വലിച്ചെറിയുകയായിരുന്നു. നാലം ദിനം രോഹിത് ശര്‍മയും ചേതേശ്വര്‍ പുജാരയും പുറത്തായ രീതി ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.
അവസാന ദിവസം ഏഴു വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യക്കു ജയിക്കാന്‍ 280 റണ്‍സ് മതിയായിരുന്നു. വിരാട് കോലി, അജിങ്ക്യ രഹാനെ ജോടി വലിയൊരു കൂട്ടുകെട്ടുണ്ടാക്കിയിരുന്നെങ്കില്‍ ഇന്ത്യക്കു തീര്‍ച്ചയായും വിജയം എത്തിപ്പിടിക്കാമായിരുന്നു. പക്ഷെ കോലി മോശം ഷോട്ട് കളിച്ച് സ്വന്തം വിക്കറ്റ് വലിച്ചെറിഞ്ഞതോടെ ഇന്ത്യയുടെ പതനം ആരംഭിക്കുകയായിരുന്നു.
പിന്നീട് ഇന്ത്യ ചീട്ടുകൊട്ടാരം കണക്കെ തകരുകയായിരുന്നു. അജിങ്ക്യ രഹാനെയും വളരെ മോശം ഷോട്ട് കളിച്ചായിരുന്ന പുറത്തായത്. കൂടുതല്‍ ക്ഷമയോടെ, ഷോട്ട് സെലക്ഷനില്‍ ശ്രദ്ധിച്ച് കളിച്ചിരുന്നെങ്കില്‍ ഇന്ത്യക്കു വിജയം അസാധ്യമായിരുന്നില്ല.