ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തലകുനിച്ചിരിക്കുകയാണ് ഇന്ത്യ. ഫൈനലില്‍ 209 റണ്‍സിന് ഇന്ത്യയെ വീഴ്ത്തിയാണ് ഓസീസിന്റെ കിരീട നേട്ടം. ഓവലില്‍ 444 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുകയെന്നത് പ്രയാസം തന്നെയാണ്. എന്നാല്‍ മികച്ചൊരു പോരാട്ടം പോലും കാഴ്ചവെക്കാനാവാതെ ഇന്ത്യ കീഴടങ്ങിയെന്നതാണ് നിരാശപ്പെടുത്തുന്നത്. അജിന്‍ക്യ രഹാനെയുടെ പ്രകടനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യ തീര്‍ത്തും നിറം മങ്ങിയെന്നതാണ് വസ്തുത.
രോഹിത് ശര്‍മ, വിരാട് കോലി, ശുബ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര എന്നിവരൊന്നും പ്രതീക്ഷക്കൊത്ത് ഉയരാത്തതാണ് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായത്. ഇന്ത്യയുടെ തോല്‍വിക്ക് കാരണമായ പിഴവുകള്‍ നിരവധിയാണെന്ന് തന്നെ പറയാം. ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിയുടെ കാരണത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ബൗളര്‍മാരുടെ ആദ്യ ഇന്നിങ്‌സിലെ പ്രകടനവും ബാറ്റ്‌സ്മാന്‍മാരുടെ മോശം ഷോട്ടുമാണ് രോഹിത് പിഴവായി ചൂണ്ടിക്കാട്ടിയത്.

'തോല്‍വി വളരെ പ്രയാസം സൃഷ്ടിക്കുന്നതാണ്. ടോസ് നേടിയ ഞങ്ങള്‍ ഇവിടുത്തെ സാഹചര്യം പരിഗണിച്ച് അവരെ ബാറ്റിങ്ങിനയക്കുകയാണ് ചെയ്തത്. ആദ്യ സെക്ഷനില്‍ ഞങ്ങള്‍ നന്നായിത്തന്നെ പന്തെറിഞ്ഞി. എന്നാല്‍ പിന്നീട് അല്‍പ്പം പിന്നോട്ട് പോയി. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ട്രവിസ് ഹെഡ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതാണ് ഞങ്ങളെ പിന്നോട്ടടിച്ചത്. പിന്നീട് തിരിച്ചുവരവ് പ്രയാസമാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ശക്തമായി ശ്രമിച്ചു. പക്ഷെ വിജയം നേടാനായില്ല.
ഓസ്‌ട്രേലിയക്ക് അഭിനന്ദനം. നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും ഒന്നും നടപ്പിലാക്കാനായില്ല. 150 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ സാഹചര്യത്തില്‍ നിന്ന് ശര്‍ദുലും രഹാനെയും നടത്തിയത് ശക്തമായ പോരാട്ടമാണ്. ഈ മത്സരത്തില്‍ ഞങ്ങളുടെ പ്രതീക്ഷ നിലനിര്‍ത്താന്‍ ഇത് സഹായിച്ചു. രണ്ടാം ഇന്നിങ്‌സിലും ബാറ്റുകൊണ്ട് പ്രതീക്ഷക്കൊത്തുയരാന്‍ ഞങ്ങള്‍ക്കായില്ല.
ബാറ്റ് ചെയ്യാന്‍ അനുകൂല സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ മുതലാക്കാന്‍ സാധിച്ചില്ല. രണ്ട് തവണ ഫൈനലിലേക്കെത്തിയതിന് പിന്നില്‍ ഞങ്ങളുടെ കഠിനാധ്വനുമുണ്ട്. അതുകൊണ്ട് തന്നെ തോല്‍വി നിരാശപ്പെടുത്തുന്നു. ഇതുവരെയുള്ള യാത്രയില്‍ നിരവധി താരങ്ങള്‍ ഭാഗമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞങ്ങളെല്ലാം തലയുയര്‍ത്തി അടുത്ത ചാമ്പ്യന്‍ഷിപ്പിനായി പോരാടും'- മത്സരശേഷം രോഹിത് ശര്‍മ പറഞ്ഞു.
തുടര്‍ച്ചയായി രണ്ടാമത്തെ ഫൈനല്‍ കളിച്ചിട്ടും കപ്പിലേക്കെത്താനാവാത്തത് ഇന്ത്യയെ സംബന്ധിച്ച് നിരാശപ്പെടുത്തുന്ന കാര്യമാണ്. ഓവലിലെ തോല്‍വിക്ക് കാരണമായത് ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരുടെ ഉത്തരവാദിത്തമില്ലായ്മയാണ്. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി എന്നിവര്‍ക്ക് വലിയൊരു പ്രകടനം കാഴ്ചവെക്കാനായില്ല. മാച്ച് വിന്നറായി മാറാന്‍ റിഷഭ് പന്തിനെപ്പോലൊരു താരം ഉണ്ടാവാതെ പോയതും ഇന്ത്യക്ക് തിരിച്ചടിയായി.
നതാന്‍ ലിയോണ്‍ രണ്ട് ഇന്നിങ്‌സിലും ഭേദപ്പെട്ട ബൗളിങ് കാഴ്ചവെച്ചു. രവീന്ദ്ര ജഡേജയും മോശമാക്കിയില്ല. ഇന്ത്യ ഉമേഷ് യാദവിന് പകരം അശ്വിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തണമായിരുന്നു. അശ്വിനുണ്ടായിരുന്നെങ്കില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും അത് കരുത്തുപകരുമായിരുന്നു. അശ്വിനെ കളിപ്പിക്കാതിരുന്നത് ഇന്ത്യയുടെ വലിയ അബദ്ധമാണ്. ഉമേഷിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. എന്നിട്ടും ഇന്ത്യ പരിഗണിക്കാന്‍ തയ്യാറാവുകയായിരുന്നു.

ഇന്ത്യയുടെ ബാറ്റിങ് നിര അവസരത്തിനൊത്ത് ഉയര്‍ന്നിരുന്നെങ്കില്‍ കപ്പില്‍ മുത്തമിടാന്‍ ടീമിന് സാധിക്കുമായിരുന്നു. ഇന്ത്യന്‍ പിച്ചിലെ പുലികളെല്ലാം വിദേശ മൈതാനത്ത് പൂച്ചകളാണ്. ഇതിന് മാറ്റം വരാതെ ഇന്ത്യക്ക് വിദേശ പിച്ചില്‍ കിരീട നേട്ടം കടുപ്പം. രോഹിത് ശര്‍മ ക്യാപ്റ്റനായിരിക്കെ ഫൈനലില്‍ ഇന്ത്യ തോല്‍ക്കുന്നത് ഇതാദ്യമായാണ്. യാതൊരു തന്ത്രവുമില്ലാത്ത ക്യാപ്റ്റനായാണ് രോഹിത്തിനെ കാണപ്പെട്ടത്. കൂട്ടുകെട്ടുകള്‍ പൊളിക്കാന്‍ നായകനെന്ന നിലയില്‍ രോഹിത് പരാജയപ്പെട്ടു.
രോഹിത്തിന്റെ ബാറ്റ്‌സ്മാനായും ക്യാപ്റ്റനായുമുള്ള മോശം പ്രകടനം ടീമിന്റെ തോല്‍വിക്ക് കാരണമായി. ആഭ്യന്തര ക്രിക്കറ്റില്‍ മികവുകാട്ടുന്ന ബാറ്റ്‌സ്മാന്‍മാരെ പരിഗണിച്ച് ഇന്ത്യന്‍ ടീമില്‍ വലിയ പൊളിച്ചെഴുത്ത് നടത്തേണ്ടതായുണ്ട്.