ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ പതറവെ വിദേശത്തു ടീം നേരിടുന്ന ഏറ്റലും വലിയ പ്രശ്‌നം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ താരങ്ങള്‍. വിദേശത്തു നടക്കുന്ന ടെസ്റ്റുകളില്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഒരു ടീമിനെ സംബന്ധിച്ച് വളരെ പ്രധാനമാണെന്നും പക്ഷെ നിലവില്‍ ഇന്ത്യക്കു ഈ കുറവുണ്ടെന്നും മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈനും ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങും ചൂണ്ടിക്കാട്ടി.
ഡബ്ല്യുടിസി ഫൈനലില്‍ ഇന്ത്യക്കെതിരേ ശക്തമായ നിലയിലാണ് ഓസ്‌ട്രേലിയ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട അവര്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ മൂന്നു വിക്കറ്റിനു 327 റണ്‍സെന്ന നിലയിലാണ്. സെഞ്ച്വറിയുമായി ട്രാവിസ് ഹെഡും സെഞ്ച്വറിയിലേക്കു കുതിക്കുന്ന സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍. മല്‍സരത്തിലേക്കു ഇന്ത്യക്കു ഇനിയൊരു തിരിച്ചുവരവ് നടത്തുക ഏറെ ദുഷ്‌കരമാണ്. രണ്ടാംദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനമായിരിക്കും മല്‍സരവിധി നിര്‍ണയിക്കുന്നത്.

ഹാര്‍ദിക് പാണ്ഡ്യയെപ്പോലെ ഒരു ലോകോത്തര സീം ബൗളിങ് ഓള്‍റൗണ്ടറെ ഇന്ത്യന്‍ ടീം മിസ് ചെയ്യുന്നതായി നാസര്‍ ഹുസൈന്‍ ചൂണ്ടിക്കാട്ടി. ടോസിനു മുമ്പ് വരെ ഇന്ത്യക്കു തങ്ങളുടെ പ്ലെയിങ് ഇലവനെക്കുറിച്ച് വ്യക്തത ഇല്ലായിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയക്കു ഏതു ടീമിനെ ഇറക്കണമെന്ന വ്യക്തമായ ചിത്രവുമുണ്ടായിരുന്നു. കാമറൂണ്‍ ഗ്രീനുള്ളതാണ് അവര്‍ക്കു കാര്യങ്ങള്‍ എളുപ്പമാക്കിയത്. അദ്ദേഹത്തിന്റെ സാന്നിധ്യം ഇംഗ്ലണ്ടിലടക്കം വിദേശത്തു ടീമിനു വലിയ ബാലന്‍സ് നല്‍കുകയും ചെയ്യുന്നു.
ഇന്ത്യ അവരുടെ ടീമില്‍ വേണമെന്നു ആഗ്രഹിക്കുന്ന തരത്തിലുള്ള ക്രിക്കറ്ററാണ് കാമറൂണ്‍ ഗ്രീന്‍. ശര്‍ദ്ദുല്‍ ടാക്കൂര്‍ തീര്‍ച്ചയായും സീം ബൗളിങ് ഓള്‍റൗണ്ടറാണ്. ഇന്ത്യയിലാണ് മല്‍സരമെങ്കില്‍ രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവരെല്ലാം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരായുണ്ട്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഇവരെല്ലാം സമ്പൂര്‍ണ ഓള്‍റൗണ്ടര്‍മാരാണ്. എന്നാല്‍ വിദേശത്തു കളിക്കുമ്പോള്‍ സീം ബൗളിങ് ഓള്‍റൗണ്ടറുടെ കാര്യത്തില്‍ എന്തു ചെയ്യും? എവിടെയാണ് ഹാര്‍ദിക് പാണ്ഡ്യ? ഫൈനലിലെ കമന്ററിക്കിടെ നാസര്‍ ഹുസൈന്‍ ചോദിച്ചു.
ഇതിനുള്ള മറുപടി കമന്ററിയില്‍ ഒപ്പമുണ്ടായിരുന്ന മുന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിങ് നല്‍കുകയും ചെയ്തു. ഇന്നു തുടക്കത്തില്‍ കമന്ററിക്കിടെ ഞാന്‍ പരാമര്‍ശിച്ച കാര്യം കൂടിയായിരുന്നു ഇത്. കാഠിന്യമേറിയ ടെസ്റ്റില്‍ അഞ്ചു ദിവസം പിടിച്ചുനില്‍ക്കാന്‍ തന്റെ ശരീരം അനുവദിക്കില്ലെന്നായിരുന്നു മടങ്ങിവരവിനെക്കുറിച്ച് ഹാര്‍ദിക് പാണ്ഡ്യ നേരത്തേ പ്രതികരിച്ചത്.

ടീമിനു കൂടുതല്‍ ബാലന്‍സ് നല്‍കുന്നതിനു വേണ്ടി നിങ്ങളെ ഇതുപോലെയൊരു ടെസ്റ്റില്‍ ഇന്ത്യ കളിപ്പിക്കുന്നതിനെക്കുറിച്ച് എന്തു തോന്നുന്നുവെന്നു നേരത്തേ ഹാര്‍ദിക് പാണ്ഡ്യയോടു ചോദിച്ചിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഫൈനലിലേക്കുള്ള ടീമിന്റെ യാത്രയില്‍ ഒപ്പമുണ്ടായിരുന്നവരോടു അതു ന്യായമാണെന്നു തനിക്കു തോന്നുന്നില്ലെന്നായിരുന്നു ഹാര്‍ദിക് വ്യക്തമാക്കിയതെന്നു റിക്കി പോണ്ടിങ് വിശദീകരിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ ഓസ്‌ട്രേിയയുമായുള്ള ആദ്യ ഏകദിനത്തില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചപ്പോഴായിരുന്നു ഹാര്‍ദിക്കിനോടു ഈ ചോദ്യം ചോദിച്ചത്.
ധാര്‍മികമായി ഞാന്‍ വളരെ ശക്തനായ വ്യക്തിയാണ്. ഡബ്ല്യുടിസി ഫൈനലില്‍ ഇന്ത്യന്‍ ടീമിനു വേണ്ടി കളിക്കാന്‍ 10 ശതമാനം പോലും ഞാന്‍ ചെയ്തിട്ടില്ല. ഒരു ശതമാനം പോലും ടീമിനൊപ്പം ഞാന്‍ ഉണ്ടായിട്ടുമില്ല. അതുകൊണ്ടു തന്നെ അവിടെ പോയി ടീമിലെ മറ്റാരുടെയെങ്കിലും സ്ഥാനം തട്ടിയെടുക്കുകയെന്നത് ധാര്‍മികമായി ശരിയല്ല.
ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതു കഠിനാധ്വാനത്തിലൂടെ പൊരുതി നേടിയെടുക്കണം. ഈ കാരണത്താല്‍ തന്നെ ഡബ്ല്യുടിസി ഫൈനലില്‍ ഞാന്‍ കളിക്കുകയുമില്ല. ടീമിലെ സ്ഥാനം സ്വയം നേടിയെടുത്തതാണെന്നു തോന്നുന്നതു വരെ ഭാവി ടെസ്റ്റ് പരമ്പരകളിലും താന്‍ കളിക്കില്ലെന്നും ഹാര്‍ദിക് പാണ്ഡ്യ വിശദീകരിച്ചിരുന്നു.