WTC Final: രോഹിത്തിന് വീക്ക്‌നെസുണ്ട്, ഇവയിലൊന്ന് പ്രയോഗിച്ചാല്‍ ഹിറ്റ്മാന്‍ ഫ്‌ളോപ്പാവും!
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ ബാറ്റിങില്‍ ഇന്ത്യയുടെ നിര്‍ണായക താരങ്ങളിലൊരാളാണ് രോഹിത് ശര്‍മ. മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഹിറ്റ്മാന്‍ കലാശക്കളിയിലും ഇതാവര്‍ത്തിക്കുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അവസാനമായി ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ മറ്റു പലരും റണ്ണെടുക്കാനാവാതെ വിഷമിച്ചപ്പോള്‍ രക്ഷകനായത് രോഹിത്തായിരുന്നു. 57.50 റണ്‍സുമായി പരമ്പരയില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും അദ്ദേഹമായിരുന്നു.
രോഹിത് ഓപ്പണറായിട്ടുള്ള 11 ടെസ്റ്റുകളില്‍ ഒമ്പതിലും ഇന്ത്യക്കു ജയിക്കാനായിട്ടുണ്ട്. ഈ മല്‍സരങ്ങളിലാവട്ടെ 77.83 ശരാശരിയില്‍ 934 റണ്‍സും ഹിറ്റ്മാന്‍ അടിച്ചെടുത്തു. എന്നാല്‍ രോഹിത്തിന്റെ ചില വീക്ക്‌നെസുകള്‍ ഫൈനലില്‍ മുതലെടുക്കുകയാവും ന്യൂസിലാന്‍ഡിന്റെ ലക്ഷ്യം. ഇവ എന്തൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

ഇടംകൈയന്‍ സീമര്‍മാര്‍
ബോള്‍ ഇരുവശങ്ങളിലേക്കും സ്വിങ് ചെയ്യിക്കാന്‍ ശേഷിയുള്ള പേസര്‍മാര്‍ രോഹിത്തിന്റെ വീക്ക്‌നെസുകളിലൊന്നാണ്. ശരീരത്തില്‍ നിന്നും അകന്നു പോവുന്ന ഏതു ബോളിലും ഷോട്ട് കളിക്കാന്‍ ആഗ്രഹിക്കുകയും മുതിരുകയും ചെയ്യുന്ന ബാറ്റ്‌സ്മാനാണ് അദ്ദേഹം. ഐപിഎല്ലില്‍ തന്റെ ടീമംഗം കൂടിയായ ട്രെന്റ് ബോള്‍ട്ടിനെ ലോക ചാംപ്യന്‍ഷിപ്പില്‍ രോഹിത് ഭയക്കുക തന്നെ വേണം. കാരണം ബോള്‍ ഇരുവശങ്ങളിലേക്കും സ്വിങ് ചെയ്യാന്‍ അതിസമര്‍ഥനാണ് അദ്ദേഹം.
ട്രെന്റ് നയിക്കുന്ന ന്യൂബോള്‍ ആക്രമണത്തെ അതിജീവിക്കുകയെന്നതാവും ഫൈനലില്‍ രോഹിത്തിനെ കാത്തിരിക്കുന്ന ഏറ്റവും വലിയ അഗ്നിപരീക്ഷ.

ഇടംകൈയന്‍ സ്പിന്നര്‍മാര്‍
പേസര്‍മാര്‍ മാത്രമല്ല ഇടംകൈയന്‍ സ്പിന്നര്‍മാരും രോഹിത്തിനെ കരിയറില്‍ പലപ്പോഴും കുഴക്കിയിട്ടുണ്ട്. കഴിഞ്ഞ ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇടംകായന്‍ സ്പിന്നറായ ജാക്ക് ലീച്ച് അദ്ദേഹത്തെ നാലു തവണ പുറത്താക്കിയത് ഇതു അടിവരയിടുകയും ചെയ്യുന്നു. നേരത്തേ രോഹിത്തിനെ രണ്ടു തവണ ഔട്ടാക്കിയ ഇടംകൈയന്‍ സ്പിന്നര്‍ മിച്ചെല്‍ സാന്റ്‌നറെ അതുകൊണ്ടു തന്നെ ഫൈനലില്‍ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ തുറുപ്പുചീട്ടാക്കിയേക്കും.
രോഹിത്തിനെ മാത്രമല്ല ഇന്ത്യയുടെ ചേതേശ്വര്‍ പുജാരയെയും സാന്റ്‌നര്‍ രണ്ടു തവണ ടെസ്റ്റില്‍ ഔട്ടാക്കിയിട്ടുണ്ട്. അജിങ്ക്യ രഹാനെ, മുരളി വിജയ് എന്നിവരെ ഓരോ തവണയും കിവീസ് സ്പിന്നര്‍ പുറത്താക്കിയിരുന്നു.

സ്ലോ ബോളുകള്‍
സ്ലോ ബോളുകളാണ് രോഹിത്തിന്റെ മറ്റൊരു വീക്ക്‌നെസ്. പല പേസര്‍മാരും ഈ വീക്ക്‌നെസ് മുതലെടുത്ത് സ്ലോ ബോളുകളിലൂടെ അദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ട്. കിവീസ് നിരയില്‍ പരിചയ സമ്പന്നനായ പേസര്‍ ടിം സോത്തി സ്ലോ ബോളുകളെറിയുന്നതില്‍ മിടുക്കനാണ്. അവസാനമായി ഇംഗ്ലണ്ടിനെതിരേ നടന്ന മൂന്നു ടി20കളുടെ പരമ്പരയില്‍ രണ്ടു തവണയും രോഹിത്തിന് വിക്കറ്റ് നഷ്ടമായത് സ്ലോ ബോളുകളിലായിരുന്നു.
സ്ലോ ബോളുകള്‍ നേരിടുന്നതിലുള്ള ഈ വീക്ക്‌നെസ് രോഹിത് ലോക ചാംപ്യന്‍ഷിപ്പ് ഫൈനലിലും ആവര്‍ത്തിക്കുകയാണെങ്കില്‍ തുടക്കത്തില്‍ തന്നെ ചെറിയ സ്‌കോറിന് അദ്ദേഹം പുറത്തായേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications