WTC 2021: കിവികളുടെ തന്ത്രം ഞങ്ങള്‍ക്കറിയാം! ഇത്തവണ അതു വിജയിക്കില്ല- പുജാരയുടെ മുന്നറിയിപ്പ്
ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേ നേരിടാന്‍ തങ്ങള്‍ക്കു ഭയമില്ലെന്ന് ഇന്ത്യന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര വ്യക്തമാക്കി. ജൂണ്‍ 18നാണ് ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ വച്ച് ഇന്ത്യയും കിവീസും ടെസ്റ്റിലെ ലോകകിരീടത്തിനായി കച്ചമുറുക്കുന്നത്. സമീപകാലത്ത് വിദേശത്തു നടന്ന ടെസ്റ്റുകളില്‍ കിവി ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ ബാറ്റിങ് നിര പതറിയിട്ടുണ്ട്. ഏറ്റവും അവസാനമായി കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡില്‍ നടന്ന രണ്ടു ടെസ്റ്റുകളുടടെ പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വിയേറ്റു വാങ്ങിയിരുന്നു.
എന്നാല്‍ കിവി ബൗളര്‍മാരുടെ തന്ത്രത്തെക്കുറിച്ച് തങ്ങള്‍ക്കു കൃത്യമായി അറിയാമെന്നും അതിന് തയ്യാറായിത്തന്നെയാണ് ഫൈനലില്‍ ഇറങ്ങുന്നതെന്നും പുജാര വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്തുലിതമായ ബൗളിങ് ലൈനപ്പ്
ന്യൂസിലാന്‍ഡ് നിരയില്‍ ഏതെങ്കിലുമൊരു ബൗളറാണ് കൂടുതല്‍ അപകടകാരിയെന്നു ചൂണ്ടിക്കാട്ടാന്‍ കഴിയില്ല. വളരെ സന്തുലിതമായ ബൗളിങ് ലൈനപ്പാണ് അവരുടേത്. അവരുടെ ബൗളര്‍മാരെയെല്ലാം ഞങ്ങള്‍ മുമ്പ് നേരിട്ടതാണ്. അതുകൊണ്ടു തന്നെ അവര്‍ എങ്ങനെയായിരിക്കും ബൗള്‍ ചെയ്യുകയെന്നു ഞങ്ങള്‍ക്കു ധാരണയുണ്ട്. അവര്‍ പരീക്ഷിക്കാന്‍ സാധ്യതയുള്ള ആംഗിളുകള്‍ നേരിടാന്‍ തങ്ങള്‍ തയ്യാറായിക്കഴിഞ്ഞതായും പുജാര പറഞ്ഞു.

മികച്ച രണ്ടു ടീമുകള്‍
കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഇന്ത്യന്‍ ടീം വളരെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മികച്ച പെര്‍ഫോമന്‍സ് തന്നെയാണ് ഞങ്ങളെ ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിച്ചിരിക്കുന്നത്.
എല്ലാവരും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഫൈനലിലും ഇറങ്ങുക. രണ്ടു മികച്ച ടീമുകള്‍ തമ്മിലുള്ള പോരാട്ടം കൂടിയായിരിക്കും ഫൈനല്‍. ഇന്ത്യയും കിവീസും ഒരുപോലെ കരുത്തരായതിനാല്‍ തന്നെ ഫൈനല്‍ മികച്ചതായിരിക്കുമെന്നും പുജാര വിലയിരുത്തി.

ന്യൂസിലാന്‍ഡിന് മുന്‍തൂക്കമില്ല
കഴിഞ്ഞ വര്‍ഷം ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ ജയം നേടിയതു കൊണ്ട് ന്യൂസിലാന്‍ഡിന് മാനസികമായി മുന്‍തൂക്കമുണ്ടെന്നു പറയാന്‍ കഴിയില്ലെന്നു പൂജാര അഭിപ്രായപ്പെട്ടു.
2020ല്‍ ഞങ്ങള്‍ കിവീസിനെതിരേ അവരുടെ നാട്ടില്‍ കളിച്ചതാണ്. എന്നാല്‍ ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇതു മുന്‍തൂക്കം നല്‍കില്ല. കാരണം നിഷ്പക്ഷ വേദിയിലാണ് ഫൈനല്‍. ഇരുടീമുകളും ഹോം ടീമെന്ന മുന്‍തൂക്കമില്ല. എല്ലാ മേഖലയും ഞങ്ങള്‍ കവര്‍ ചെയ്തു കഴിഞ്ഞു, കഴിവിനൊത്ത പ്രകടനം നടത്താനായാല്‍ ലോകത്തിലെ ഏതു ടീമിനെയും തോല്‍പ്പിക്കാന്‍ തങ്ങള്‍ക്കാവുമെന്നും പുജാര വ്യക്തമാക്കി.

ജയിക്കാവുന്ന ടീം
ഇംഗ്ലണ്ടില്‍ വിജയിക്കാന്‍ ശേഷിയുള്ള ടീമുമായാണ് ഞങ്ങള്‍ പോവുന്നത്. സമീപകാലത്തു വിദേശത്തു മികച്ച പ്രകടനമാണ് ഞങ്ങള്‍ കാഴ്ചവയ്ക്കുന്നത്. അതിനാല്‍ തന്നെ ടീം വലിയ ആത്മവിശ്വാസത്തിലുമാണ്. ബാറ്റിങ്, ബൗളിങ് തുടങ്ങി എല്ലാ മേഖലയിലും ഞങ്ങള്‍ക്കു കഴിവുറ്റ താരങ്ങളുണ്ട്. പ്ലാനിങ് അനുസരിച്ച് കളിക്കാന്‍ ഞങ്ങള്‍ക്കായാല്‍ മല്‍സരഫലം ഇന്ത്യക്കു അനുകൂലമായി വരുമെന്നും പുജാര കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications