ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഒന്നാം ദിനം ഇന്ത്യക്കെതിരേ ഓസീസിന്റെ സര്‍വാധിപത്യമാണ് കണ്ടത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ ഓസ്‌ട്രേലിയ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 327 റണ്‍സെന്ന ശക്തമായ നിലയിലാണ്. ട്രവിസ് ഹെഡ് (146), സ്റ്റീവ് സ്മിത്ത് (95) എന്നിവരുടെ ബാറ്റിങ്ങാണ് ഓസീസിന് അടിത്തറ പാകിയത്. ഡേവിഡ് വാര്‍ണര്‍ (43), ഉസ്മാന്‍ ഖ്വാജ (0), മാര്‍നസ് ലബ്യുഷെയ്ന്‍ (26) എന്നിവരുടെ വിക്കറ്റാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്.
76 റണ്‍സിന് ഓസീസിന്റെ മൂന്ന് വിക്കറ്റുവീഴ്ത്താന്‍ ഇന്ത്യക്കായെങ്കിലും പിന്നീടങ്ങോട്ട് ഓസീസ് കളി പിടിക്കുന്നതാണ് കണ്ടത്. നിലവില്‍ ആദ്യ ദിവസംകൊണ്ടു തന്നെ വിജയ സാധ്യതയില്‍ മുന്നിലെത്താന്‍ ഓസീസിന് സാധിച്ചു. ഇനിയൊരു തിരിച്ചുവരവ് ഇന്ത്യക്ക് സാധ്യമാവില്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും എന്നുതന്നെ പറയാം. എന്നാല്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തും. ഇത് പറയാന്‍ ചില കാരണങ്ങളുമുണ്ട്. പരിശോധിക്കാം.

ഒന്നാമത്തെ കാരണം ഇതിന് മുമ്പ് ഇന്ത്യ നടത്തിയ തകര്‍പ്പന്‍ തിരിച്ചുവരവുകള്‍ തന്നെയാണ്. ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ത്തന്നെ ഒന്നിലധികം തവണ തിരിച്ചുവരവ് നടത്താന്‍ ഇന്ത്യക്ക് സാധിച്ചു. ഇംഗ്ലണ്ടില്‍ ഓവലിലും ലോര്‍ഡ്‌സിലും ഇന്ത്യ നടത്തിയ തിരിച്ചുവരവുകള്‍ ഈ സാഹചര്യത്തില്‍ മറക്കാന്‍ സാധിക്കാത്തതാണ്. ഓസ്‌ട്രേലിയക്കെതിരായ അവസാന പരമ്പരയിലും ഇന്ത്യയുടെ തിരിച്ചുവരവ് കണ്ടു. പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യക്കായി ഓരോ മാച്ച് വിന്നര്‍മാരുമുണ്ടായി.
ആര്‍ അശ്വിന്‍, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെല്ലാം അത്ഭുത പ്രകടനം നടത്തുന്നത് കണ്ടതാണ്. എന്നാല്‍ ഇത്തവണ ഇവരില്‍ പലരും ടീമിനൊപ്പമില്ലെന്നതാണ് പ്രശ്‌നം. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ സാധിക്കുന്ന റിഷഭിന്റെയും ബുംറയുടെയും കെ എല്‍ രാഹുലിന്റെയും അഭാവം ഇന്ത്യയെ തളര്‍ത്തുന്നുണ്ട്. ബുംറയുടെ പേസ് ഇംഗ്ലണ്ടില്‍ ഇന്ത്യ നന്നായി മിസ് ചെയ്യുന്നു. വിക്കറ്റ് വീഴ്ത്താന്‍ ബുംറക്കുള്ള മികവ് എളുപ്പം നികത്താനാവുന്നതല്ല.
ഓസ്‌ട്രേലിയ വമ്പന്‍ സ്‌കോര്‍ നേടാന്‍ സാധ്യതയുണ്ടെങ്കിലും അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കഴിവുള്ള ബാറ്റിങ് നിര ഇന്ത്യക്കുണ്ടെന്ന് പറയാം. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവരെല്ലാം ഇന്ത്യക്ക് കരുത്ത് പകരാനുണ്ട്. ഇവരുടെ ബാറ്റിങ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്. മിക്കവര്‍ക്കും ഇംഗ്ലണ്ട് പിച്ചില്‍ അനുഭവസമ്പത്തുണ്ട്.
രോഹിത് ഓവലില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ ഓസ്‌ട്രേലിയക്ക് ശക്തമായ മറുപടി നല്‍കാന്‍ ഇന്ത്യക്കാവും. എന്നാല്‍ മധ്യനിരയില്‍ ചില പ്രശ്‌നമുണ്ട്. ഇടവേളക്ക് ശേഷം തിരിച്ചെത്തിയ അജിന്‍ക്യ രഹാനെയില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കാനാവില്ല. വിക്കറ്റ് കീപ്പര്‍ കെ എസ് ഭരത് ഇംഗ്ലണ്ടില്‍ കളിക്കുന്നത് ഇതാദ്യമായാണ്. രവീന്ദ്ര ജഡേജ - ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരുടെ ബാറ്റിങ് ഇന്ത്യക്ക് നിര്‍ണ്ണായകമാവുമെന്നുറപ്പ്.

ആദ്യ ദിനത്തിലെ ബൗളിങ്ങുകൊണ്ട് മാത്രം ഇന്ത്യയുടെ ബൗളര്‍മാരെ വിലകുറച്ചുകാണാനാവില്ല. ഇതേ ബൗളിങ് നിര ഇതിന് മുമ്പ് വിദേശ മൈതാനത്ത് തിളങ്ങിയവരാണ്. അതുകൊണ്ട് തന്നെ ശക്തമായ തിരിച്ചുവരവ് നടത്താന്‍ അവര്‍ക്ക് നന്നായി അറിയാം. മുഹമ്മദ് ഷമിയുടെയും മുഹമ്മദ് സിറാജിന്റെയും സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. എന്നാല്‍ മോശം ഫോമിലുള്ള ഉമേഷ് യാദവ് കാര്യമായി മികവ് കാട്ടാത്തത് ഇന്ത്യക്ക് തലവേദനയാണ്.
ഓവലില്‍ സ്പിന്നര്‍മാര്‍ക്ക് വലിയ മുന്‍തൂക്കം അവകാശപ്പെടാനാവില്ല. എന്നാല്‍ ആര്‍ അശ്വിന്‍ ഇന്ത്യക്കൊപ്പം വേണമായിരുന്നുവെന്ന് പറയാം. കാരണം അശ്വിന്റെ ബുദ്ധിപരമായ ബൗളിങ് വിക്കറ്റുകള്‍ നേടാന്‍ സഹായിക്കും. എന്നാല്‍ ബാറ്റിങ് കരുത്തിന്റെ അടിസ്ഥാനത്തിലാണ് അശ്വിനെ മറികടന്ന് ജഡേജ പ്ലേയിങ് 11ലേക്കെത്തിയത്. ഇന്ത്യയുടെ നിലവിലെ ബൗളിങ് നിര ശക്തമായ തിരിച്ചുവരവിന് കെല്‍പ്പുള്ളവരാണ്.