ഓസ്‌ട്രേലിയക്കെതിരായ ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ മോശം ഷോട്ടിനു മുതിര്‍ന്ന വിക്കറ്റ് വലിച്ചെറിഞ്ഞ ഇന്ത്യന്‍ താരം ചേതേശ്വര്‍ പുജാരയ്‌ക്കെതിരേ ആഞ്ഞടിച്ച് ഫാന്‍സ്. 444 റണ്‍സിന്റെ വലിയ വിജയലക്ഷ്യം പിന്തുടരവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ 20ാം ഓവറില്‍ ഇന്ത്യക്കു നഷ്ടമായിരുന്നു. ഇതിന്റെ ഞെട്ടല്‍ മാറുംമുമ്പെയാണ് തൊട്ടടുത്ത ഓവറില്‍ പുജാരയും വിക്കറ്റ് കൈവിട്ടത്.
പാറ്റ് കമ്മിന്‍സിനായിരുന്നു നിരുപദ്രവകാരിയായ ബോളില്‍ ചേതേശ്വര്‍ പുജാര അനായാസം വിക്കറ്റ് ദാനം ചെയ്തത്. ഓവറിലെ നാലാമത്തെ ബോളിലായിരുന്നു ഇത്. ഓഫ്സ്റ്റംപിനു പുറത്ത് ഷോര്‍ട്ട് ബോളായിരുന്നു കമ്മിന്‍സ് എറിഞ്ഞത്. തലയ്ക്കു മുകളിലൂട പോയ ബോള്‍ അവസാന നിമിഷം പുജാര തേര്‍ഡ് മാനിലേക്കുവഴി കാണിക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ ബാറ്റില്‍ ഉരസിയ ബോള്‍ നേരെ വിക്കറ്റ് കീപ്പര്‍ അലെക്‌സ് ക്യാരിയുടെ കൈകളില്‍ അവസാനിച്ചു.

ചേതേശ്വര്‍ പുജാരയില്‍ നിന്നും മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ഷോട്ടുകളിലൊന്ന് കൂടിയായിരുന്നു ഇത്. തൊട്ടുമുമ്പത്തെ ഓവറില്‍ രോഹിത് ശര്‍മയെ നഷ്ടമായ ശേഷം പുജാര എന്തിനാണ് ഇങ്ങനെയൊരു ഷോട്ടിനു മുതിര്‍ന്നതെന്നാണ് ആരാധകരുടെ ചോദ്യം. സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് താരം നേരിട്ടു കൊണ്ടിരിക്കുന്നത്.
സൂര്യകുമാര്‍ യാദവിനെ അനുകരിക്കാനാണ് ചേതേശ്വര്‍ പുജാര ശ്രമിച്ചത്. എന്നാല്‍ ഇത്തരമൊരു ഷോട്ടിന്റെ ആവശ്യം എന്തായിരുന്നു? കൗണ്ടി ക്രിക്കറ്റില്‍ ചേതേശ്വര്‍ പുജാര വളരെ നന്നായി കളിക്കും. പക്ഷെ രാജ്യത്തിനു വേണ്ടി ഈ പ്രകടനമൊന്നും കാണാന്‍ സാധിക്കില്ല. ഐപിഎല്ലില്‍ കളിക്കാതിരുന്ന പുജാര ഇതേ സമയത്തു കൗണ്ടിയില്‍ കളിച്ചപ്പോള്‍ എല്ലാവരും അദ്ദേഹത്തെ പ്രശംസിച്ചിരുന്നു. ഈ ഫൈനലിനായി തയ്യാറെടുക്കുന്നതിനു വേണ്ടിയായിരുന്നു ഇത്. പക്ഷെ ഫൈനലില്‍ രണ്ടിന്നിങ്‌സുകളിലും പുജാര ഫ്‌ളോപ്പായിരിക്കുകയാണ്. കുറച്ചെങ്കിലും നാണമുണ്ടെങ്കില്‍ വിരമിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.

അവിശ്വസനീയം, ചേതേശ്വര്‍ പുജാരയില്‍ നിന്നാണ് ഇങ്ങനെയൊരു ഷോട്ട് വന്നിരിക്കുന്നത്. രണ്ടിന്നിങ്‌സുകളിലെയും പുറത്താവല്‍ അംഗീകരിക്കാന്‍ സാധിക്കില്ല. മല്‍സരം ഇന്നു തന്നെ അവസാനിപ്പിക്കാനാണ് ചേതേശ്വര്‍ പുരാജ ആഗ്രഹിച്ചത്. അതിനു വേണ്ടിയാണ് ഇത്തരമൊരു നിരുത്തരവാദപരമായ ഷോട്ട് കളിച്ച് സ്വന്തം വിക്കറ്റ് വലിച്ചെറിഞ്ഞത്. ഇന്ത്യക്കു വേണ്ടി ഇതു ചേതേശ്വര്‍ പുജാരയുടെ അവസാന മല്‍സരമാവണം. ഇനിയൊരിക്കല്‍ക്കൂടി അദ്ദേഹത്തെ ടെസ്റ്റ് ജഴ്‌സിയില്‍ കാണരുതെന്നും ആരാധകര്‍ വിമര്‍ശിച്ചു.