ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ഭയന്നതു തന്നെ സംഭവിച്ചിരിക്കുകയാണ്. ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്ത് വില്ലനാവുമെന്ന വിലയിരുത്തല്‍ തെറ്റിയില്ല. ഗംഭീര സെഞ്ച്വറിയോടെ ഓവലില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് സ്മിത്ത്. ഇന്ത്യയുടെ ബൗളര്‍മാരുടെ ക്ഷമയും മികവും അളന്ന് ഫൈനലില്‍ ക്ലാസിക് സെഞ്ച്വറിയാണ് സ്മിത്ത് നേടിയെടുത്തത്. ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ സ്മിത്തിന്റെ പ്രകടനം പതിവ് തെറ്റാതെ ഇത്തവണയും ഗംഭീരമായി.
ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്തിയിട്ടുള്ള സ്മിത്ത് ഇത് രണ്ടാം തവണയാണ് പ്രധാന മത്സരങ്ങളില്‍ വില്ലനായി എത്തുന്നത്. 2015ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യക്കെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടാന്‍ സ്മിത്തിനായിരുന്നു. ഇപ്പോള്‍ വീണ്ടുമൊരു വലിയ മത്സരത്തില്‍ സ്മിത്ത് നിര്‍ണ്ണായക സെഞ്ച്വറിയോടെ തിളങ്ങുകയാണ്.

2015ലെ ലോകകപ്പ് ക്വാര്‍ട്ടറില്‍ ഫിഫ്റ്റി, സെമിയില്‍ സെഞ്ച്വറി, ഫൈനലില്‍ ഫിഫ്റ്റി, 2019ലെ ലോകകപ്പ് സെമിയില്‍ ഫിഫ്റ്റി, 2023ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സെഞ്ച്വറി ഇങ്ങനെ ടീമിനാവശ്യമുള്ളപ്പോഴെല്ലാം അവസരത്തിനൊത്തുയരാന്‍ സ്മിത്തിന് സാധിക്കുന്നു. നിലവിലെ താരങ്ങളില്‍ കൂടുതല്‍ സെഞ്ച്വറിയുള്ളവരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്കെത്താന്‍ സ്മിത്തിന് സാധിച്ചിരിക്കുകയാണ്.
43 സെഞ്ച്വറികളുള്ള രോഹിത് ശര്‍മക്കൊപ്പമാണ് സ്മിത്തുള്ളത്. 45 സെഞ്ച്വറിയുമായി ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും രണ്ടാം സ്ഥാനം പങ്കിടുമ്പോള്‍ 75 സെഞ്ച്വറികളോടെ കോലി തലപ്പത്ത് നില്‍ക്കുന്നു. ഫാബുലസ് ഫോറില്‍ കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറിയുള്ള താരമെന്ന റെക്കോഡും സ്മിത്ത് ഊട്ടിയുറപ്പിച്ചു. 97 മത്സരത്തില്‍ നിന്ന് സ്മിത്ത് നേടുന്ന 31ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 130 മത്സരത്തില്‍ നിന്ന് 29 സെഞ്ച്വറിയാണ് റൂട്ടിന്റെ പേരിലുള്ളത്.
94 മത്സരത്തില്‍ നിന്ന് 28 സെഞ്ച്വറികള്‍ കെയ്ന്‍ വില്യംസണ്‍ നേടിയപ്പോള്‍ 108 മത്സരത്തില്‍ നിന്ന് 28 സെഞ്ച്വറികള്‍ കോലിയുടെ പേരിലുമുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എല്ലാവരും ഉറ്റുനോക്കുന്നത് കോലി-സ്മിത്ത് എന്നിവരുടെ ബാറ്റിങ്ങിലേക്കാണ്. സ്മിത്ത് സെഞ്ച്വറി നേടി തന്റെ മികവ് കാട്ടിക്കഴിഞ്ഞു. ഇനി അറിയേണ്ടത് കോലിയുടെ പ്രകടനമാണ്. ഐപിഎല്ലില്‍ രണ്ട് സെഞ്ച്വറിയടക്കം നേടി മിന്നിച്ചാണ് കോലിയുടെ വരവ്.
ഇന്ത്യക്കായി നിര്‍ണ്ണായക മത്സരങ്ങളില്‍ കോലി രക്ഷകനാവാറുമുണ്ട്. ഇംഗ്ലണ്ടില്‍ ശരാശരി പ്രകടനവും കോലിക്ക് അവകാശപ്പെടാനാവും. അതുകൊണ്ട് തന്നെ കോലിയില്‍ നിന്ന് സെഞ്ച്വറി പ്രകടനം ആരാധകര്‍ പ്രതീക്ഷിക്കുന്നു. വേഗത്തില്‍ 31 ടെസ്റ്റ് സെഞ്ച്വറി നേടിയവരുടെ റെക്കോഡില്‍ മുന്‍ ഓസീസ് നായകനും ഇതിഹാസ താരവുമായ റിക്കി പോണ്ടിങ്ങിന്റെ റെക്കോഡ് മറികടക്കാനും സ്മിത്തിനായി. 174 ഇന്നിങ്‌സില്‍ നിന്നാണ് പോണ്ടിങ് ഈ നേട്ടത്തിലെത്തിയത്.

നിലവില്‍ രണ്ടാം സ്ഥാനത്താണ് സ്മിത്ത്. 165 ഇന്നിങ്‌സില്‍ നിന്ന് ഈ നേട്ടത്തിലേക്കെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തലപ്പത്താണുള്ളത്. യൂനിസ് ഖാന്‍ (184), സുനില്‍ ഗവാസ്‌കര്‍ (192) എന്നിവര്‍ പിന്നാലെയുണ്ട്. കൂടാത ഇന്ത്യക്കെതിരേ കൂടുതല്‍ സെഞ്ച്വറി നേടുന്നവരുടെ പട്ടികയില്‍ റിക്കി പോണ്ടിങ്ങിനൊപ്പം തലപ്പത്തേക്കെത്താനും സ്മിത്തിനായി. പോണ്ടിങ്ങും സ്മിത്തും 14 സെഞ്ച്വറികളാണ് ഇന്ത്യക്കെതിരേ നേടിയത്. ഇന്ത്യക്കെതിരായ ഏറ്റവും മികച്ച പ്രകടനമാണ് സ്മിത്തും പോണ്ടിങ്ങും നടത്തിയിട്ടുള്ളത്.
ഐസിസി നോക്കൗട്ട് മത്സരങ്ങളില്‍ കൂടുതല്‍ സെഞ്ച്വറിയുള്ളവരുടെ റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്കെത്താനും സ്മിത്തിനായി. മൂന്ന് സെഞ്ച്വറികളുമായി സൗരവ് ഗാംഗുലിയും സയീദ് അന്‍വറും റിക്കി പോണ്ടിങ്ങുമാണ് ഈ റെക്കോഡില്‍ തലപ്പത്ത്. രണ്ട് സെഞ്ച്വറികളുമായി സ്റ്റീവ് സ്മിത്തും മഹേല ജയവര്‍ധനയും രോഹിത് ശര്‍മയും ഷെയ്ന്‍ വാട്‌സണും രണ്ടാം സ്ഥാനം പങ്കിടുകയാണ്.