Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: സിറാജ് ഗംഭീര ബൗളര്‍, തികഞ്ഞ പോരാളി! വാഴ്ത്തി പോണ്ടിങ്

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയുടെ ബാറ്റിങ് നിര നിരാശപ്പെടുത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ 469 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 151 എന്ന തകര്‍ന്ന അവസ്ഥയിലാണ്. മൂന്നാം ദിനം അജിന്‍ക്യ രഹാനെ-കെ എസ് ഭരത് കൂട്ടുകെട്ട് ഇന്ത്യക്ക് നിര്‍ണ്ണായകമാവും. രണ്ടാം ദിനം ഇന്ത്യയുടെ ബൗളര്‍മാര്‍ മികവ് കാട്ടിയപ്പോള്‍ ബാറ്റിങ് നിര പിന്നോട്ട് പോവുകയായിരുന്നു.

ഇന്ത്യയുടെ ബൗളിങ് നിരയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത് മുഹമ്മദ് സിറാജാണ്. നാല് വിക്കറ്റുമായി താരം തിളങ്ങി. എന്നാല്‍ സിറാജിന്റെ ആക്രമണോത്സകതയ്‌ക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നു. ഉസ്മാന്‍ ഖ്വാജ, ട്രവിസ് ഹെഡ്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍ എന്നിവരുടെ നിര്‍ണ്ണായക വിക്കറ്റുമായി ഇന്ത്യക്ക് കരുത്തുപകരാന്‍ സിറാജിനായി. താരത്തിന്റെ അമിത ആക്രമണോത്സകത ചോദ്യമായി ഉയരവെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് റിക്കി പോണ്ടിങ്.

mohammed siraj

'സിറാജിന്റെ ആക്രമണോത്സകതയെ ഇഷ്ടപ്പെടുന്നു. തികഞ്ഞ പോരാളിയാണവന്‍. ചില സമയങ്ങളില്‍ പതറാറുണ്ടെങ്കിലും ടീമിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ സിറാജിനെപ്പോലെയുള്ള ബൗളര്‍മാര്‍ അത്യാവശ്യമാണ്. സിറാജിന്റെ വേഗത്തിലെ സ്ഥിരതയാണ് അത്ഭുതപ്പെടുത്തിയത്. ഒരു സമയത്തും അവന്‍ തളര്‍ന്നില്ല. രണ്ടാം ദിനത്തിന്റെ തുടക്കം മുതല്‍ ഓസീസ് ഇന്നിങ്‌സിന്റെ അവസാനം വരെ മികച്ച പേസ് നിലനിര്‍ത്താന്‍ സിറാജിനായി. അതവന്റെ വലിയ മനോഭാവമാണ്'- പോണ്ടിങ് പറഞ്ഞു.

ആദ്യ ദിവസത്തെ ഇന്ത്യയുടെ ബൗളിങ് നിരാശപ്പെടുത്തുന്നതായിരുന്നു. കാര്യമായ പ്രകടനം നടത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചില്ല. എന്നാല്‍ രണ്ടാം ദിനം ഇന്ത്യന്‍ ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. 500ന് മുകളിലേക്ക് പോകുമെന്നുറപ്പിച്ച ഓസീസ് ഇന്നിങ്‌സിനെ 469ലേക്കൊതുക്കാന്‍ ഇന്ത്യക്കായി. സിറാജിന്റെ ബൗളിങ് തന്നെയാണ് ഇന്ത്യയുടെ കുന്തമുനയായത്. മുഹമ്മദ് ഷമിയും ശര്‍ദുല്‍ ഠാക്കൂറും മികച്ച പിന്തുണയും നല്‍കി.

'ആദ്യ ദിനത്തിന്റെ ആദ്യ മണിക്കൂറുകള്‍ക്ക് ശേഷം ഇന്ത്യയുടെ ബൗളിങ് അല്‍പ്പം ദുര്‍ബലമായി. ഡ്യൂക്‌സ് ബോളിനെ നന്നായി ഉപയോഗിക്കാന്‍ സാധിച്ചില്ല. ഭക്ഷണത്തിന് മുമ്പ് ഓസ്‌ട്രേലിയയുടെ അഞ്ച് വിക്കറ്റെങ്കിലും ഇന്ത്യ നേടേണ്ടതായുണ്ടായിരുന്നു. എന്നാല്‍ അതിന് സാധിക്കാതെ പോയത് ഓസീസിന് ഗുണകരമായി'- പോണ്ടിങ് പറഞ്ഞു. ടോസ് നേടി ആദ്യം പന്തെറിയാനുള്ള രോഹിത് ശര്‍മയുടെ തീരുമാനത്തെക്കുറിച്ചും പോണ്ടിങ് പ്രതികരിച്ചു.

'നായകനെന്ന നിലയില്‍ നിരവധി വിമര്‍ശനം നേരിടേണ്ടി വരുമെന്ന് എനിക്കറിയാം. എന്നാല്‍ ആദ്യം പന്തെറിയാനുള്ള തീരുമാനം രോഹിത്തിന്റേത് മാത്രമായിരിക്കില്ല. പിച്ച് പരിശോധിച്ച ശേഷം രോഹിത്തും ദ്രാവിഡും ചേര്‍ന്ന് ഏറെ നേരം സംസാരിച്ചിരുന്നു. ഇതില്‍ ടോസിനെക്കുറിച്ചുള്ള തീരുമാനങ്ങളും ഉണ്ടാവും. ആദ്യം പന്തെറിയണമെങ്കില്‍ നാല് പേസര്‍മാരെ ടീമിലാവശ്യമാണ്. ഇനിയും ദിവസങ്ങളുള്ളതിനാല്‍ വിധിയെഴുതാന്‍ സമയമായിട്ടില്ല'-പോണ്ടിങ് പറഞ്ഞു.

mohammed siraj

മുഹമ്മദ് സിറാജിന്റെ വളര്‍ച്ച എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഐപിഎല്ലിലെ തല്ലുകൊള്ളി ബൗളറായി വളര്‍ന്ന സിറാജ് ഇപ്പോള്‍ ഇന്ത്യയുടെ വജ്രായുധമാണെന്ന് പറയാം. ഇംഗ്ലണ്ടിലെ സിറാജിന്റെ ബൗളിങ് പ്രകടനങ്ങള്‍ ആരെയും മോഹിപ്പിക്കുന്നതാണ്. 10 ഇന്നിങ്‌സ് ഇംഗ്ലണ്ടില്‍ കളിച്ച സിറാജ് 22 വിക്കറ്റാണ് വീഴ്ത്തിയത്. ഇതില്‍ നാല് തവണ നാല് വിക്കറ്റ് പ്രകടനം നടത്താനും താരത്തിനായി.

സെന രാജ്യത്തെ സിറാജിന്റെ പ്രകടനങ്ങളെല്ലാം മികച്ചതാണ്. 2020-21ല്‍ ഓസ്‌ട്രേലിയയില്‍ 13 വിക്കറ്റുവീഴ്ത്തിയ സിറാജ് 2021ല്‍ ഇംഗ്ലണ്ടില്‍ 18 വിക്കറ്റും സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നാല് വിക്കറ്റ് പ്രകടനവും നടത്തി. ന്യൂസീലന്‍ഡിലും ദക്ഷിണാഫ്രിക്കയിലും കളിച്ച് അതി ഗംഭീര പ്രകടനം നടത്താന്‍ സിറാജിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. നിലവിലെ സാഹചര്യത്തില്‍ അതിനുള്ള പ്രതിഭ സിറാജിനുണ്ടെന്നുതന്നെ വിലയിരുത്താം.

Story first published: Friday, June 9, 2023, 12:52 [IST]
Other articles published on Jun 9, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+