Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: സെന രാജ്യത്ത് ചരിത്ര നേട്ടം, സച്ചിന് പിന്നാലെ ശര്‍ദുല്‍- വമ്പന്‍ നേട്ടം

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ തകരുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 469 റണ്‍സ് ഒന്നാം ഇന്നിങ്‌സില്‍ നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 296 റണ്‍സില്‍ അവസാനിച്ചു. ലീഡ് നേടി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഓസീസ് മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ നാല് വിക്കറ്റിന് 123 റണ്‍സെന്ന നിലയിലാണ്. 296 റണ്‍സിന്റെ ലീഡ് ഇതിനോടകം കംഗാരുപ്പടയ്ക്കുണ്ട്.

ഇന്ത്യക്കെതിരേ ഓസ്‌ട്രേലിയ ഡ്രൈവിങ് സീറ്റിലാണെന്ന് നിസംശയം പറയാം. വന്‍ തകര്‍ച്ചയെ നേരിട്ട ഇന്ത്യയെ രക്ഷിച്ചത് അജിന്‍ക്യ രഹാനെയുടെയും (89) ശര്‍ദുല്‍ ഠാക്കൂറിന്റെയും (51) പ്രകടനമാണ്. ഏഴാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു. ഇതില്‍ ശര്‍ദുലിന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്. പ്രതിസന്ധി ഘട്ടങ്ങളില്‍ രക്ഷകനായി ഉയര്‍ന്നുവരാന്‍ ശര്‍ദുലിന് സാധിക്കുന്നു. രഹാനെക്ക് ഉറച്ച പിന്തുണ നല്‍കാന്‍ അദ്ദേഹത്തിനായി.

shardul thakur

ഇതോടെ വമ്പനൊരു നേട്ടവും ശര്‍ദുല്‍ സ്വന്തമാക്കിയിട്ടുണ്ട്. സെന രാജ്യങ്ങളില്‍ ഏഴാം വിക്കറ്റിലോ അതിന് താഴെയോ കൂടുതല്‍ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ച രണ്ടാമത്തെ ബാറ്റ്‌സ്മാനായി മാറാന്‍ ശര്‍ദുലിന് സാധിച്ചു. മൂന്ന് തവണയാണ് ശര്‍ദുല്‍ ഇത്തരമൊരു കൂട്ടുകെട്ട് സൃഷ്ടിച്ചത്. ബ്രിസ്ബണില്‍ വാഷിങ് ടണ്‍ സുന്ദറിനൊപ്പം ശര്‍ദുല്‍ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചപ്പോള്‍ ഓവലില്‍ റിഷഭിനോടൊപ്പവും സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കാനായി. ഇപ്പോള്‍ രഹാനെക്കൊപ്പം വീണ്ടും ഓവലില്‍ അദ്ദേഹം സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചിരിക്കുകയാണ്.

നാല് തവണ ഈ നേട്ടത്തിലെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തലപ്പത്ത്. കിരണ്‍ മോറെ, പ്രഭാകര്‍, ഹര്‍ഭജന്‍, ധോണി എന്നിവരോടൊപ്പമാണ് സച്ചിന്‍ ഈ നേട്ടത്തിലേക്കെത്തിയത്. സച്ചിന്‍ ഇതിഹാസ ബാറ്റ്‌സ്മാനായതിനാല്‍ ഈ നേട്ടത്തില്‍ അത്ഭുതപ്പെടാനാവില്ല. എന്നാല്‍ ശര്‍ദുലിനെപ്പോലൊരു ഓള്‍റൗണ്ടര്‍ സെന രാജ്യത്ത് ഇത്തരമൊരു റെക്കോഡിലേക്കെത്തിയത് പ്രശംസിക്കപ്പെടേണ്ടത് തന്നെയാണ്.

എല്ലാവരും തിളങ്ങുന്ന മത്സരങ്ങളില്‍ ശര്‍ദുല്‍ ഠാക്കൂര്‍ തിളങ്ങുന്നത് വളരെ ചുരുക്കമാണ്. എന്നാല്‍ ആരും തിളങ്ങാത്ത, ഇന്ത്യ തകരുന്ന മത്സരങ്ങളില്‍ കൃത്യമായി രക്ഷകനാവാന്‍ ശര്‍ദുല്‍ ഠാക്കൂറിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ ലോര്‍ഡ് ശര്‍ദുലെന്ന് എല്ലാവരും വിളിക്കുന്നത്. ഓവലിലെ പ്രകടനത്തിലൂടെ മറ്റൊരു വമ്പന്‍ റെക്കോഡും ശര്‍ദുല്‍ സ്വന്തമാക്കി.

ഓവലില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയതോടെ സാക്ഷാല്‍ ബ്രാഡ്മാന്റെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് ശര്‍ദുല്‍. 1930-34 കാലയളവിലാണ് ബ്രാഡ്മാന്‍ ഓവലില്‍ തുടര്‍ ഫിഫ്റ്റികള്‍ നേടിയത്. പിന്നീട് ഓസീസിന്റെ അലന്‍ ബോര്‍ഡറും ഈ നേട്ടത്തിലേക്കെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ശര്‍ദുലും എത്തിയിരിക്കുന്നത്. ചരിത്ര നേട്ടമെന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം.

shardul thakur

എന്നാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ജയം നേടുക ഇന്ത്യക്ക് എളുപ്പമാവില്ല. ഇതിനോടകം ഓസീസിന് വ്യക്തമായ ആധിപത്യമുണ്ട്. ഇനിയൊരു തിരിച്ചുവരവ് കടുപ്പമാണെന്ന് പറയാം. ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ടീമിനെ പിന്നോട്ടടിക്കുന്നത്. ഒന്നാം ഇന്നിങ്‌സില്‍ രോഹിത് ശര്‍മ (15), ശുബ്മാന്‍ ഗില്‍ (13), ചേതേശ്വര്‍ പുജാര (14), വിരാട് കോലി (14) എന്നിവര്‍ ഫ്‌ളോപ്പായിരുന്നു.

നാലാം ദിനം ഉച്ചക്ക് മുമ്പ് ഓസ്‌ട്രേലിയയെ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം കാര്യങ്ങള്‍ പ്രയാസമായിരിക്കും. സമനില നേടുക പോലും ഇപ്പോള്‍ ഇന്ത്യയെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണെന്ന് പറയാം. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ബാറ്റിങ് നിര അവസരത്തിനൊത്തുയരാത്ത പക്ഷം രണ്ടാം തവണയും ഇന്ത്യ കിരീടം കൈവിട്ടേക്കും. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസീലന്‍ഡിനോട് തോറ്റിരുന്നു. ഇത്തവണയും തോല്‍വി ആവര്‍ത്തിക്കാനുള്ള സാധ്യതയാണ് കൂടുതല്‍.

Story first published: Saturday, June 10, 2023, 12:07 [IST]
Other articles published on Jun 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+