ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായുള്ള രാഹുല്‍ ദ്രാവിഡിന്റെ വരവിനെ വലിയ പ്രതീക്ഷയോടെയാണ് എല്ലാവരും കണ്ടത്. ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാനായ ദ്രാവിഡ് ഇന്ത്യ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടവും ചൂടിച്ചു. ഇന്ത്യ എ ടീമിന്റെ പരിശീലകനായും ശോഭിച്ചു. അതുകൊണ്ട് തന്നെ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനാവുമ്പോള്‍ അത്ഭുത നേട്ടങ്ങള്‍ ടീമിന് ലഭിക്കുമെന്നാണ് കരുതിയത്. എന്നാല്‍ പ്രതീക്ഷകളെല്ലാം തെറ്റിയെന്ന് തന്നെ പറയാം.
പരിശീലകനായി ദ്രാവിഡ് വന്നതിന് ശേഷം ഇന്ത്യയുടെ പ്രകടന ഗ്രാഫ് താഴോട്ട് പോയിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യക്ക് വലിയ പ്രതീക്ഷകളില്ലെന്ന് തന്നെ പറയാം. ഇന്ത്യന്‍ താരങ്ങളുടെ ശരീര ഭാഷപോലും പ്രതീക്ഷ നല്‍കുന്നതല്ല. പരിശീലകനെന്ന നിലയില്‍ ദ്രാവിഡ് സമ്പൂര്‍ണ്ണ പരാജയമാണെന്ന് പറയാതെ വയ്യ. ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പുവരെ ദ്രാവിഡ് മുന്നോട്ട് പോകാന്‍ സാധ്യതയുണ്ട്.

എന്നാല്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ദ്രാവിഡ് എത്രയും വേഗം പരിശീലകസ്ഥാനമൊഴിയുന്നതാണ് നല്ലത്. ദ്രാവിഡിനെ മാറ്റിയാല്‍ പകരം ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് ആരെ പരിഗണിക്കും? അഞ്ച് പേര്‍ അവസരത്തിനായി വെയ്റ്റിങ്ങാണ്. ഇവരിലാരുവന്നാലും മികച്ച നേട്ടം ഇന്ത്യക്കുണ്ടായേക്കും. ഇത്തരത്തില്‍ ദ്രാവിഡിന്റെ പകരക്കാരനാവാന്‍ സാധിക്കുന്ന പരിശീലകര്‍ ആരൊക്കെയാണെന്ന് നോക്കാം.
ഒന്നാമത്തെയാള്‍ സ്റ്റീഫന്‍ ഫ്‌ളമിങ്ങാണ്. നിലവില്‍ സിഎസ്‌കെയുടെ മുഖ്യ പരിശീലകനാണ് ഫ്‌ളമിങ്. മുന്‍ ന്യൂസീലന്‍ഡ് നായകനും ഇടം കൈയന്‍ ഓപ്പണറുമായ ഫ്‌ളമിങ് മികച്ച റെക്കോഡുകളുള്ള താരവുമാണ്. അതുകൊണ്ട് തന്നെ ഫ്‌ളമിങ്ങിനെ ഇന്ത്യയുടെ പരിശീലകനാക്കിയാല്‍ ടീമിനത് ഗുണം ചെയ്‌തേക്കും. ഏറെ നാളുകളായി സിഎസ്‌കെയുടെ പരിശീലകനാണ് ഫ്‌ളമിങ്. ഇന്ത്യന്‍ ടീമിനായി ഫ്‌ളമിങ് സിഎസ്‌കെ വിടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
രണ്ടാമത്തെയാള്‍ മുന്‍ ഇന്ത്യന്‍ പരിശീലകനായിരുന്ന ഗാരി കേഴ്സ്റ്റനാണ്. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിലെ പരിശീലക സംഘത്തിനൊപ്പമാണ് കേഴ്സ്റ്റനുള്ളത്. 2011ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ച പരിശീലകനാണ് കേഴ്സ്റ്റന്‍. അതുകൊണ്ട് തന്നെ ഇന്ത്യയിലെ സാഹചര്യത്തെക്കുറിച്ച് കൃത്യമായ ധാരണ കേഴ്സ്റ്റനുണ്ടാവും. ഇന്ത്യയുടെ പരിശീലകനായി തിരിച്ചെത്തിയാല്‍ വലിയ നേട്ടമുണ്ടാക്കിക്കൊടുക്കാന്‍ കേഴ്സ്റ്റന് കഴിഞ്ഞേക്കും.
ടോം മൂഡിയാണ് മറ്റൊരാള്‍. മുന്‍ ഓസീസ് ഓള്‍റൗണ്ടറും ഇന്ത്യക്ക് അനുയോജ്യനായ പരിശീലകനായിരിക്കും. ഇന്ത്യയിലെ സാഹചര്യത്തെക്കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാം. പരിശീലകനെന്ന നിലയില്‍ അനുഭവസമ്പന്നനായ കേഴ്‌സ്റ്റന്‍ നേരത്തെ ശ്രീലങ്കയുടെ പരിശീലകനുമായിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ പ്രതിഭക്കൊത്ത് പ്രവര്‍ത്തിക്കാനും പുതിയ യുവതാരങ്ങളെ വളര്‍ത്താനും ടോം മൂഡിക്ക് കഴിവുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ പരിഗണിച്ചാലും ടീമിന് ഗുണം ചെയ്‌തേക്കും.

നാലാമത്തെ താരം വീരേന്ദര്‍ സെവാഗാണ്. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന സെവാഗ് നേരത്തെ തന്നെ ഇന്ത്യയുടെ പരിശീലക സ്ഥാനം നോട്ടമിട്ടിരുന്നവരിലൊരാളാണ്. ബ്രണ്ടന്‍ മക്കല്ലത്തെ ഇംഗ്ലണ്ട് പരിശീലകനാക്കിയപ്പോള്‍ ടെസ്റ്റില്‍ വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ഞെട്ടിക്കാന്‍ ടീമിനായിരുന്നു. മക്കല്ലത്തിന് കീഴില്‍ ഇംഗ്ലണ്ട് മാറിയതുപോലെ സെവാഗിന് കീഴില്‍ മാറാന്‍ ഇന്ത്യക്കും സാധിച്ചേക്കും. എന്നാല്‍ സെവാഗിന് പരിശീലകനായി വലിയ അനുഭവസമ്പത്തില്ല.
നേരത്തെ പഞ്ചാബ് കിങ്‌സിന്റെ പരിശീലകനായപ്പോള്‍ സെവാഗ് നിരാശപ്പെടുത്തിയിരുന്നു. ഇന്ത്യക്കായി ടെസ്റ്റില്‍ രണ്ട് തവണ ട്രിപ്പിള്‍ സെഞ്ച്വറി നേടാന്‍ സെവാഗിനായിട്ടുണ്ട്. പക്ഷെ സെവാഗിന്റെ ശൈലിയോട് എത്രമാത്രം ഇന്ത്യന്‍ താരങ്ങള്‍ക്ക് പൊരുത്തപ്പെടാനാവുമെന്നതാണ് സംശയം. മറ്റൊരു സാധ്യത ആശിഷ് നെഹ്‌റക്കാണ്. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഖ്യ പരിശീലകനാണ് നെഹ്‌റ. ഇടം കൈയന്‍ പേസര്‍ക്ക് കീഴില്‍ ഗുജറാത്ത് തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്.
ഇന്ത്യയുടെ പരിശീലകനായി നെഹ്‌റ എത്തിയാലും ഇതേ പ്രകടന നിലവാരം പ്രതീക്ഷിക്കാം. ഗൗതം ഗംഭീറിനെ ഇന്ത്യ പരിശീലകസ്ഥാനത്തേക്ക് പരിഗണിച്ചേക്കില്ല. ഗംഭീറിന്റെ സ്വഭാവം ഇന്ത്യന്‍ താരങ്ങളുമായി ചേര്‍ന്നുപോയേക്കില്ല. വിരാട് കോലിയുമായി ഗംഭീറിനുള്ള അഭിപ്രായ ഭിന്നതയും അദ്ദേഹത്തിന്റെ പരിശീലകനായുള്ള വഴിയടക്കുകയാണെന്ന് പറയാം.