ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തലകുനിച്ചിരിക്കുകയാണ് ഇന്ത്യ. തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ കളിക്കാന്‍ ഭാഗ്യമുണ്ടായിട്ടും കിരീടത്തിലേക്കെത്താന്‍ ഇന്ത്യക്കായില്ല. ഓസ്‌ട്രേലിയ മുന്നോട്ടുവെച്ച 444 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 234 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ഇതോടെ 209 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെ ഓസ്‌ട്രേലിയ കന്നി ഡബ്ല്യുറ്റിസി കിരീടത്തിലും മുത്തമിട്ടു.
രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ തോല്‍ക്കുന്ന ആദ്യത്തെ ഫൈനലായി ഇത് മാറി. ഓവലില്‍ ആവിശ്യത്തിന് പരിശീലനം പോലും ലഭിക്കാതെ ഇറങ്ങിയ ഇന്ത്യയുടെ തോല്‍വിയില്‍ അത്ഭുതമൊന്നുമില്ല. പക്ഷെ ഇത്രയും മികച്ച ടീമുണ്ടായിട്ടും ഇന്ത്യ മികച്ച പോരാട്ടം നടത്താതെ തോറ്റത് തീര്‍ച്ചയായും നിരാശപ്പെടുത്തുന്നതാണ്. വിദേശ പിച്ചുകളില്‍ കളി മറക്കുന്ന ഇന്ത്യ ഐസിസി കിരീടം കൈവിട്ടുകളയുമ്പോള്‍ ആരെയാണ് പഴിക്കേണ്ടത്? പരിശോധിക്കാം.

നായകനെന്ന നിലയില്‍ രോഹിത് ശര്‍മ തീര്‍ച്ചയായും വിമര്‍ശനം കേള്‍ക്കേണ്ടിയിരിക്കുന്നു. രോഹിത്തിന്റെ മണ്ടത്തരം ഇന്ത്യയുടെ തോല്‍വിയെ സ്വാധീനിച്ചിട്ടുണ്ട്. ആദ്യ ഇന്നിങ്‌സില്‍ രോഹിത് ശര്‍മ നേടിയത് വെറും 15 റണ്‍സാണ്. മികച്ചൊരു തുടക്കം നല്‍കാതെ ആദ്യം പുറത്തായത് രോഹിത്താണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തക്കുറവ് വിമര്‍ശനം അര്‍ഹിക്കുന്നു. രണ്ടാം ഇന്നിങ്‌സില്‍ രോഹിത് 43 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം നടത്തി.
പക്ഷെ രോഹിത് പുറത്തായ ഷോട്ട് തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു. നതാന്‍ ലിയോണെതിരേ സ്വീപ് ഷോട്ടിന് ശ്രമിച്ചാണ് രോഹിത് മടങ്ങിയത്. 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെ രോഹിത് മികവുകാട്ടിയെങ്കിലും അനാവശ്യ ഷോട്ടുകളിച്ചാണ് അദ്ദേഹത്തിന്റെ മടക്കം. ഇത് രൂക്ഷ വിമര്‍ശനം നേരിടേണ്ട കാര്യം തന്നെയാണ്. നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും രോഹിത്തിന് യാതൊരു ഇംപാക്ടും സൃഷ്ടിക്കാനായില്ല.
വിരാട് കോലിയുടെ മോശം പ്രകടനവും വിമര്‍ശിക്കപ്പെടേണ്ടതാണ്. അതിനൊരു കാരണവുമുണ്ട്. ആദ്യ ഇന്നിങ്‌സില്‍ 14 റണ്‍സ് നേടിയ കോലി രണ്ടാം ഇന്നിങ്‌സില്‍ 49 റണ്‍സുമായി മടങ്ങി. രണ്ടാം ഇന്നിങ്‌സില്‍ കോലിയുടെ പുറത്താകലാണ് വലിയ തകര്‍ച്ചയിലേക്ക് ഇന്ത്യന്‍ ടീമിനെ തള്ളിവിട്ടത്. കോലി പുറത്തായ ഷോട്ടാണ് വിമര്‍ശനത്തിന് കാരണമാവുന്നത്. ക്ഷമയോടെ ക്രീസില്‍ നിന്നിരുന്ന കോലി ഓഫ് സ്റ്റംപിലേക്ക് കടന്നുകളിച്ചതാണ് പുറത്താകലിന് കാരണമായത്.
ആ സമയത്ത് അനാവശ്യമായ ഷോട്ടായിരുന്നു ഇത്. കോലിക്ക് ബാക് ഫൂട്ടില്‍ മികച്ച ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ക്ഷമയോടെ ക്രീസില്‍ നില്‍ക്കാനുള്ള ശ്രമമായിരുന്നു അദ്ദേഹം നടത്തേണ്ടിയിരുന്നത്. പക്ഷെ കോലി തിടുക്കം കാട്ടി. ഐപിഎല്ലിലെ ഇഫക്ട് കോലിയുടെ ഷോട്ട് സെലക്ഷനെ സ്വാധീനിച്ചിട്ടുണ്ടെന്ന് തന്നെ വിലയിരുത്താം. കോലിയുടെ വിക്കറ്റ് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹത്തിനറിയാം.

അതുകൊണ്ടുതന്നെ അല്‍പ്പം കൂടി ക്ഷമ കാട്ടാന്‍ കോലിക്ക് സാധിക്കണമായിരുന്നു. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെതിരേയും വിരല്‍ ചൂണ്ടേണ്ടതായുണ്ട്. ഇന്ത്യയുടെ പരിശീലകനായി യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ രാഹുലിന് സാധിക്കുന്നില്ലെന്നതാണ് വസ്തുത. ഫൈനലിലെ ഇന്ത്യയുടെ പദ്ധതി എന്തായിരുന്നുവെന്നതാണ് പ്രധാന ചോദ്യം?. അഞ്ചാം ദിനം ഇന്ത്യ വിജയം മാത്രം പ്രതീക്ഷിച്ചാണോ ഇറങ്ങിയത്. കോലി മടങ്ങിയ ശേഷം സമനിലയ്ക്കായി ശ്രമിക്കാത്തത് എന്തുകൊണ്ട്?
തുടങ്ങി പല ചോദ്യങ്ങളും ദ്രാവിഡിനെതിരേ ഉയരുമെന്നുറപ്പ്. അഞ്ചാം ദിനം 280 റണ്‍സ് നേടുകയെന്നത് ഓസ്‌ട്രേലിയയുടെ ബൗളിങ് കരുത്ത് പരിശോധിക്കുമ്പോള്‍ പ്രയാസമുള്ളതാണ്. അതുകൊണ്ട് തന്നെ ഇന്ത്യ സമനിലയ്ക്കായി ശ്രമിക്കേണ്ടതായിരുന്നു. പക്ഷെ ഇത്തരമൊരു ശ്രമം ഒരു ബാറ്റ്‌സ്മാനും നടത്തിയില്ല. ഇന്ത്യന്‍ ടീമിന്റെ ആക്രമണോത്സകതയും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. നനഞ്ഞ, ഉറക്കം തൂങ്ങികളായി ഇന്ത്യ മാറിയിരിക്കുന്നു.
വിരാട് കോലിക്ക് കീഴില്‍ കളിച്ചപ്പോള്‍ ഇന്ത്യക്കുണ്ടായിരുന്ന ആക്രമണോത്സകതയും ടീം സ്പിരിറ്റും ഇപ്പോഴില്ല. അതുകൊണ്ട് തന്നെ രോഹിത്തിനെ നായകസ്ഥാനത്തുനിന്ന് മാറ്റുന്നതടക്കമുള്ള നടപടികളിലേക്ക് ഇന്ത്യ നീങ്ങേണ്ടതായുണ്ട്. വലിയൊരു പൊളിച്ചെഴുത്തുതന്നെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നടത്തേണ്ടി വരുമെന്നുറപ്പാണ്.