Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ഇന്ത്യയുടെ അടുത്ത രഹാനെയാര്? ശ്രേയസ് അല്ല! ഇവരിലൊരാള്‍ വരണം

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇന്ത്യക്കെതിരേ വ്യക്തമായ മുന്‍തൂക്കം ഓസീസ് നേടിക്കഴിഞ്ഞു. ഓസീസിന്റെ 469 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 296 റണ്‍സിന് കൂടാരം കയറേണ്ടി വന്നു. വന്‍ തകര്‍ച്ച മുന്നില്‍ക്കണ്ട ഇന്ത്യയെ രക്ഷിച്ചത് അജിന്‍ക്യ രഹാനെയുടെ പ്രകടനമാണ്. നിര്‍ണ്ണായകമായ 89 റണ്‍സുമായാണ് അദ്ദേഹം കളം നിറഞ്ഞത്.

ആറ് മാസത്തോളം ഇന്ത്യന്‍ ടീമിന് പുറത്തിരുന്ന ശേഷമാണ് രഹാനെ ടെസ്റ്റിലേക്ക് തിരിച്ചെത്തിയതും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചതും. എന്നാല്‍ അധികം വൈകാതെ രഹാനെ വിരമിക്കാനാണ് സാധ്യത. ഇനി മോശം ഫോമിനെത്തുടര്‍ന്ന് ടീമിന് പുറത്തായാല്‍ വിരമിക്കല്‍ മത്സരം പോലും അദ്ദേഹത്തിന് ലഭിക്കാന്‍ സാധ്യതയില്ലെന്ന് പറയാം. രഹാനെ കളം വിട്ടാല്‍ പകരം കൂടുതല്‍ സാധ്യത ശ്രേയസ് അയ്യര്‍ക്കാണ്. എന്നാല്‍ ശ്രേയസിനെ ഇന്ത്യ പിന്തുണക്കുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല.

ajinkya rahane

ഇന്ത്യന്‍ പിച്ചില്‍ മിടുക്കനാണെങ്കിലും വിദേശ പിച്ചില്‍ വലിയ മിടുക്കുകാട്ടാന്‍ ശ്രേയസിന് സാധിച്ചേക്കില്ല. കാരണം ഷോര്‍ട്ട് ബോളുകള്‍ ശ്രേയസിന്റെ ദൗര്‍ബല്യമാണ്. പല തവണ ഈ കെണിയില്‍ അദ്ദേഹം വീണിട്ടുമുണ്ട്. രഹാനെ കളമൊഴിഞ്ഞാല്‍ പകരക്കാരനായി പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. റിങ്കു സിങ്ങാണ് ഒന്നാമത്തെ താരം. ഐപിഎല്ലില്‍ കെകെആറിനൊപ്പം നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളുടെ പേരില്‍ റിങ്കു ഇതിനോടകം എല്ലാവര്‍ക്കും പരിചിതനാണ്.

ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്ക് അധികം വൈകാതെ താരം എത്തിയേക്കും. എന്നാല്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കും പരിഗണിക്കാവുന്ന താരമാണ് ഇടം കൈയനായ റിങ്കു. ആഭ്യന്തര ക്രിക്കറ്റിലെ റിങ്കുവിന്റ പ്രകടനങ്ങളെല്ലാം മികച്ചതാണ്. 40 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 60ന് മുകളില്‍ ശരാശരി റിങ്കുവിനുണ്ട്. 19 അര്‍ധ സെഞ്ച്വറിയും ഏഴ് സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്.

രഹാനെ കളിക്കുന്ന അഞ്ചാം നമ്പര്‍ വളരെ സമ്മര്‍ദ്ദം നിറഞ്ഞ ബാറ്റിങ് പൊസിഷനാണ്. ടീം തകര്‍ച്ച നേരിടുമ്പോള്‍ റിങ്കുവിനെപ്പോലെയൊരു താരത്തെയാണ് ആവിശ്യം. പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിനെ ചുമലിലേറ്റാന്‍ റിങ്കുവിന് കഴിവുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യ രഹാനെയുടെ പകരക്കാരനായി റിങ്കുവിനെ പരിഗണിക്കുന്നത് എന്തുകൊണ്ടും ടീമിന് ഗുണം ചെയ്യുമെന്നുറപ്പ്.

രണ്ടാമത്തെ താരം സര്‍ഫറാസ് ഖാനാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ സര്‍ഫറാസ് ഖാന്‍ ഇന്ത്യന്‍ ടീമിലേക്ക് വിളി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ തകര്‍ത്തുകളിക്കുന്ന സര്‍ഫറാസിന്റെ ശരാശരി 80ന് മുകളിലാണ്. 13 സെഞ്ച്വറികളും താരം നേടി. അതിവേഗം റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും സര്‍ഫറാസിന് കഴിവുണ്ട്. സ്ഥിരതയോടെ കളിക്കുന്ന താരമെന്ന നിലയില്‍ ഇന്ത്യക്ക് സര്‍ഫറാസിന്റെ മികവില്‍ പ്രതീക്ഷവെക്കാം.

shreyas iyer

മൂന്നാമത്തെ താരം രജത് പാട്ടീധാറാണ്. ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം സെഞ്ച്വറിയടക്കം നേടി തിളങ്ങിയ താരം ആഭ്യന്തര ക്രിക്കറ്റിലും ശോഭിച്ചിരുന്നു. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 45ന് മുകളില്‍ ശരാശരി രജത്തിനുണ്ട്. ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്തുന്ന പാട്ടീധാറിനെ ഇന്ത്യക്ക് ടെസ്റ്റിലേക്ക് വളര്‍ത്താവുന്നതാണ്. രഹാനെയുടെ സ്ഥാനത്ത് തിളങ്ങാന്‍ പ്രതിഭയുള്ളവനാണ് രജത്തെന്ന് തന്നെ വിലയിരുത്താം.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷം വലിയ പൊളിച്ചെഴുത്ത് ഇന്ത്യന്‍ ടെസ്റ്റ് ടീമിലുണ്ടായേക്കും. രോഹിത് ശര്‍മയെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റേണ്ട സമയമായിരിക്കുന്നു. മുഹമ്മദ് സിറാജിനെ വളര്‍ത്തിയതുപോലെ മികച്ച യുവ പേസര്‍മാരെ ഇനിയും ഇന്ത്യ കണ്ടെത്തേണ്ടതായുണ്ട്. മധ്യനിരയിലേക്കും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ വേണം. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് പരിക്കേറ്റതോടെ ഉത്തമ പകരക്കാരനെ കണ്ടെത്താനും ഇന്ത്യക്ക് സാധിക്കാതെ പോയി. വലിയ മാറ്റങ്ങള്‍ അടുത്തുതന്നെ ഇന്ത്യന്‍ ടീമില്‍ വന്നേക്കും.

Story first published: Saturday, June 10, 2023, 14:21 [IST]
Other articles published on Jun 10, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+