Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC Final: ഓസീസ് മുന്നിട്ടുനിന്നത് അവിടെ! ഇന്ത്യക്കതിന് സാധിച്ചില്ല- പിഴവ് ചൂണ്ടിക്കാട്ടി പോണ്ടിങ്

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യയുടെ തോല്‍വി ടീമിനെയും ആരാധകരെയും മാനസികമായി തളര്‍ത്തിയിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം തവണയും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്കെത്തിയിട്ടും കിരീട ഭാഗ്യം ഇന്ത്യക്കുണ്ടായില്ല. ഇത്തവണ ഓസ്‌ട്രേലിയയോട് 209 റണ്‍സിന്റെ വമ്പന്‍ തോല്‍വി വഴങ്ങിയാണ് ഇന്ത്യ കിരീടം നഷ്ടപ്പെടുത്തിയത്.

ഇന്ത്യയുടെ ബൗളര്‍മാര്‍ ആദ്യ ഇന്നിങ്‌സില്‍ പതറിയെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ശക്തമായ തിരിച്ചുവരവ് നടത്തി. എന്നാല്‍ രണ്ട് ഇന്നിങ്‌സിലും ബാറ്റിങ് നിരയ്ക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാനായില്ല. മത്സരശേഷം നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമെല്ലാം ഇന്ത്യയുടെ ബാറ്റിങ്ങിനെയാണ് പഴിച്ചത്. ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണം ചൂണ്ടിക്കാട്ടുകയാണ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്.

ricky ponting

ബാറ്റിങ് തന്നെയാണ് മത്സരത്തില്‍ പ്രധാന വ്യത്യാസം സൃഷ്ടിച്ചതെന്നാണ് പോണ്ടിങ് പറയുന്നത്. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ ഇന്ത്യയുടെ പ്രധാന ബാറ്റ്‌സ്മാന്‍മാര്‍ക്ക് അതിന് സാധിക്കാതെ പോയെന്നാണ് പോണ്ടിങ് അഭിപ്രായപ്പെട്ടത്. 'രണ്ട് ടീമും തമ്മിലുള്ള പ്രധാന വ്യത്യാസം ഓസീസിന്റെ പ്രധാന ബാറ്റ്‌സ്മാന്‍മാര്‍ മികവുകാട്ടിയപ്പോള്‍ ഇന്ത്യക്കതിന് സാധിച്ചില്ലെന്നതാണ്. സ്റ്റീവ് സ്മിത്തിന്റെ പ്രകടം നോക്കുക.

ഡേവിഡ് വാര്‍ണറിന്റെ ആദ്യ ഇന്നിങ്‌സിലെ പ്രകടനം ഓസീസിന് കാര്യങ്ങള്‍ എളുപ്പമാക്കുന്നതായിരുന്നു. ഹെഡ് സമീപകാലത്തെല്ലാം ചെയ്തുകൊണ്ടിരിക്കുന്ന ജോലി വീണ്ടും ഭംഗിയായി ചെയ്തിരിക്കുകയാണ്. വളരെ പോരാട്ടവീര്യത്തെയോട് ഇരു ടീമും കളിച്ചത്'- പോണ്ടിങ് പറഞ്ഞു. ഇന്ത്യയില്‍ നടന്ന അവസാന ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ച ആത്മവിശ്വാസം ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിലെ സാഹചര്യത്തോട് വേഗത്തില്‍ പൊരുത്തപ്പെടാനായില്ല.

ഇന്ത്യയില്‍ രണ്ട് മാസത്തോളം ഐപിഎല്‍ കളിച്ചാണ് ഇന്ത്യയുടെ മിക്ക താരങ്ങളും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാനെത്തിയത്. ഇംഗ്ലണ്ടില്‍ ഒരാഴ്ച പരിശീലനം നടത്താനുള്ള സമയമാണ് ലഭിച്ചത്. സന്നാഹ മത്സരങ്ങളൊന്നും കളിച്ചിരുന്നില്ല. ഇന്ത്യയിലെ ഫ്‌ളാറ്റ് പിച്ചില്‍ നിന്ന് തികച്ചും വ്യത്യസ്തമായ പിച്ചാണ് ഇംഗ്ലണ്ടിലേത്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പെട്ടെന്ന് പിച്ചിനോട് പൊരുത്തപ്പെടാന്‍ സാധിക്കാതെ പോയി.

ഓസ്‌ട്രേലിയയിലെ പിച്ചുകള്‍ ഇംഗ്ലണ്ടിലേതിന് സമാനമാണ്. അതുകൊണ്ട് തന്നെ ഇന്ത്യയെക്കാള്‍ വേഗത്തില്‍ പിച്ചിനോട് ഇണങ്ങാന്‍ ഓസീസിനായി. കൂടാതെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ഓസ്‌ട്രേലിയ പരിശീലനം ആരംഭിച്ചിട്ട് നാളുകളേറെയായി. ഇന്ത്യ ഐപിഎല്ലില്‍ കളിക്കുമ്പോള്‍ പ്രധാന ഓസീസ് പേസര്‍മാരെല്ലാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള മുന്നൊരുക്കത്തിലായിരുന്നു. ഇതെല്ലാം ഓസീസിന്റെ വിജയത്തെ സ്വാധീനിച്ചു.

ind vs aus

'വലിയ പോസിറ്റീവുകള്‍ ഉള്ള ടീമാണ് ഇപ്പോഴത്തെ ഓസ്‌ട്രേലിയ. ഏറെ നാളുകളായി ഇവര്‍ സ്ഥിരതയോടെ കളിക്കുന്നു. ഓരോ മത്സരത്തിലും അവസരത്തിനൊത്തുയരാന്‍ താരങ്ങള്‍ക്കാവുന്നു. ടീമെന്ന വികാരം ശക്തമായി അവര്‍ക്കൊപ്പമുണ്ട്'- പോണ്ടിങ് കൂട്ടിച്ചേര്‍ത്തു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും നേടിയതോടെ എല്ലാ ഐസിസി ട്രോഫികളും സ്വന്തമാക്കുന്ന ആദ്യത്തെ ടീമെന്ന റെക്കോഡിലേക്കെത്താനും ഓസീസിനായി.

സ്റ്റീവ് വോയും പോണ്ടിങ്ങും നയിച്ചിരുന്നപ്പോഴുള്ള ഓസീസ് ടീമിനെ ഓര്‍മ്മിപ്പിക്കുന്ന പ്രകടനമാണ് ഇപ്പോഴത്തെ ഓസീസ് ടീം കാഴ്ചവെക്കുന്നത്. ഇന്ത്യന്‍ ടീം ശക്തമാണെങ്കിലും ഇനിയുമേറെ മെച്ചപ്പെടേണ്ടിയിരിക്കുന്നു. തട്ടകത്തില്‍ ഹീറോയാവുന്ന പലരും വിദേശ മൈതാനത്ത് നിരാശപ്പെടുത്തുകയാണ്. അതി ഗംഭീര ഫോമിലെത്തിയ ശുബ്മാന്‍ ഗില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തീര്‍ത്തും നിറം മങ്ങിയിരുന്നു.

വിരാട് കോലിക്കും പ്രതീക്ഷിച്ച നിലവാരം കാട്ടാനായില്ല. അജിന്‍ക്യ രഹാനെയുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് ആശ്വസിക്കാനുള്ളത്. ഇന്ത്യന്‍ ടീമിന് പുറത്തുനിന്ന ശേഷമുള്ള മടങ്ങിവരവില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായി. അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നായകനെയടക്കം മാറ്റി അതിഗംഭീര തിരിച്ചുവരവോടെ കപ്പടിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കണ്ടറിയാം.

Story first published: Monday, June 12, 2023, 14:08 [IST]
Other articles published on Jun 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+