ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തിനെതിരേ കിടിലന്‍ റെക്കോര്‍ഡുള്ള ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ഡബ്ല്യുടിസി ഫൈനലില്‍ ഇതു മെച്ചപ്പെടുത്തിയിരിക്കുകയാണ്. അതോടൊപ്പം ഓള്‍ടൈം റെക്കോര്‍ഡിന് തൊട്ടരികിലെത്തുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ ഉജ്ജ്വല സെഞ്ച്വറിയോടെ മിന്നിച്ച സ്മിത്തിനു രണ്ടാമിന്നിങ്‌സില്‍ ഇതാവര്‍ത്തിക്കാനായില്ല. 34 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. 47 ബോളുകള്‍ നേരിട്ട സ്മിത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു ഫോറുകളുല്‍പ്പെട്ടിരുന്നു.
മൂന്നാം ദിനം അവസാന സെഷനിലാണ് സ്മിത്തിന്റെ വമ്പന്‍ വിക്കറ്റ് ജഡേജ പോക്കറ്റിലാക്കിയത്. 31ാം ഓവറിലായിരുന്നു ഇത്. അഗ്രസീവ് ഷോട്ടിനു ശ്രമിച്ച സ്മിത്തിന്റെ കണക്കുകൂട്ടല്‍ പിഴയ്ക്കുകയായിരുന്നു. ജഡേജയ്‌ക്കെതിരേ ക്രീസിനു പുറത്തേക്കിറങ്ങി സ്മിത്ത് വമ്പന്‍ ഷോട്ടിനു മുതിരുകയായിരുന്നു.

ഓഫ്സ്റ്റംപിനു പറത്തേക്കു പോയ ബോള്‍ അദ്ദേഹം മിഡ് ഓണിനു മുകളിലൂടെ പറത്താനാണ് ശ്രമിച്ചത്. പക്ഷെ ബോള്‍ നേരെ ആകാശത്തേക്കുയരുകയായിരുന്നു. പോയിന്റില്‍ നിന്നും ഓടിയെത്തിയ ശര്‍ദ്ദുല്‍ ടാക്കൂര്‍ മികച്ചൊരു ക്യാച്ചിലൂടെ സ്മിത്തിനെ കൈയ്ക്കുള്ളിലാക്കുകയും ചെയ്തു.
റെഡ് ബോള്‍ ക്രിക്കറ്റില്‍ സ്റ്റീവ് സ്മിത്തിനെതിരേ മികച്ച പ്രകടനമാണ് രവീന്ദ്ര ജഡേജ ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്. 735 ബോളുകളാണ് സ്മിത്തിനെതിരേ ജഡ്ഡു ഇതുവരെയെറിഞ്ഞത്. ഇവയില്‍ നിന്നും വഴങ്ങിയതാവട്ടെ 270 റണ്‍സുമാണ്. എട്ടു തവണ സ്മിത്തിനെ പുറത്താക്കുകയും ചെയ്തു.
ഇന്നു സ്മിത്തിന്റെ വിക്കറ്റെടുത്തതോടെ ഏറ്റവുമധികം തവണ അദ്ദേഹത്തെ പുറത്താക്കിയ ബൗളറെന്ന ആര്‍ അശ്വിന്റെ റെക്കോര്‍ഡിനൊപ്പവും ജഡ്ഡുവെത്തി. നേരത്തേ അശ്വിനും എട്ടു തവണ സ്മിത്തിനെ പുറത്താക്കിയിട്ടുണ്ട്. ഇനി ഇംഗ്ലണ്ടിന്റെ വെറ്ററന്‍ പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡ് മാത്രമേ മുന്നിലുള്ളൂ. ഒമ്പതു തവണ സ്മിത്തിന്റെ വിക്കറ്റെടുത്താണ് ബ്രോഡ് ചരിത്രം കുറിച്ചത്.