ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീനിന്റെ വിവാദ ക്യാച്ച് കാരണം മുന്‍ ഇതിഹാസ നായകന്‍ റിക്കി പോണ്ടിങും പെട്ടിരിക്കുകയാണ്. ഐപിഎല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സാണ് സോഷ്യല്‍ മീഡിയയില്‍ പോണ്ടിങിനെതിരേ ഒളിയമ്പ് തൊടുത്തിരിക്കുന്നത്. ഡബ്ല്യുടിസി ഫൈനലിന്റെ നാലാം ദിനമായിരുന്നു ശുഭ്മന്‍ ഗില്ലിനെ പുറക്കാക്കിയ ഗ്രീനിന്റെ വിവാദ ക്യാച്ച്. തേര്‍ഡ് അംപയര്‍ ഇതു ഔട്ട് വിധിച്ചതോടെ വലിയ വിമര്‍ശനങ്ങളും വിവിധ കോണുകളില്‍ നിന്നുമുയര്‍ന്നിരുന്നു.
ഫൈനലിലെ കമന്റേറ്റര്‍മാരുടെ പാനലില്‍ റിക്കി പോണ്ടിങും ഉള്‍പ്പെട്ടിരുന്നു. 2008ലെ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സിഡ്‌നി ടെസ്റ്റിനിടെയും ഇത്തരമൊരു വിവാദ ക്യാച്ചുണ്ടായിരുന്നു. അന്നു സൗരവ് ഗാംഗുലിയെ വിവാദ ക്യാച്ചിലൂടെ പുറത്താക്കിയത് പോണ്ടിങായിരുന്നു. അംപയര്‍ അന്നു ഔട്ട് നല്‍കിയതിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്.

ഇത്തവണ ഡബ്ല്യുടിസി ഫൈനലില്‍ പോണ്ടിങിന്റെ മുന്നില്‍ വച്ചാണ് വീണ്ടുമൊരു വിവാദ ക്യാച്ച് സംഭവിച്ചിരിക്കുന്നത്. ഈ കാരണത്താല്‍ തന്നെയാണ് പോണ്ടിങിനെ രാജസ്ഥാന്‍ റോയല്‍സ് കളിയാക്കിയത്. ഔട്ടാണെന്നു റിക്കി പോണ്ടിങ് കൈവിരലുയര്‍ത്തി ആംഗ്യം കാണിക്കുന്ന ചിത്രമാണ് രാജസ്ഥാന്‍ റോയല്‍സ് ട്വീറ്റ് ചെയ്തത്. 'അതേസമയം, കന്ററി ബോക്‌സില്‍' എന്നു ഇതോടൊപ്പം ക്യാപ്ഷനും നല്‍കിയിരിക്കുന്നു.
ഫൈനലില്‍ ഇന്ത്യ 444 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശവെയായിരുന്നു ടീബ്രേക്കിനു തൊട്ടുമുമ്പത്തെ ഓവറില്‍ ശുഭ്മന്‍ ഗില്‍ പുറത്തായത്. സ്‌കോട്ട് ബോളന്‍ഡിന്റെ ബൗളിങില്‍ എഡ്ജായ ഗില്ലിനെ സ്ലിപ്പ് ഏരിയയില്‍ കാമറണൂണ്‍ ഗ്രീന്‍ ഡൈവ് ചെയ്ത് പിടികൂടുകയായിരുന്നു.
ഇടതു വശത്തേക്കു ഡൈവ് ചെയ്താണ് ഒരു കൈയില്‍ ഗ്രീന്‍ ബോളിനെ കുരുക്കിയെടുത്തത്. പക്ഷെ ഡൈവ് ചെയ്തു വീഴവെ ബോള്‍ ഗ്രൗണ്ടില്‍ വീണതായി സംശയമുയര്‍ന്നതോടെ ഫീല്‍ഡ് അംപയര്‍ തീരുമാനം തേര്‍ഡ് അംപയര്‍ക്കു വിടുകയായിരുന്നു. റീപ്ലേകള്‍ പരിശോധിച്ച ശേഷം അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു.

പക്ഷെ മുന്നില്‍ നിന്നുള്ള ആംഗിളില്‍ നിന്നും സൂം ചെയ്യുകയാണെങ്കില്‍ ബോള്‍ ഗ്രൗണ്ടില്‍ ടച്ച് ചെയ്യുമ്പോള്‍ കാമറൂണ്‍ ഗ്രീനിന്റെ കൈവിരല്‍ താഴെ ഇല്ലായിരുന്നതായി കാണാന്‍ സാധിക്കും. അതുകൊണ്ടു തന്നെ നിയമപരമായി ഇതു ഔട്ട് വിധിക്കാനും സാധിക്കില്ല.
മാത്രമല്ല ക്യാച്ചിന്റെ കാര്യത്തില്‍ തേര്‍ഡ് അംപയര്‍ക്കു വ്യക്തമായ തെളിവ് ലഭിക്കാതെ പോവുകയാണെങ്കില്‍ അത്തരം സന്ദര്‍ഭങ്ങളില്‍ ആനുകൂല്യം ലഭിക്കേണ്ടത് ബാറ്റര്‍ക്കാണ്. പക്ഷെ ഇവിടെ ശുഭ്മന്‍ ഗില്ലിനു പകരം ഫീല്‍ഡറായ കാമറൂണ്‍ ഗ്രീനിനാണ് തേര്‍ഡ് അംപയറുടെ ആനുകൂല്യം ലഭിച്ചത്. ഈ കാരണങ്ങളാലാണ് ഗില്ലിന്റെ പുറത്താവല്‍ ക്രിക്കറ്റ് ലോകത്തു വലിയ ചര്‍ച്ചയായി തീര്‍ന്നത്.
ശുഭ്മന്‍ ഗില്ലിന്റെ ക്യാച്ചിനു ശേഷം ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ സ്റ്റേഡിയത്തിലെ കാണികളില്‍ ഒരു വിഭാഗം കാമറൂണ്‍ ഗ്രീനിനെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ചതിയന്‍, ചതിയന്‍ എന്നായിരുന്നു കാണികള്‍ താരത്തെ അധിക്ഷേപിച്ചത്. കൂടാതെ സെഷനു ശേഷം ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഗ്രൗണ്ടില്‍ നിന്നും തിരികെ കയറുമ്പോള്‍ കാണികള്‍ കൂവി വിളിച്ചും പരിഹസിച്ചിരുന്നു.