WTC Final: ഐപിഎല്ലിനിടെ രഹാനെ പറഞ്ഞു, ഇപ്പോള്‍ അത് സംഭവിച്ചിരിക്കുന്നു! വീഡിയോ വൈറല്‍
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യ പൊരുതുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 469 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 296 റണ്‍സില്‍ അവസാനിച്ചു. 200നുള്ളില്‍ ഒതുങ്ങുമെന്ന് തോന്നിച്ച ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായത് അജിന്‍ക്യ രഹാനെയുടെ ബാറ്റിങ്ങാണ്. ആറ് മാസത്തിലേറെ പുറത്തിരുന്ന് രഹാനെ നടത്തിയ തിരിച്ചുവരവ് വെറുതെയല്ലെന്ന് പ്രകടനം കൊണ്ട് തെളിയിക്കുകയാണ്.
ഇന്ത്യയുടെ ടോപ് ഓഡര്‍ നിരാശപ്പെടുത്തിയപ്പോള്‍ നിര്‍ണ്ണായകമായ 89 റണ്‍സാണ് രഹാനെ നേടിയത്. 11 ഫോറും 1 സിക്‌സും ഉള്‍പ്പെടെയായിരുന്നു രഹാനെയുടെ ക്ലാസിക് ഇന്നിങ്‌സ്. ശര്‍ദുല്‍ ഠാക്കൂറും (51) രവീന്ദ്ര ജഡേജയും (48) ഭേദപ്പെട്ട പ്രകടനം തന്നെ കാഴ്ചവെച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കായി ഫിഫ്റ്റി നേടുന്ന ആദ്യത്തെ താരമാവാനും രഹാനെക്കായി. ഇപ്പോഴിതാ ഐപിഎല്ലിനിടെ രഹാനെ പറഞ്ഞത് ഇപ്പോള്‍ അദ്ദേഹം നടത്തി കാട്ടിയിരിക്കുകയാണ്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമായിരുന്ന രഹാനെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് കാഴ്ചവെച്ചത്. ഐപിഎല്ലിലെ മത്സര ശേഷം രഹാനെ സംസാരിക്കവെ 'എന്റെ ഏറ്റവും മികച്ചത് ഇതുവരെ വന്നിട്ടില്ല' എന്നാണ് രഹാനെ പറഞ്ഞത്. അത് രഹാനെ തമാശക്ക് പറഞ്ഞതാണെന്ന് കരുതിയെങ്കില്‍ അങ്ങനെ ചിന്തിച്ചവര്‍ക്ക് തെറ്റിയെന്നാണ് ആരാധകര്‍ പറയുന്നത്. കാരണം രഹാനെയുടെ കരിയറിലെത്തന്നെ അവിസ്മരണീയ പ്രകടനമാണ് താരം ഇപ്പോള്‍ ഓവലില്‍ കാഴ്ചവെച്ചിരിക്കുന്നത്.
ഇതിന് മുമ്പ് നിരവധി സെഞ്ച്വറി പ്രകടനങ്ങളടക്കം നടത്തിയിട്ടുണ്ടെങ്കിലും രഹാനെയുടെ 89 റണ്‍സ് പ്രകടനത്തിന്റെ തട്ട് ഉയര്‍ന്നിരിക്കും. കാരണം ഇന്ത്യ വലിയ തകര്‍ച്ചയെ മുന്നില്‍ക്കണ്ട സാഹചര്യത്തിലാണ് രഹാനെയുടെ ക്ലാസിക് ഇന്നിങ്‌സ്. വലിയ സമ്മര്‍ദ്ദമുള്ള ഫൈനലില്‍ ഓസ്‌ട്രേലിയയുടെ കരുത്തുറ്റ ബൗളര്‍മാരെ നേരിട്ടാണ് രഹാനെ ഫിഫ്റ്റി നേടിയത്. ഇന്ത്യക്ക് തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കിയത് ഈ പ്രകടനമാണെന്ന് പറയാം.
രഹാനെ സെഞ്ച്വറി അര്‍ഹിച്ചിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ ഈ നേട്ടത്തിലേക്കെത്താനായില്ല. 11 റണ്‍സകലെ പാറ്റ് കമ്മിന്‍സ് രഹാനെയെ പുറത്താക്കുകയായിരുന്നു. ക്ഷമയോടെയുള്ള ക്ലാസിക് ഇന്നിങ്‌സ് കളിച്ച് ഇന്ത്യയുടെ രക്ഷകനായ രഹാനെയെ വാഴ്ത്തുകയാണ് ആരാധകര്‍. ആറ് മാസത്തോളം രഹാനെ പുറത്തിരുന്നത് വെറുതേ മടങ്ങാനല്ലെന്നും ഇനിയും രണ്ട് വര്‍ഷമെങ്കിലും ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തനായി രഹാനെ തുടരുമെന്നുമാണ് ആരാധകരുടെ വിലയിരുത്തല്‍.

രഹാനെയുടെ പ്രകടനത്തില്‍ സിഎസ്‌കെ ആരാധകരും ഹാപ്പിയാണ്. മോശം ഫോമിനെത്തുടര്‍ന്ന് ആര്‍ക്കും വേണ്ടാതെ തഴയപ്പെട്ട രഹാനെയെ സിഎസ്‌കെ ഒപ്പം കൂട്ടുകയും മികച്ച ഫോമിലേക്കെത്തിക്കുകയും ദേശീയ ടീമിലേക്കുള്ള മടങ്ങിവരവിന് വഴിയൊരുക്കുകയുമായിരുന്നു. അതുകൊണ്ട് തന്നെ രഹാനെയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ സിഎസ്‌കെ ആരാധകരെല്ലാം വലിയ സന്തോഷത്തിലാണ്. വിദേശത്തെ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനാണ് രഹാനെയെന്നാണ് ആരാധക പക്ഷം.
സിഎസ്‌കെയ്ക്കായി 326 റണ്‍സടിച്ച രഹാനെ അവസാന രഞ്ജി ട്രോഫിയില്‍ 600ലധികം റണ്‍സും അടിച്ചെടുത്തിരുന്നു. ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമിലേക്കും രഹാനെയെ പരിഗണിക്കണമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. രഹാനെ അര്‍ഹിച്ച ബഹുമാനവും ആദരവും ലഭിക്കാത്ത താരമാണെന്നും വിരാട് കോലിക്ക് ശേഷം ടെസ്റ്റ് നായകന്‍ ആവേണ്ടിയിരുന്നത് രഹാനെയായിരുന്നുവെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.
ഓവലില്‍ മത്സരം മുറുകുമ്പോള്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് പറയാം. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഓസ്‌ട്രേലിയ നാല് വിക്കറ്റിന് 123 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 296 റണ്‍സിന്റെ ലീഡ് ഓസീസിനുണ്ട്. ഇന്ന് ഉച്ച ഭക്ഷണത്തിന് മുമ്പ് ഓസ്‌ട്രേലിയയെ ഓള്‍ഔട്ടാക്കാന്‍ ഇന്ത്യക്ക് സാധിക്കുകയും ബാറ്റ്‌സ്മാന്‍മാര്‍ തകര്‍പ്പന്‍ പ്രകടനം നടത്തുകയും ചെയ്യാത്ത പക്ഷം ഇന്ത്യ ജയം പ്രതീക്ഷിക്കേണ്ട. അല്ലാത്ത പക്ഷം സമനിലയ്ക്കായി പൊരുതി കിരീടം പങ്കിടാനാവും ഇന്ത്യ ശ്രമിക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications