ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നും വെറ്റററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെ തഴഞ്ഞതിനെ ചോദ്യം ചെയ്തിരിക്കുകയാണ് പ്രശസ്ത കമന്റേറ്റും ആങ്കറുമായ ഹര്‍ഷ ഭോഗ്‌ലെ. പരിചയ സമ്പന്നനായ അശ്വിന്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ പിച്ചിന്റെ സ്വഭാവവും മൂടിക്കെട്ടിയ കാലാവസ്ഥയും പരിഗണിച്ച് നാലു പേസര്‍മാരെ കളിപ്പിക്കാന്‍ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.
ഏക സ്പിന്നറായി ഇന്ത്യ കളിപ്പിച്ചത് ഓള്‍റൗണ്ടര്‍ കൂടിയായ രവീന്ദ്ര ജഡേജയെ ആയിരുന്നു. ഫാസ്റ്റ് ബൗളര്‍മാരായി മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരും കളിച്ചു. പക്ഷെ അശ്വിനെ ഇന്ത്യ ഉറപ്പായും കളിപ്പിക്കേണ്ടതായിരുന്നുവെന്നാണ് പലരുടെയും അഭിപ്രായം. ട്വിറ്ററിലൂടെയായിരുന്നു അശ്വിനെ ഒഴിവാക്കിയ ഇന്ത്യയുടെ നീക്കത്തെ ഹര്‍ഷ ഭോഗ്‌ലെ ചേദ്യം ചെയ്തത്.

അല്‍പ്പം തണുപ്പ്, അല്‍പ്പം പച്ചപ്പ്, അല്‍പ്പം മേഘാവൃതവുമാണ്. ഡബ്ല്യുടിസിയുടെ ഈ സൈക്കിളിലെ ഏറ്റവും മികച്ച ബൗളര്‍ക്കു ഗെയിം ലഭിച്ചില്ല എന്നതില്‍ ഖേദം തോന്നുന്നു. പക്ഷെ ഇന്ത്യ യോഗ്യത നേടിയിട്ടുളള സാഹചര്യങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് സാഹചര്യങ്ങള്‍ എന്നായിരുന്നു ആര്‍ അശ്വിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ ഹര്‍ഷ ഭോഗ്‌ലെയുടെ ട്വീറ്റ്. അദ്ദേഹത്തിന്റെ ട്വീറ്റിനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തു വരികയും ചെയ്തിട്ടുണ്ട്.
കളിക്കാരെ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ പൊളിറ്റിക്‌സാണുള്ളത്. ഏതു സാഹചര്യമായാലും മൂന്നു പേസര്‍മാരെയും രണ്ടു സ്പിന്നര്‍മാരെയും കളിപ്പിക്കുന്നതാണ് ഏറ്റവും നല്ല തീരുമാനം. രണ്ടു ലോകോത്തര സ്പിന്നര്‍മാര്‍ ഇലവനിലുണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍ ബൗളര്‍മാരെ റൊട്ടേറ്റ് ചെയ്യാന്‍ ടീമിനു സാധിക്കും. സ്വിങ് ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചാണെങ്കില്‍പ്പോലും ഈ കോമ്പിനേഷനാണ് ബെസ്റ്റെന്നും ചിലര്‍ പ്രതികരിച്ചു.
ലോകത്തിലെ നമ്പര്‍ വണ്‍ ബൗളര്‍ ഇടംകൈയന്‍മാര്‍ക്കെതിരേ ഒന്നിനും കൊള്ളാത്തവനാണെന്നാണ് രോഹിത് ശര്‍മ സ്വന്തം തീരുമാനത്തിലൂടെ പ്രഖ്യാപിക്കുന്നത്. ആര്‍ അശ്വിന്‍ ഇന്ത്യയുടെ ക്യാപ്റ്റനാവുകയാണെങ്കില്‍ ആകാശത്തു അല്‍പ്പമെങ്കിലും മേഘം കണ്ടാല്‍ സ്വിങ്, സീം ബൗളിങിനെതിരേ കളിക്കാനറിയില്ലെന്നു പറഞ്ഞ് രോഹിത് ശര്‍മയെ ടീമില്‍ നിന്നൊഴിവാക്കണം.
ലോകത്തിലെ നമ്പര്‍ വണ്‍ ബൗളര്‍ക്കു ഈ പിച്ചില്‍ നന്നായി ബൗള്‍ ചെയ്യാന്‍ സാധിക്കില്ലേ? ഡബ്ല്യുടിസിയില്‍ ഇത്തവണ ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളറാണ് ആര്‍ അശ്വിന്‍. അദ്ദേഹത്തിനു ടേണിങ് പിച്ചുകളില്‍ മാത്രമേ ബൗള്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നു കരുതുന്നവരോടു സഹതാപം തോന്നുന്നുവെന്നും ഹര്‍ഷ ഭോഗ്‌ലെയുടെ ട്വീറ്റിനു താഴെ ചിലര്‍ കുറിച്ചു.