ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ആവേശകരമായ അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ വലിയ വിവാദമാകുന്നത് ശുബ്മാന്‍ ഗില്ലിനെ പുറത്താക്കാന്‍ കാമറൂണ്‍ ഗ്രീനെടുത്ത ക്യാച്ചാണ്. 19 പന്തില്‍ 18 റണ്‍സെടുത്ത ഗില്ലിനെ സ്‌കോട്ട് ബോളണ്ടിന്റെ പന്തില്‍ സ്ലിപ്പില്‍ ഗ്രീന്‍ പിടികൂടുകയായിരുന്നു. ഗ്രീന്‍ സാഹസപ്പെട്ടെടുത്ത ക്യാച്ചില്‍ അദ്ദേഹത്തിന്റെ കൈയിലെ പന്ത് മൈതാനത്ത് തട്ടിയെന്നാണ് ആരോപണമുയര്‍ന്നത്.
ഫീല്‍ഡ് അംപയര്‍ തേര്‍ഡ് അംപയര്‍ക്ക് തീരുമാനം കൈമാറിയപ്പോഴും ഔട്ടാണെന്ന വിധിയാണെത്തിയത്. പിന്നാലെ തന്നെ ഇത് വലിയ വിവാദമായി. കൃത്യമായ പരിശോധന നടത്താതെയാണ് തേര്‍ഡ് അംപയര്‍ ഔട്ട് വിളിച്ചതെന്നാണ് വലിയൊരു വിഭാഗം ആരാധകരും പ്രതികരിച്ചത്. പല പ്രമുഖരും ഇതേ അഭിപ്രായവുമായി രംഗത്തെത്തിയതോടെ ഗ്രീനിനെതിരേയും തേര്‍ഡ് അംപയര്‍ക്കെതിരേയും ശക്തമായ വിമര്‍ശനം ഉയര്‍ന്നു.

അംപയറുടെ തീരുമാനം തെറ്റായിരുന്നുവെന്ന തരത്തില്‍ ശുബ്മാന്‍ ഗില്ലും പ്രതികരിച്ചതോടെ വിവാദം കത്തിക്കയറി. ഇപ്പോഴിതാ ശുബ്മാന്‍ ഗില്ലിന്റെ വാദം തെറ്റാണെന്നും കാമറൂണ്‍ ഗ്രീനെടുത്തത് കൃത്യമായ ക്യാച്ചാണെന്നും അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്. അതിന്റെ കാരണവും പോണ്ടിങ് വ്യക്തമാക്കിയിട്ടുണ്ട്.
'ഞാന്‍ ഇത് തത്സമയം കണ്ടുകൊണ്ടിരുന്നതാണ്. അവനത് കൃത്യമായി കൈയിലൊതുക്കിയിട്ടുണ്ട്. എന്നാല്‍ ഇതിന് ശേഷമുള്ള ആക്ഷന്റെ റിപ്ലേയിലൂടെ കൃത്യമായി തീരുമാനമെടുക്കുക പ്രയാസമാണ്. എന്നാല്‍ അവന്‍ പന്ത് കൃത്യമായി കൈയിലാക്കിയ ശേഷമാണ് പന്ത് മൈതാനത്തില്‍ തട്ടിയതായി തോന്നുന്നത്. ഇത് ക്യാച്ച് പൂര്‍ത്തിയാക്കിയ ശേഷമാണ്. അതുകൊണ്ട് തന്നെ ഇത് വിക്കറ്റാണ്.
മൈതാനത്ത് തട്ടുന്നതിന് എട്ട് ഇഞ്ച് മുകളില്‍നിന്നുതന്നെ ക്യാച്ച് പൂര്‍ത്തിയാക്കിയിട്ടുണ്ട്'- ഐസിസിയോട് സംസാരിക്കവെ പോണ്ടിങ് പറഞ്ഞു. എന്നാല്‍ ഗ്രീന്‍ പന്ത് കൈയിലാക്കിയത് മൈതാനത്തില്‍ പന്ത് തട്ടിയ നിലയിലാണെന്നാണ് ഭൂരിപക്ഷം ആളുകളുടെയും അഭിപ്രായം. പന്ത് സൂം ചെയ്തു നോക്കാന്‍ തേര്‍ഡ് അംപയര്‍ തയ്യാറായില്ലെന്നും ഏകപക്ഷീയമായ തീരുമാനമാണ് എടുത്തതെന്നുമാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്. ഇതോടെ രൂക്ഷ വിമര്‍ശനവും ആരാധകര്‍ ഉയര്‍ത്തി.
ഗില്‍ മികച്ച രീതിയില്‍ കളിക്കവെയാണ് ഈ പുറത്താകല്‍. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് പെട്ടെന്ന് ഇത് ഉള്‍ക്കൊള്ളാനായില്ല. തേര്‍ഡ് അംപയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബ്രോ നേരത്തെയും ഇന്ത്യക്കെതിരേ തെറ്റായ വിധികള്‍ നടത്തി വിവാദത്തിലായിട്ടുള്ള അംപയറാണ്. കെറ്റില്‍ബ്രോ ഓണ്‍ഫീല്‍ഡ് അംപയറായ പല നോക്കൗട്ട് മത്സരങ്ങളിലും ഇന്ത്യ പുറത്തായിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കെറ്റില്‍ബ്രോ അംപയറാവരുതെന്നായിരുന്നു ആരാധകര്‍ ആഗ്രഹിച്ചിരുന്നത്.
ഫീല്‍ഡ് അംപയറായി ഇല്ലാതിരുന്നിട്ടും തേര്‍ഡ് അംപയറായെത്തിയ കെറ്റില്‍ബ്രോ ഇന്ത്യയുടെ വില്ലനായിരിക്കുകയാണ്. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഗില്ലിന്റേത് ഔട്ടല്ലെന്ന് പറയാം. അംപയറെ സംബന്ധിച്ചും ഇത്തരം സാഹചര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രയാസമാണ്. മൈതാനത്ത് പന്ത് തട്ടിയ സാഹചര്യം വിലയിരുത്തുമ്പോള്‍ ബാറ്റ്‌സ്മാന് അനുകൂലമായായിരുന്നു വിധിക്കേണ്ടിയിരുന്നത്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ തീരുമാനം ബൗളര്‍ക്കനുകൂലമായി.

'ഇന്ത്യന്‍ ആരാധകര്‍ ഇതിനെക്കുറിച്ച് നിരവധി സംസാരങ്ങള്‍ നടത്തുന്നുണ്ടാവുമെന്ന് എനിക്കുറപ്പാണ്. ഓസ്‌ട്രേലിയക്കാരെക്കാള്‍ ഇത് കൂടുതല്‍ ചര്‍ച്ച ചെയ്യുക ഇന്ത്യക്കാരാവും. ഇന്ത്യയുള്ളവരെല്ലാം ഇത് നോട്ടൗട്ടാണെന്ന് കരുതുമ്പോള്‍ ഓസ്‌ട്രേലിയക്കാരെല്ലാം ഇത് ഔട്ടാണെന്ന നിഗമനത്തിലാണ്. ഇത്തരം സാഹചര്യത്തില്‍ കൃത്യമായ തീരുമാനമുണ്ടാവാന്‍ ശക്തമായ തെളിവുകള്‍ ആവിശ്യമാണ്. പക്ഷെ അത്തരം തെളിവ് ഈ പുറത്താകലിലുണ്ടെന്ന് തോന്നുന്നില്ല.
സോഫ്റ്റ് സിഗ്നല്‍ നല്‍കാതിരുന്ന സാഹചര്യത്തില്‍ തേര്‍ഡ് അംപയര്‍ ഔട്ടാണെന്ന തീരുമാനത്തിലേക്കെത്തി. ഇത് വളരെ കൃത്യമായ തീരുമാനമായിരുന്നുവെന്ന് തന്നെയാണ് കരുതുന്നത്'- പോണ്ടിങ് കൂട്ടിച്ചേര്‍ത്തു. എന്തായാലും ഗില്ലിന്റെ പുറത്താകലില്‍ ആരാധകര്‍ രണ്ടുതട്ടിലാണെന്ന് പറയാം. ഇന്ത്യ തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ഈ പുറത്താകല്‍ വീണ്ടും വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കാന്‍ സാധ്യതയുണ്ട്.