ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായ വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതിനെതിരേ ആരാധകരോഷം. കരിയറിലെ ആദ്യത്തെ ഐസിസി ഫൈനല്‍ കളിക്കാനിറങ്ങിയ അദ്ദേഹം നിരാശാജനകമായ പ്രകടനത്തോടെ പുറത്താവുകയായിരുന്നു. അഞ്ചു റണ്‍സ് മാത്രമേ 15 ബോളുകളില്‍ നിന്നും ഭരതിനു നേടാനായുള്ളൂ.
ഒരു ബൗണ്ടറി പോലും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നില്ല. പരിക്കേറ്റ് വിശ്രമിക്കുന്ന റിഷഭ് പന്തിന്റെ പകരക്കാരനായിട്ടാണ് ഭരതിനു ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായി നറുക്കുവീണത്. പക്ഷെ മികച്ച പ്രകടനത്തോടെ ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള താരം അദ്ദേഹം പാഴാക്കുകയായിരുന്നു.

മൂന്നാംദിനം ആദ്യത്തെ ഓവറിലെ രണ്ടാമത്തെ ബോളില്‍ തന്നെ ആറാമനായി കെഎസ് ഭരത് പുറത്തായി മടങ്ങുകയായിരുന്നു. പേസര്‍ സ്‌കോട്ട് ബോളന്‍ഡിനായിരുന്നു വിക്കറ്റ്. ഗുഡ് ലെങ്ത് ബോളായിരുന്നു ബോളന്‍ഡ് പരീക്ഷിച്ചത്. പക്ഷെ ഭരത് പ്രതിരോധിക്കാന്‍ പകുതി മാത്രമേ മുന്നോട്ടുവന്നുള്ളൂ. ബാറ്റിനും പാഡിനുമിടയിള്ള ഗ്യാപ്പിലൂടെ ബോള്‍ സ്റ്റംപുകളിലേക്കു തുളഞ്ഞുകയറുകയായിരുന്നു. നിസ്സഹായനായി ഗ്രൗണ്ടില്‍ ഇരുന്നുപോയ ഭരത് കടുത്ത നിരാശയോട ഗ്രൗണ്ട് വിടുകയുമായിരുന്നു.
ഫൈനലിനു മുമ്പ് തന്നെ പല മുന്‍ താരങ്ങളും ക്രിക്കറ്റ് പണ്ഡിതരും കെഎസ് ഭരതിനെ കളിപ്പിക്കരുതെന്നും പകരം ഇഷാന്‍ കിഷനെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ടെസ്റ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ലാത്ത താരമാണ് ഇഷാന്‍. പക്ഷെ റിഷഭ് പന്തിനെപ്പോലെ ചടുലമായ ബാറ്റിങുമായി ഇഷാന് ബാറ്റിങില്‍ ഇംപാക്ടുണ്ടാക്കാന്‍ കഴിയുമെന്നും അതിനാല്‍ അദ്ദേഹത്തെ പരീക്ഷിക്കണമെന്നുമായിരുന്നു പലരും ചൂണ്ടിക്കാട്ടിയത്.
പക്ഷെ നേരത്തേ കുറച്ചു ടെസ്റ്റുകളില്‍ കളിച്ച് പരിചയമുള്ളതിനാല്‍ തന്നെ ഭരതില്‍ വിശ്വാസമര്‍പ്പിക്കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. പക്ഷെ ഈ തീരുമാനത്തോടു നീതി പുലര്‍ത്താന്‍ അദ്ദേഹത്തിനായില്ല. ഇതിനു പിന്നാലെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഭരതിനെതിരേ ആഞ്ഞടിച്ചത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വെറും 37 മാത്രമാണ് കെഎസ് ഭരതിന്റെ ശരാശരി.വെറുമൊരു ശരാശരി താരം മാത്രമാണ് അദ്ദേഹം. ഇങ്ങനെയൊരാളെയാണ് ഡബ്ല്യുടിസി ഫൈനലില്‍ ഇന്ത്യ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാക്കിയിരിക്കുന്നത്. ഇതിലും വലിയ ദുരന്തം വേറെയെന്താണുള്ളത്?
ടെസ്റ്റ് കരിയറില്‍ ഇതുവരെ കളിച്ചിട്ടുള്ള ഇന്നിങ്‌സുകളില്‍ കെഎസ് ഭരതിന്റെ സ്‌കോര്‍ 8, 6, 23*, 17, 3, 44, 5 എന്നിങ്ങനെയാണ്. എത്ര മോശം കരിയറാണ് അദ്ദേഹത്തിന്റേത്. റിഷഭ് പന്തിന്റെ ബാക്കപ്പായി ഇങ്ങനെയൊരാളെ കളിപ്പിക്കാന്‍ ധൈര്യം കാണിച്ച ബിസിസിഐയെ സമ്മതിക്കണം എന്നിങ്ങനെയാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ഈ കാരണം കൊണ്ടു തന്നെ ഫൈനലില്‍ കെഎസ് ഭരതിനു പകരം ഇഷാന്‍ കിഷനെ ഇന്ത്യ കളിപ്പിക്കണമെന്നു പലരും അഭിപ്രായപ്പെട്ടത്. പക്ഷെ ടീം മാനേജ്‌മെന്റ് ഇഷാനില്‍ വിശ്വാസമര്‍പ്പിക്കാന്‍ തയ്യാറായില്ല. റിഷഭ് പന്തിന്റെ ബാക്കപ്പായി ഭരതിനെ ഇനി ടീമിലുള്‍പ്പെടുത്തരുത്.

ഇഷാന്‍ കിഷനാണ് കൂടുതല്‍ ഭേദപ്പെട്ട ഓപ്ഷന്‍. കൂടാതെ സഞ്ജു സാംസണിനെയും ടെസ്റ്റില്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്. റെഡ് ബോള്‍ ക്രിക്കറ്റില്‍ ഭരത്, ഇഷാന്‍ എന്നിവരേക്കാള്‍ മികച്ച ശരാശരിയുള്ള സഞ്ജു തീര്‍ച്ചയായും അവസരം അര്‍ഹിക്കുകയും ചെയ്യുന്നുവെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.
റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ഇതു കെഎസ് ഭരതിന്റെ അവസാനത്തെ മല്‍സരമായിരിക്കണം. ഇനിയൊരു മല്‍സരം കൂടി കളിപ്പിച്ച് ബിസിസിഐ ചൂതാട്ടം നടത്തരുത്. ഡബ്ല്യുടിസിയുടെ അടുത്ത സൈക്കിളില്‍ ഇഷാന്‍ കിഷനെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും സഞ്ജു സാംസണിനെ ബാക്കപ്പുമാക്കണം. രണ്ടു പേരെയും മാറി മാറി പരീക്ഷിക്കണം. കൂടുതല്‍ മികച്ച പ്രകടനം നടത്തുന്നയാളെ റിഷഭ് പന്ത് തിരിച്ചെത്തിയാല്‍ ബാക്കപ്പ് ആക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.