For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

WTC Final: ധോണി ലെവലോ ഭരത്? റിവ്യു തീരുമാനത്തില്‍ മിടുക്കന്‍, രോഹിത്തിനെ രക്ഷിച്ചു

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സിനു ശേഷം ഏറ്റവുമധികം വിമര്‍ശനങ്ങളും പരിഹാസങ്ങളും നേരിട്ടത്ത് വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതാണ്. ബാറ്റിങിലെ മോശം പ്രകടനം കാരണമായിരുന്നു ഇത്. ടീം പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കെ ക്രീസിലെത്തിയ അദ്ദേഹം 15 ബോളില്‍ അഞ്ചു റണ്‍സ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇഷാന്‍ കിഷനെ ആയിരുന്നു ഫൈനലില്‍ ഇന്ത്യ കളിപ്പിക്കേണ്ടിയിരുന്നതെന്നു ആരാധകര്‍ ചൂണ്ടിക്കാട്ടിയത്. ബാറ്റിങില്‍ ക്ലിക്കായില്ലെങ്കിലും വിക്കറ്റിനു പിന്നില്‍ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇതിന്റെ ക്ഷീണം തീര്‍ക്കുകയാണ് ഭരത്.

വിക്കറ്റ് കീപ്പിങില്‍ പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനമാണ് കരിയറിലെ ആദ്യത്തെ ഐസിസി ഫൈനല്‍ കളിക്കുന്ന കെഎസ് ഭരത് കാഴ്ചവയ്ക്കുന്നത്. ക്യാച്ചുകളെടുക്കുന്ന കാര്യത്തില്‍ മാത്രല്ല, റിവ്യു തീരുമാനങ്ങളിലും അദ്ദേഹത്തിന്റെ ഇടപെടല്‍ പ്രശംസനീയമാണെന്നു കാണാം. ഒരുപാട് അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കളിച്ച് പക്വതയുള്ള വിക്കറ്റ് കീപ്പറെപ്പോലെയാണ് ഭരത് കാണപ്പെടുന്നത്. ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് ഇതു വലിയ മുതല്‍ക്കൂട്ടായി മാറുകയും ചെയ്തു.

KS BHARAT

ദുഷ്‌കരമായ റിവ്യു തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ കെഎസ് ഭരതിന്റെ ഇടപെടല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. ക്യാച്ചുകളുടെയും എല്‍ബിഡബ്ല്യുവിന്റെയും കാര്യത്തിലുമെല്ലാം ഭരതിന്റെ നിഗമനം വളരെ കൃത്യമായിരുന്നു. ഈ കാരണത്താല്‍ തന്നെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു റിവ്യു എടുക്കുക എളുപ്പമായി തീര്‍ന്നു. ബൗളറേക്കാള്‍ ഭരതിന്റെ വാക്കുകളിലാണ് അദ്ദേഹം വിശ്വാസമര്‍പ്പിച്ചത്. അതു തെറ്റിയതുമില്ല. റിവ്യു എടുക്കുന്നതില്‍ ടീമിലെ സീനിയര്‍ കളിക്കാരുടെ പോലും വിശ്വാസം നേടിയെടുക്കാന്‍ കെഎസ് ഭരതിനു സാധിച്ചു.

വിക്കറ്റിനു പിന്നിലെയും, റിവ്യു തീരുമാനങ്ങളുടെയും കാര്യത്തില്‍ കെഎസ് ഭരതിനെ പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. എംഎസ് ധോണിയുടെ നിലവാരത്തിലേക്കുയരാന്‍ കഴിയുന്ന വിക്കറ്റ് കീപ്പറാണ് കെഎസ് ഭരത്. ബാറ്റിങില്‍ കൂടി ശ്രദ്ധിക്കുകയാണെങ്കില്‍ റെഡ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി ദീര്‍ഘകാലം കളിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. ഇഷാന്‍ കിഷനേക്കാള്‍ മികച്ച വിക്കറ്റ് കീപ്പറാണ് ഭരതെന്നു ഉറപ്പിച്ചു പറയാമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

KS BHARAT

ഇഷാന്‍ കിഷനെ പുറത്ത് ഇരുത്തി കെഎസ് ഭരതിനെ ഇന്ത്യ എന്തുകൊണ്ടാണ് ഫൈനലില്‍ കളിപ്പിച്ചതെന്നു ഇപ്പോള്‍ മനസ്സിലായില്ലേ? ഇംഗ്ലണ്ടിലെ തന്റെ ആദ്യത്തെ ടെസ്റ്റ് മല്‍സരമാണ് കെഎസ് ഭരത് കളിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും ആദ്യ ഇന്നിങ്‌സില്‍ കുറഞ്ഞ സ്‌കോറിനു പുറത്തായതിന്റെ പേരില്‍ അദ്ദേഹം ക്രൂശിക്കപ്പെട്ടു. ഒരുപാട് അനുഭവസമ്പത്തുള്ള സീനിയര്‍ താരങ്ങളും ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. അതുകൊണ്ടു തന്നെ ഭരതിനേക്കാള്‍ അവരാണ് വിമര്‍ശിക്കപ്പെടേണ്ടതെന്നും ആരാധകര്‍ പറയുന്നു.

മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ എംഎസ് ധോണി കരിയറിന്റെ തുടക്കത്തില്‍ ഇത്ര മികച്ച വിക്കറ്റ് കീപ്പറായിരുന്നോ? ഒരു ധോണി ആരാധകനെന്ന നിലയില്‍ സത്യസന്ധമായി പറയുകയാണെങ്കില്‍ ഭരത് അദ്ദേഹത്തേക്കാള്‍ മിടുക്കനാണ്. കെഎസ് ഭരത് തീര്‍ച്ചയായും പ്രശംസയര്‍ഹിക്കുന്നു. ബാറ്റിങ് മാറ്റി നിര്‍ത്തിയാല്‍ മറ്റെല്ലാം ഫൈനലില്‍ വളരെ മികച്ച രീതിയിലാണ് അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഓസ്‌ട്രേലിയ വമ്പന്‍ ലീഡ് മല്‍സത്തില്‍ സ്വന്തമാക്കിക്കഴിഞ്ഞു. നാലാംദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോല്‍ ഓസീസ് ആറു വിക്കറ്റിനു 201 റണ്‍സെന്ന നിലയിലാണ്. നാലു വിക്കറ്റുകള്‍ കൈയിലിരിക്കെ അവര്‍ ഇപ്പോള്‍ 374 റണ്‍സിനു മുന്നിലാണ്. അലെക്‌സ് ക്യാരിയും (41) മിച്ചെല്‍ സ്റ്റാര്‍ക്കുമാണ് ക്രീസില്‍.

Story first published: Saturday, June 10, 2023, 17:06 [IST]
Other articles published on Jun 10, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+