ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയ 469 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 151 റണ്‍സെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് ശേഷിക്കെ ഓസ്‌ട്രേലിയയെക്കാള്‍ 318 റണ്‍സ് പിന്നിലാണ് ഇന്ത്യയുള്ളത്. ഇന്ത്യയുടെ ടോപ് ഓഡറിലെ നാല് പ്രമുഖ ബാറ്റ്‌സ്മാന്‍മാരും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
രോഹിത് ശര്‍മ (15), ശുബ്മാന്‍ ഗില്‍ (13), ചേതേശ്വര്‍ പുജാര (14), വിരാട് കോലി (14), രവീന്ദ്ര ജഡേജ (48) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ടാം ദിനം ഇന്ത്യ ബൗളിങ്ങില്‍ കരുത്തുകാട്ടുകയും 500ന് മുകളില്‍ പോകേണ്ടിയിരുന്ന ഓസീസ് സ്‌കോര്‍ബോര്‍ഡിനെ 469ലേക്കൊതുക്കുകയും ചെയ്തു. എന്നാല്‍ ബാറ്റിങ്ങിലാണ് ഇന്ത്യ കളി മറന്നത്. രണ്ടാം ദിനം ഇന്ത്യക്ക് സംഭവിച്ച മൂന്ന് പിഴവുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ബാറ്റിങ് നിരയുടെ ശ്രദ്ധക്കുറവാണ് എടുത്തു പറയേണ്ടത്. ചേതേശ്വര്‍ പുജാരയും ശുബ്മാന്‍ ഗില്ലും പുറത്തായ രീതി തന്നെ ഇതിന് ഉദാഹരണമാണ്. രണ്ട് പേരും ഷോട്ടിന് ശ്രമിക്കാതെ പന്ത് ലീവ് ചെയ്തപ്പോള്‍ ക്ലീന്‍ബൗള്‍ഡായി പുറത്താവുകയായിരുന്നു. പന്തിന്റെ ദിശ മനസിലാക്കുന്നതില്‍ ഇരുവരും പരാജയപ്പെട്ടു. പിച്ചില്‍ പന്ത് സ്വിങ് ചെയ്ത് സ്റ്റംപിലേക്കെത്തുന്ന സാഹചര്യം തുടക്കം മുതലുണ്ടായിരുന്നു. എന്നിട്ടും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ജാഗ്രത കാട്ടിയില്ലെന്നതാണ് വസ്തുത.
രണ്ട് മാസത്തോളം ഐപിഎല്‍ കളിച്ച ശേഷമാണ് ഇന്ത്യ ഇംഗ്ലണ്ടിലേക്കെത്തിയത്. ഫൈനലിന് മുമ്പ് ഇംഗ്ലണ്ടില്‍ ആവിശ്യത്തിന് പരിശീലനമോ സന്നാഹ മത്സരം കളിക്കാനുള്ള സാഹചര്യമോ ഇന്ത്യക്കില്ലായിരുന്നു. ഇത് തിരിച്ചടിയായി മാറി. ഐപിഎല്ലില്‍ നിന്ന് ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് ഗിയര്‍ മാറിയപ്പോള്‍ പെട്ടെന്ന് പൊരുത്തപ്പെടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കായില്ല. ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാരുടെ ഷോട്ട് സെലക്ഷനുകളില്‍ പലതും ടെസ്റ്റിന് അനുയോജ്യമായതായിരുന്നില്ല.
വിരാട് കോലിയെ ബൗണ്‍സറില്‍ കുരുക്കിയത് ഇതിന് തെളിവാണ്. കോലിയെപ്പോലെ വലിയ കണക്കുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരത്തിന് ഇംഗ്ലണ്ടില്‍ വലിയ അനുഭവസമ്പത്തുമുണ്ട്. എന്നാല്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗണ്‍സറില്‍ കോലി ബാറ്റുവെച്ച് പുറത്തായി. ഐപിഎല്ലിലെ വേഗ ഷോട്ടുകളുടെ സ്വാധീനം ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കുണ്ടായിരുന്നു. മിക്കവരും നിലയുറപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിച്ചിന്റെ സാഹചര്യത്തോട് പൊരുത്തപ്പെടുന്നതില്‍ പരാജയപ്പെട്ടു.
മൂന്നാമത്തെ കാര്യം ഇന്ത്യന്‍ ഓപ്പണര്‍മാരുടെ അമിത ആക്രമണോത്സകതയാണ്. രോഹിത് ശര്‍മയുടെയും ശുബ്മാന്‍ ഗില്ലിന്റെയും പ്രകടനത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷവെച്ചിരുന്നു. എന്നാല്‍ രണ്ട് പേരും പെട്ടെന്ന് റണ്‍സുയര്‍ത്താനുള്ള ശ്രമമാണ് നടത്തിയത്. രോഹിത് ശര്‍മ പുറത്താവുമ്പോള്‍ 6 ഓവറില്‍ 30 റണ്‍സ് ഇന്ത്യക്കുണ്ടായിരുന്നു. 26 പന്ത് നേരിട്ട് രണ്ട് ബൗണ്ടറിയാണ് രോഹിത് നേടിയത്. ഗില്‍ 15 പന്തില്‍ 13 റണ്‍സും നേടി.

ഇരുവരും പുറത്തായത് നല്ല പന്തുകളിലായിരുന്നെങ്കിലും ഷോട്ട് സെലക്ഷനില്‍ വലിയ പാളിച്ചയുണ്ട്. ഇന്‍സ്വിങ്ങറില്‍ എവിടെ ബാറ്റുവെക്കണമെന്നത് രോഹിത് മറന്നു. ശുബ്മാന്‍ ഗില്‍ ഷോട്ടിന് പോലും ശ്രമിച്ചില്ല. പിച്ചിലെ ഇന്‍സ്വിങ്ങറുകളോട് പൊരുത്തപ്പെടാന്‍ ഇരുവര്‍ക്കുമായില്ല. ഇന്ത്യ 30 റണ്‍സില്‍ നില്‍ക്കവെ രണ്ട് ഓപ്പണര്‍മാരും പുറത്തായതോടെ ടീം വലിയ സമ്മര്‍ദ്ദത്തിലേക്ക് കൂപ്പുകുത്തുകയും ബാറ്റിങ് തകര്‍ച്ച നേരിടുകയുമായിരുന്നു.
രണ്ടാം ദിനം ബാറ്റിങ്ങില്‍ ഇന്ത്യക്ക് അല്‍പ്പം ആശ്വാസമായത് രവീന്ദ്ര ജഡേജയുടെ പ്രകടനമാണ്. 51 പന്തില്‍ 48 റണ്‍സാണ് ജഡേജ നേടിയത്. പതിവ് ശൈലിയില്‍ കസറിയ ജഡേജ 7 ഫോറും 1 സിക്‌സും പറത്തി. നതാന്‍ ലിയോണിന്റെ പന്തില്‍ സ്ലിപ്പില്‍ സ്റ്റീവ് സ്മിത്തിന് ക്യാച്ച് നല്‍കിയാണ് ജഡേജ പുറത്തായത്. തുടര്‍ച്ചയായ പേസാക്രമണത്തില്‍ നിന്ന് സ്പിന്നിലേക്കെത്തിയപ്പോള്‍ പൊരുത്തപ്പെടാന്‍ ജഡേജക്ക് സാധിക്കാതെ പോവുകയായിരുന്നു.