മുംബൈ: ലോക ക്രിക്കറ്റിലെ കരുത്തന്മാരുടെ നിരയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. എല്ലാ കാലത്തും ഇതിഹാസങ്ങളെന്ന് വിളിക്കാവുന്ന നിരവധി താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടായിട്ട്. നിലവിലെ ഇന്ത്യന്‍ ടീമിലേക്ക് വന്നാല്‍ തന്നെ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, രാഹുല്‍ തുടങ്ങിയ അതുല്യ പ്രതിഭകളെ കാണാന്‍ സാധിക്കും. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും പരമ്പരകള്‍ നേടുന്ന ടീമായി മാറാന്‍ സമീപകാലത്ത് ഇന്ത്യക്കായി. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടി.
ഇംഗ്ലണ്ടിനെ വിറപ്പിച്ച് പരമ്പര പങ്കിടാനായി. ഇങ്ങനെയെല്ലാം നേട്ടങ്ങളുണ്ടെങ്കിലും ഐസിസി കിരീടത്തിലേക്ക് വരുമ്പോള്‍ കുറച്ചുനാളുകളായി ഇന്ത്യയുടെ അലമാര കാലിയാണ്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം കളിച്ച ഐസിസി ടൂര്‍ണമെന്റുകളിലൊന്നും കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. അവസാനമായി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ തോറ്റിരിക്കുകയാണ്. നോക്കൗട്ട് മത്സരങ്ങളില്‍ തോല്‍ക്കുന്നത് ഇന്ത്യ ശീലമാക്കിയിരിക്കുകയാണെന്ന് പറയാം.

എന്തുകൊണ്ടാണ് നോക്കൗട്ട് മത്സരങ്ങളില്‍ ഇന്ത്യ പിന്നോട്ട് പോകുന്നത്? ഇന്ത്യയുടെ തോല്‍വിയെ സ്വാധീനിക്കുന്ന മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം. ഒന്നാമത്തെ കാര്യം ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിലെ പാളിച്ചയാണ്. ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തെറ്റായ തീരുമാനങ്ങള്‍ പല നോക്കൗട്ട് മത്സരത്തിലും ഇന്ത്യക്ക് തിരിച്ചടി നല്‍കിയിട്ടുണ്ട്. ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് വരുമ്പോള്‍ രണ്ട് പിഴവുകള്‍ എടുത്തുകാട്ടാനാവും.
ഒന്നാം നമ്പര്‍ സ്പിന്നര്‍ ആര്‍ അശ്വിനെ പുറത്തിരുത്തി ഇന്ത്യ ഉമേഷ് യാദവിനെ കളിപ്പിച്ചതും ഇഷാന്‍ കിഷനില്‍ വിശ്വാസം അര്‍പ്പിക്കാതെ കെ എസ് ഭരത്തിനെ പരിഗണിച്ചതും ഇന്ത്യക്ക് തിരിച്ചടിയായി. പരിശീലകനും ക്യാപ്റ്റനും കാട്ടുന്ന അതിബുദ്ധി സമീപകാലത്തെ നോക്കൗട്ട് മത്സരങ്ങളില്‍ ഇന്ത്യയെ പിന്നോട്ടടിക്കുന്ന കാരണങ്ങളിലൊന്നാണ്. 2019ലെ ഏകദിന ലോകകപ്പില്‍ അമ്പാട്ടി റായിഡുവിനെ ഇന്ത്യ ടീമില്‍ നിന്ന് തഴഞ്ഞത് മറ്റൊരു ഉദാഹരണമാണ്.
ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുപ്പില്‍ കൂടുതല്‍ കൃത്യത വരണം. പിച്ചിന്റെ സാഹചര്യം അനുസരിച്ച് ടീമില്‍ മാറ്റം വരുത്താന്‍ ഇന്ത്യക്ക് സാധിക്കേണ്ടത് അത്യാവശ്യമാണ്. രണ്ടാമത്തെ കാര്യം താരങ്ങളുടെ ഫിറ്റ്‌നസും അമിത മത്സരക്രമവുമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെപ്പോലെ തുടര്‍ച്ചയായി പരമ്പര കളിക്കുന്ന മറ്റൊരു ടീമുമില്ലെന്ന് പറഞ്ഞാലും തെറ്റില്ല. ആവിശ്യത്തിന് വിശ്രമം ഇന്നത്തെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ പല പ്രമുഖ താരങ്ങളും പരിക്കിന്റെ പിടിയിലാവുന്നു.
നിലവിലെ ഇന്ത്യന്‍ ടീമിലേക്ക് വന്നാല്‍ കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം പരിക്കേറ്റ് ടീമിന് പുറത്താണ്. ഇവരെല്ലാം ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നവരാണ്. തുടര്‍ച്ചയായി പരമ്പര കളിക്കുന്നത് കൂടാതെ രണ്ട് മാസം ഐപിഎല്ലും കളിക്കുന്നു. ഇന്ത്യയുടെ എല്ലാ സൂപ്പര്‍ താരങ്ങളും ഐപിഎല്ലില്‍ ഒരു മത്സരം പോലും മുടക്കാതെ പരമാവധി കളിക്കാന്‍ ശ്രമിക്കാറുണ്ട്. ഇതോടെ ആവിശ്യത്തിന് വിശ്രമം ലഭിക്കാതെ വരികയും ഫിറ്റ്‌നസിനെ ബാധിക്കുകയും ചെയ്യുന്നു.

വിദേശത്ത് നടക്കുന്ന നോക്കൗട്ട് മത്സരങ്ങളില്‍ ഇന്ത്യക്ക് ആവിശ്യത്തിന് പരിശീലനം ലഭിക്കുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. അവസാന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലൂടെത്തന്നെ ഇത് വ്യക്തമാവും. ഐപിഎല്ലിന് ശേഷം ഇംഗ്ലണ്ടിലേക്കെത്തിയ ഇന്ത്യ ഒരാഴ്ചത്തെ പരിശീലനം മാത്രം നടത്തിയാണ് ഫൈനലിനിറങ്ങിയത്. സന്നാഹ മത്സരം പോലും കളിക്കാന്‍ സാധിച്ചില്ല. അതേ സമയം ഓസീസിന്റെ പല പ്രമുഖ താരങ്ങളും നേരത്തെ തന്നെ ഇംഗ്ലണ്ടിലെ സാഹചര്യത്തില്‍ പരിശീലനം നടത്തിയിരുന്നു.
ഇന്ത്യയിലെ സാഹചര്യവും വിദേശത്തെ സാഹചര്യവും വളരെ വ്യത്യാസമുള്ളതാണ്. അതുകൊണ്ട് തന്നെ വിദേശത്തുനടക്കുന്ന പ്രധാന മത്സരങ്ങള്‍ക്ക് മുമ്പ് രണ്ടാഴ്ച്ചത്തെ പരിശീലനമെങ്കിലും ഇന്ത്യക്കാവശ്യമാണ്. അല്ലാത്ത പക്ഷം ഇന്ത്യക്ക് വീണ്ടും നാണംകെടേണ്ടി വരും. ഇനി ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പാണ് വരാനിരിക്കുന്നത്. ഇതില്‍ ഇന്ത്യക്ക് കപ്പിലേക്കെത്താനാവുമോയെന്നത് കാത്തിരുന്ന് കാണാം.