ലണ്ടന്‍: തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഫൈനലില്‍ ഇന്ത്യ തോറ്റിരിക്കുകയാണ്. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റ ഇന്ത്യ ഇത്തവണ ഓസ്‌ട്രേലിയയോടാണ് തലകുനിച്ചിരിക്കുന്നത്. 209 റണ്‍സിന്റെ വമ്പന്‍ തോല്‍വിയോടെയാണ് ഓസീസിന് മുന്നില്‍ ഇന്ത്യ അടിയറവു പറഞ്ഞത്. ശക്തമായ താരനിരയുമായി ഇറങ്ങിയിട്ടും മികച്ചൊരു പോരാട്ടം പോലും നടത്താന്‍ ഇന്ത്യക്കായില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്.
അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഷെഡ്യൂള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അടുത്ത ചാമ്പ്യന്‍ഷിപ്പില്‍ 19 മത്സരമാണ് ഇന്ത്യ കളിക്കുന്നത്. ഇതില്‍ വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ എവേ മത്സരമാണ്. നിലവിലെ ടീമുമായി ഇന്ത്യക്ക് അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ഇറങ്ങാനാവില്ല. വലിയ മാറ്റങ്ങള്‍ത്തന്നെ ടീമിലാവശ്യമാണ്. ഇന്ത്യ വരുത്തേണ്ട നാല് മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഒന്നാമതായി നായകന്‍ മാറണം. രോഹിത് ശര്‍മയുമായി അടുത്ത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനിറങ്ങാനാവില്ല. അടുത്ത ടെസ്റ്റ് നായകനായി ആര് വരണമെന്നത് ഇന്ത്യയെ സംബന്ധിച്ച് പ്രധാന ചോദ്യമാണ്. രോഹിത് ശര്‍മ, വിരാട് കോലി, അജിന്‍ക്യ രഹാനെ എന്നിവരെ നായകന്മാരാക്കാന്‍ ഇനി സാധിച്ചേക്കില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പുതിയ നായകന്‍ വേണം. മൂന്ന് സാധ്യതകളാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ഒന്നാമത്തെ താരം കെ എല്‍ രാഹുലാണ്.
രോഹിത്, കോലി എന്നിവരെപ്പോലെ തന്നെ ഇന്ത്യ സ്ഥാനം കല്‍പ്പിക്കുന്ന താരമാണ് രാഹുല്‍. നിലവില്‍ പരിക്കേറ്റ് പുറത്തുള്ള രാഹുല്‍ തിരിച്ചെത്തുമ്പോള്‍ അദ്ദേഹത്തെ പരിഗണിക്കാവുന്നതാണ്. പരിക്കിന് ശേഷം മടങ്ങിവരുന്ന റിഷഭ് പന്താണ് മറ്റൊരു താരം. ടെസ്റ്റിലെ ഇന്ത്യയുടെ മാച്ച് വിന്നറായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ നായകനായി പരിഗണിക്കാവുന്നതാണ്. മറ്റൊരാള്‍ ജസ്പ്രീത് ബുംറയാണ്. പരിക്കേറ്റ് വിശ്രമത്തിലുള്ള ബുംറയും ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരിച്ചുവരേണ്ടതായുണ്ട്.
വേണമെങ്കില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഇന്ത്യക്ക് നായകനാക്കാം. എന്നാല്‍ ഇതിന് സാധ്യത കുറവാണ്. യുവതാരം ശുബ്മാന്‍ ഗില്ലിനും നായകനാവാന്‍ കുറച്ചുകൂടി കാത്തിരിക്കണം. രാഹുല്‍ മടങ്ങിയെത്തിയാല്‍ ശുബ്മാന്‍ ഗില്‍-കെ എല്‍ രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ടിനെ ഇന്ത്യക്ക് പരിഗണിക്കാവുന്നത്. ബാക്കപ്പ് ഓപ്പണര്‍മാരായി റുതുരാജ് ഗെയ്ക് വാദിനെയും യശ്വസി ജയ്‌സ്വാളിനെയും വളര്‍ത്തണം. യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്ക് കടന്നുവരേണ്ടത് അത്യാവശ്യമാണ്.
ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെ കൂടുതല്‍ പിന്തുണക്കണം. കെ എസ് ഭരത്തിനെ റിഷഭിന്റെ ബാക്കപ്പാക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യില്ല. മധ്യനിരയില്‍ ഭയമില്ലാതെ ബാറ്റുചെയ്യുന്നവനെയാണ് വേണ്ടത്. ഇടം കൈയനെന്ന നിലയില്‍ ഇഷാന്‍ കിഷനെ ഇന്ത്യക്ക് വളര്‍ത്താവുന്നതാണ്. സഞ്ജു സാംസണെ ടെസ്റ്റിലേക്ക് പിന്തുണക്കാന്‍ സാധ്യത കുറവാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്ന താരങ്ങളെയും ഇന്ത്യക്ക് കീപ്പറായി പരിഗണിക്കാവുന്നതാണ്.

മറ്റൊരു പ്രധാന പ്രശ്‌നം പേസ് ഓള്‍റൗണ്ടറുടെ അഭാവമാണ്. ബെന്‍ സ്‌റ്റോക്‌സ്, കാമറൂന്‍ ഗ്രീന്‍ എന്നിവരെപ്പോലെയൊരു താരത്തെയാണ് ഇന്ത്യക്കാവശ്യം. എന്നാല്‍ നിലവില്‍ ഇന്ത്യക്ക് ഇങ്ങനെയൊരു താരമില്ല. ഹര്‍ദിക് പാണ്ഡ്യ ഇനി ടെസ്റ്റ് കളിക്കാന്‍ സാധ്യതയില്ല. അതുകൊണ്ട് തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് മികച്ചൊരു പേസ് ഓള്‍റൗണ്ടറെ ഇന്ത്യ കണ്ടെത്തേണ്ടതായുണ്ട്. ഹര്‍ദിക്കിനെ ഇന്ത്യ പരിമിത ഓവറിലെ നായകനായി വളര്‍ത്താനാവും പദ്ധതിയിടുക.
ഏറെ നാളുകളായി ഇന്ത്യക്കുള്ള മറ്റൊരു പ്രധാന പ്രശ്‌നം ഇടം കൈയന്‍ പേസറുടെ അഭാവമാണ്. മികവ് കാട്ടാന്‍ ശേഷിയുള്ള ഇടം കൈയന്‍ പേസറെ ഇന്ത്യ വളര്‍ത്തണം. ഉമേഷ് യാദവിന്റെ കാലം കഴിഞ്ഞു. ഇനിയൊരു തിരിച്ചുവരവ് അദ്ദേഹത്തിന് പ്രയാസം. അര്‍ഷദീപ് സിങ്ങിനെ ഇന്ത്യ ടെസ്റ്റിലേക്ക് പരിഗണിച്ചാലും ഗുണം ചെയ്‌തേക്കില്ല. അതുകൊണ്ട് തന്നെ ആഭ്യന്തര ക്രിക്കറ്റില്‍ ശോഭിക്കുന്ന മികച്ച ഇടം കൈയന്‍ പേസറെ ഇന്ത്യ വളര്‍ത്തേണ്ടതായുണ്ട്.