ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയ ഇന്ത്യന്‍ ടീമിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ആന്‍ഡി റോബര്‍ട്ട്‌സ്. ഇംഗ്ലണ്ടിലെ ഓവലില്‍ നടന്ന കലാശക്കളിയില്‍ ഓസ്‌ട്രേലിയയോടു 209 റണ്‍സിനാണ് ഇന്ത്യന്‍ ടീം തകര്‍ന്നടിഞ്ഞത്. ഡബ്ല്യുടിസി ഫൈനലില്‍ ഇന്ത്യയുടെ തുടര്‍ച്ചയായി രണ്ടാമത്തെ പരാജയം കൂടിയായിരുന്നു ഇത്. 2021ലെ പ്രഥമ സീസണിലെ ഫൈനലില്‍ ന്യൂസിലാന്‍ഡ് എട്ടു വിക്കറ്റിനു ഇന്ത്യയെ കെട്ടുകെട്ടിച്ചിരുന്നു.
ഐസിസി ട്രോഫിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള സുവര്‍ണാവസരം കൂടിയാണ് ഇന്ത്യ ഇത്തവണയും നഷ്ടപ്പെടുത്തിയത്. ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ഇന്ത്യയുടെ നില പരുങ്ങലിലായിരുന്നു. മറുപടിയില്‍ രണ്ടിന്നിങ്‌സുകളിലും ഇന്ത്യന്‍ ബാറ്റിങ് നിര സമ്പൂര്‍ണ പരാജയമായി മാറി. 300 റണ്‍സ് പോലും രണ്ടിന്നിങ്‌സുകളിലും തികയ്ക്കാന്‍ ഇന്ത്യക്കായില്ല.

444 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ അവസാന ദിനം ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ 250 റണ്‍സിനുള്ളില്‍ ഓള്‍ഔട്ടാവുകയും ചെയ്തു. 2013ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ശേഷം വീണ്ടുമൊരു ഐസിസി ട്രോഫി സ്വന്തമാക്കാനുള്ള അവസരം എട്ടു തവണയാണ് ഇന്ത്യ പാഴാക്കിയത്. രണ്ടു ഡബ്ല്യുടിസി ഫൈനലുകളും ഇതിലുള്‍പ്പെടും.
രൂക്ഷമായിട്ടാണ് ഇന്ത്യന്‍ ടീമിനെ വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ കൂടിയായ ആന്‍ഡി റോബര്‍ട്ട്‌സ് വിമര്‍ശിച്ചത്. ഇന്ത്യന്‍ ടീമിനു അഹങ്കാരവും അമിത ആത്മവിശ്വാസവുമാണെന്നും ഫൈനലില്‍ തകരുമെന്നു തനിക്കു അറിയാമായിരുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. ഇന്ത്യ ക്രിക്കറ്റിലേക്കു ധാര്‍ഷ്ട്യം കടന്നു കയറിയിരിക്കുകയാണ്. ഇതു കാരണം ലോകത്തിലെ മറ്റുള്ളവരെയെല്ലാം അവര്‍ വില കുറച്ചു കാണുകയും ചെയ്യുന്നു.
തങ്ങളുടെ ശ്രദ്ധ എന്തിലാണെന്നു ഇന്ത്യ തീര്‍ച്ചയായും തീരുമാനിക്കേണ്ടതുണ്ട്. ടെസ്റ്റ് ക്രിക്കറ്റ്, പരിമിത ഓവര്‍ ക്രിക്കറ്റ് ഇതില്‍ ഏതിനാണ് മുന്‍ഗണനയെന്നു ഇന്ത്യ ആലോചിക്കണം, ടി20 ക്രിക്കറ്റ് അതിന്റെ ഗതിക്കു പോവും. ഡബ്ല്യുടിസി ഫൈനലില്‍ ബാറ്റും ബോളും തമ്മില്‍ ശരിയായ പോരാട്ടം പോലും നടന്നില്ലെന്നും മിഡ് ഡേ (Mid day)യോടു ആന്‍ഡി റോബര്‍ട്ട്‌സ് പറഞ്ഞു.
ഫൈനലില്‍ ഇന്ത്യ തങ്ങളുടെ ബാറ്റിങ് കരുത്ത് പ്രദര്‍ശിപ്പിക്കുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അജിങ്ക്യ രഹാനെ വീറോടെ പോരാടിയെങ്കിലും മറ്റൊരു മികച്ച പ്രകടനവും ഇന്ത്യന്‍ ടീമില്‍ എനിക്കു കാണാന്‍ സാധിച്ചില്ല. കൈയ്ക്കു പരിക്കേറ്റിട്ടും ഇതു വകവയ്ക്കാതെയായിരുന്നു രഹാനെ ബാറ്റ് ചെയ്തത്. നല്ല ഷോട്ടുകള്‍ കളിക്കുമ്പോള്‍ ശുഭ്മന്‍ ഗില്‍ മിടുക്കനായി തോന്നും.

പക്ഷെ അവന്‍ ലെഗ് സ്റ്റംപിലാണ് സ്‌ട്രൈക്ക് നേരിടുമ്പോള്‍ നില്‍ക്കുന്നത്. ഈ കാരണത്താല്‍ പലപ്പോഴും ബൗള്‍ഡാവുകയും വിക്കറ്റിനു പിന്നില്‍ ക്യാച്ചാവുകയും ചെയ്യുന്നു. നല്ല കൈകളാണ് ഗില്ലിന്റേത്, ബോളിനു പിറകെ വരാന്‍ ശ്രദ്ധിക്കണം. ആദ്യ ഇന്നിങ്‌സില്‍ വളരെ ദുഷ്‌കരമായ ബോളായിരുന്നു വിരാട് കോലിക്കു ലഭിച്ചത്. വളരെ മികച്ച കളിക്കാര്‍ ഇന്ത്യന്‍ നിരയിലുണ്ട്. പക്ഷെ വിദേശത്തു അവര്‍ക്കു അത്ര നന്നായി പെര്‍ഫോം ചെയ്യാനായിട്ടില്ലെന്നും ആന്‍ഡി റോബര്‍ട്ട്‌സ് വിലയിരുത്തി.
ടെസ്റ്റില്‍ ഇതുവരെ ഒരു ടീമും വിജയകരമായി ചേസ് ചെയ്തിട്ടില്ലാത്ത 444 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു ഓസ്‌ട്രേലിയ നല്‍കിയത്. നാലാംദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യക്കു അതു സാധിക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. കാരണം മൂന്നു വിക്കറ്റിനു 164 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ഇന്ത്യ കളി അവസാനിപ്പിച്ചത്. ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ജയിക്കാന്‍ 280 റണ്‍സ് മതിയായിരുന്നു.
പക്ഷെ അഞ്ചാം ദിനം ആദ്യ സെഷനില്‍ തന്നെ 70 റണ്‍സിനിടെ ശേഷിച്ച ഏഴു വിക്കറ്റുകളും ഇന്ത്യ കളഞ്ഞുകുളിക്കുകയായിരുന്നു. ഇന്ത്യന്‍ ടീം 444 റണ്‍സ് ചേസ് ചെയ്യുമെന്നു താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നു ആന്‍ഡി റോബര്‍ട്ട്‌സ് വ്യക്തമാക്കി. എനിക്കു ഇന്ത്യക്കു മേല്‍ യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. അവര്‍ തകരുമെന്ന് എനിക്കറിയാമായിരുന്നു. രണ്ടിന്നിങ്‌സുകളിലും ബാറ്റിങ് മോശമായിരുന്നെന്നു അദ്ദേഹം തുറന്നടിച്ചു.